“ദീപാവലി വെടിക്കെട്ട്”: ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ റെക്കോർഡ് സ്കോറുമായി മലയാളി

ബാറ്റിംഗ് റെക്കോർഡുമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഔദ്യോഗിക സ്കോറിംഗ് വെബ്സൈറ്റിൽ ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ് സിഡ്നിയിലെ ഒരു മലയാളി കളിക്കാരൻ.

Cricket record

Source: Supplied: Asif Mohsin

ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന താരമാണ് വിൽ പുകോവ്സ്കി.
Will Pucovski
Source: AAP Image/Dean Lewins
ഷെഫീൽഡ് ഷീൽഡിൽ തുടർച്ചയായ രണ്ടു ഇരട്ട സെഞ്ച്വറികൾ നേടിയ ഈ വിക്ടോറിയൻ ഓപ്പണർ, ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം പിടിച്ചതോടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു.

എന്നാൽ, ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെ ഔദ്യോഗിക സ്കോറിംഗ് വെബ്സൈറ്റായ ൽ വിൽ പുകോവ്സ്കി ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.

സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ പട്ടികയിൽ പുകോവ്സ്കിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമത് എത്തിയിരിക്കുന്നത് ഒരു മലയാളി കളിക്കാരനാണ്.

മൂന്നാം ഡിവിഷൻ മത്സരങ്ങൾ കളിക്കുന്ന ആസിഫ് മുഹ്സിൻ.
Cricket score
Source: Screenshot from MyCricket.com website
50 ഓവർ മത്സരത്തിൽ പുറത്താകാതെ 273 റൺസുമായാണ് ആസിഫ് മുഹ്സിൻ മികച്ച പ്രകടനങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുന്നത്.

സിഡ്നി മോർണിംഗ് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള മൂന്ന്-നാല് ഡിവിഷൻ മത്സരങ്ങളിൽ കളിക്കുന്ന മലബാർ യൂണൈറ്റഡ് ടീമിലെ അംഗമാണ് ആസിഫ്.

കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തിൽ ഫൈൻ ലെഗ്സ് ഇലവൻ ടീമിനെതിരെയായിരുന്നു ഈ 36കാരന്റെ റെക്കോർഡ് പ്രകടനം.
ഓപ്പണറായി ബാറ്റിംഗിനിറങ്ങിയ ആസിഫ്, 50 ഓവർ പൂർത്തിയായപ്പോൾ 20 സിക്സറുകളും, 21 ബൗണ്ടറികളുമായാണ് 273 റൺസ് നേടിയത്.
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ പുതിയ തരംഗമായ വിൽ പുകോവ്സ്കിക്കൊപ്പം ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് കീഴിലെ വെബ്സൈറ്റിൽ പേരു കാണുന്നത് ഏറെ അഭിമാനം നൽകുന്നുവെന്ന് ആസിഫ് മുഹ്സിൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
Cricket record
Source: Asif Mohsin
“ദീപാവലി ദിനത്തിൽ മാലപ്പടക്കം കത്തിച്ചതുപോലെ” ആയിരുന്നു ഈ ബാറ്റിംഗെന്ന് നോൺ സ്ട്രൈക്കിംഗ് എൻഡിലുണ്ടായിരുന്ന ഷഹീർ അഹമ്മദ് കൈതാൽ അഭിപ്രായപ്പെട്ടു.

ഈ പ്രകടനത്തിന്റെ പിൻബലത്തിൽ മലബാർ യുണൈറ്റഡ് ടീം ഏഴു വിക്കറ്റിന് 488 റൺസ് എന്ന സ്കോറിലെത്തുകയും ചെയ്തു.

അടുത്തയാഴ്ചയായിരിക്കും എതിർ ടീമിന്റെ ബാറ്റിംഗ്.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെയും കീഴിൽ നടക്കുന്ന എല്ലാ ഔദ്യോഗിക മത്സരങ്ങളുടെയും സ്കോറിംഗ് വെബ്സൈറ്റാണ് മൈ ക്രിക്കറ്റ്.

സ്കൂൾ ക്രിക്കറ്റ് മുതൽ ഷെഫീൽഡ് ഷീൽഡ് വരെയുള്ള മത്സരങ്ങളുടെ സ്കോറും, റെക്കോർഡുകളും, പ്രകടനങ്ങളുമാണ് ഇതിൽ രേഖപ്പെടുത്തുന്നത്.

എല്ലാ ഗ്രേഡുകളിലെയും ഡിവിഷനുകളിലെയും മത്സരങ്ങൾ കണക്കിലെടുത്താലും ഈ സീസണിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഇതെന്ന് മൈ ക്രിക്കറ്റ് വെബ്സൈറ്റ് വ്യക്തമാക്കുന്നു.
സിഡ്നി മോർണിംഗ് ക്രിക്കറ്റ് അസോസിയേഷന്റെ 80 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഇതെന്ന് അസോസിയേഷനും ചൂണ്ടിക്കാട്ടി.
മുമ്പ് ടെന്നീസ് ബോൾ ക്രിക്കറ്റ് മാത്രം കളിച്ചിരുന്ന ആസിഫ് മൂന്നുവർഷം മുമ്പു മാത്രമാണ് ക്ലബ് തലത്തിൽ ഡിവിഷൻ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്.


Share

Published

Updated

By Deeju Sivadas

Share this with family and friends