ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിദ്യാർത്ഥികൾ കൊവിഡ് പ്രതിരോധ രംഗത്ത് നൽകുന്ന സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട് ഗിൽക്രിസ്റ്റും, ഡേവിഡ് വാർണറുമാണ് രംഗത്തെത്തിയിരിക്കുന്നത്.
രാജ്യാന്തര വാണിജ്യ-നിക്ഷേപക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഓസ്ട്രേലിയൻ സർക്കാർ സ്ഥാപനമായ ഓസ്ട്രേഡിൻറെ പിന്തുണയോടെ പുറത്തിറക്കിയതാണ് ഈ വീഡിയോ സന്ദേശങ്ങൾ.
ന്യൂ സൗത്ത് വെയിൽസിലെ വൊളംഗോംഗിൽ രാജ്യാന്തര വിദ്യാർത്ഥിനിയായ ഷാരൺ വർഗീസിനെ അഭിനന്ദിച്ചുകൊണ്ടാണ് ഗില്ലിയുടെ വീഡിയോ.
“ഈ പ്രതിസന്ധിഘട്ടത്തിൽ ഷാരൺ വർഗീസ് ഏജ്ഡ് കെയറിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത് കേട്ടപ്പോൾ ഏറെ സന്തോഷം തോന്നി,” ഗിൽക്രിസ്റ്റ് പറഞ്ഞു.
ഷാരൺ... ഓസ്ട്രേലിയയും ഇന്ത്യയും, അതിലുപരി നിന്റെ മാതാപിതാക്കളും ഏറെ അഭിമാനം കൊള്ളുന്ന ഒരു കാര്യമാകും ഇത്. ഗിൽക്രിസ്റ്റ്
വൊളംഗോംഗ് യൂണിവേഴ്സിറ്റിയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു കഴിഞ്ഞ മൂന്നു വർഷമായി ഷാരൺ വർഗീസ്. നഴ്സിംഗ് ബിരുദം പൂർത്തിയാക്കിയ ശേഷം വൊളംഗോംഗിലെ ഒരു ഏജ്ഡ് കെയറിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.
പഠനം പൂർത്തിയായി രജിസ്ട്രേഷൻ കിട്ടിയതോടെ ആശുപത്രിയിൽ ജോലിക്ക് ശ്രമിക്കാമെന്നാണ് ആദ്യം ചിന്തിച്ചതെന്ന് ഷാരൺ എസ് ബി എസ് മലയാളത്തോട് പറഞ്ഞു. എന്നാൽ പഠനസമയത്ത് കെയററായി ജോലി ചെയ്തിരുന്ന ഏജ്ഡ് കെയർ കേന്ദ്രത്തിൽ തുടരാമോ എന്ന് ചോദിച്ചു.
ഏജ്ഡ് കെയറിൽ ജീവിക്കുന്നവരുടെ മാനസിക സമ്മർദ്ദവും പ്രതിസന്ധികളുമൊക്കെ ഓർത്താണ് അത് സ്വീകരിച്ചതെന്ന് ഷാരൺ പറയുന്നു.
മഹാമാരിക്കാലത്ത് ഏജ്ഡ് കെയർ നഴ്സായി മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ, ഷാരന് ആ തീരുമാനത്തിൽ സന്തോഷം മാത്രം.
“ഒരുപാട് സമ്മർദ്ദമുണ്ട് ഇവിടെ. ഏജ്ഡ് കെയറിൽ ജീവിക്കുന്നവർക്ക് കുടുംബാംഗങ്ങളെ കാണാനുള്ള നിയന്ത്രണം. സന്ദർശിക്കാനെത്തുന്ന മക്കളുടെയും കൊച്ചുമക്കളുടെയുമെല്ലാം വിഷമം. അവരോട് “നോ” പറയേണ്ടി വരുന്ന സാഹചര്യം. എല്ലാം വിഷമമുണ്ടാക്കുന്നുണ്ട്.”
“പക്ഷേ, കൊറോണവൈറസ് അവർക്ക് എത്രത്തോളം അപകടകരമാകാമെന്ന് ആലോചിക്കുമ്പോൾ, അവർക്കൊപ്പം പ്രവർത്തിക്കാം എന്ന തീരുമാനത്തിൽ ഇപ്പോൾ സംതൃപ്തി തോന്നുന്നു.”
അതേ സന്തോഷവും ആവേശവുമാണ് ആഡം ഗിൽക്രിസ്റ്റിനൊപ്പമുള്ള വീഡിയോ പുറത്തുവന്നപ്പോഴും.

Source: Supplied
ഷാരനെക്കാൾ സന്തോഷമായത്, കടുത്ത ക്രിക്കറ്റ് ആരാധകനായ പപ്പക്കാണ്.
“എത്ര വലിയ നേട്ടം സ്വന്തമാക്കുമ്പോഴും അമിതമായി ആവേശം കാണിക്കാത്തയാളാണ് എന്റെ പപ്പ. പക്ഷേ ഇതാദ്യമായി പപ്പ ആവേശത്തോടെ എന്നെ അഭിനന്ദിച്ചു.”
ഓസ്ട്രേലിയയിലും ഇന്ത്യയിലുമെല്ലാമുള്ള സുഹൃത്തുക്കൾക്കിടയിൽ ഒറ്റ ദിവസം കൊണ്ട് സെലിബ്രിറ്റി ആയി മാറിയെന്നും ഷാരൺ പറയുന്നു.
ഈ കൊറോണക്കാലം കഴിയുംവരെ ഏജ്ഡ് കെയറിലെ നഴ്സായി തന്നെ തുടരാനാണ് കോട്ടയം കുറുപ്പന്തറ സ്വദേശിയായ ഷാരന്റെ തീരുമാനം.
ക്വീൻസ്ലാന്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ശ്രേയസ് സേഥിനെ അഭിനന്ദിച്ചാണ് ഡേവിഡ് വാർണർ വീഡിയോ സന്ദേശം നൽകിയത്.
പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് ഭക്ഷണപാക്കറ്റുകളും മറ്റ് സഹായങ്ങളും എത്തിക്കുന്ന യൂണിവേഴ്സിറ്റി ഔട്ട്റീച്ച് പ്രോഗ്രാമിലാണ് ശ്രേയസ് പങ്കെടുക്കുന്നത്.
ഒരു ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർത്ഥികളാണ് ഓസ്ട്രേലിയയിൽ പഠിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി സമൂഹങ്ങളിലൊന്നാണ് ഇത്.
പ്രതിസന്ധി ഘട്ടത്തിൽ ഈ വിദ്യാർത്ഥികൾ ഓസ്ട്രേലിയൻ സമൂഹത്തിന് നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനു വേണ്ടിയാണ് ഈ വീഡിയോ സന്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.