ദീർഘകാല സുഹൃത്തുക്കളാണ് ഓസ്ട്രേലിയയും ഇന്ത്യയും എന്ന പ്രസ്താവനയോടെയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ഇന്ത്യൻ സ്വാതന്ത്ര്യദിന സന്ദേശം നൽകിയത്.
ഓസ്ട്രേിയയിലെ ഇന്ത്യൻ വംശജർക്ക് നൽകിയ പ്രത്യേക സന്ദേശത്തിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യദിനാശംസകൾ നേർന്നത്.
“ഒരു ദീർഘകാല സുഹൃത്തെന്ന നിലയിൽ, ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കുചേരുകയും, ഇന്ത്യൻ ജനതയ്ക്ക് അഭിനന്ദനമറിയിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
“ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദർശനത്തിനെത്തിയപ്പോൾ ഞാൻ ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്. നമ്മുടെ സംസ്കാരങ്ങൾ വ്യത്യസ്തമാകാം, പക്ഷേ നമ്മൾ സമാനമായ പല കാര്യങ്ങളിലും വിശ്വസിക്കുന്നവരാണ്.

Scott Morrison speaks to Indian Prime Minister Narendra Modi during the 2020 Virtual Leaders Summit, June 4, 2020. Source: AAP Image/Lukas Coch
ബാലറ്റ്-ബോക്സ് ജനാധിപത്യത്തിലും, നിയമവാഴ്ചയിലും, നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിലും, മികച്ച ലോകം കെട്ടിപ്പടുക്കാനായി സ്വതന്ത്ര സമൂഹത്തിനുള്ള ഉത്തരവാദിത്തത്തിലുമെല്ലാം ഇരു രാജ്യങ്ങളും ഒരുപോലെ വിശ്വസിക്കുന്നു.
കൊറോണവൈറസ് വ്യാപിക്കുന്നത് കാരണം പതിവിലും കുറഞ്ഞ ആഘോഷങ്ങൾ മാത്രമാണ് ഇത്തവണ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനത്തിലുള്ളത്.
എല്ലാ വരർഷവും ഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇതേ തുടർന്ന് കുട്ടികളുടെ കലാപരിപാടികളുമുണ്ടാകും.
എന്നാൽ ഇത്തവണ കലാപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ചെങ്കോട്ടയിലേക്ക് ജനങ്ങൾക്കും ഇത്തവണ പ്രവേശനം അനുവദിക്കുന്നില്ല. അതിനു പകരം നിയന്ത്രിത എണ്ണം കൊവിഡ് മുന്നണി പോരാളികളാണ് ചെങ്കോട്ടയിലെ ആഘോഷങ്ങളിൽ പങ്കെടുക്കുക.

Indian army soldiers adjust the national flag on display during a full dress rehearsals of the Independence Day ceremony on the rampart of Red fort. Source: AP Photo/Manish Swarup
ഓസ്ട്രേലിയയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിലുള്ള ആഘോഷവും പരിമിതമാണ്.
സാധാരണ രീതിയിലെ കൂട്ടായ്മകൾ സാധ്യമല്ലാത്തതിനാൽ ഇത്തവണ ആഘോഷങ്ങൾ വ്യത്യസ്തമായിരിക്കുമെങ്കിലും, ഇരു രാജ്യങ്ങളും പങ്കുവയ്ക്കുന്ന മൂല്യങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളാമെന്നും സ്കോട്ട് മോറിസൻ പറഞ്ഞു.
ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജരുടെ സംഭാവനകളും അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ എടുത്തുപറഞ്ഞു.
“ഇവിടെ ജീവിക്കുന്ന ഇന്ത്യൻ വംശജരാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ദൃഢമാക്കുന്നത്. വിദ്യാർത്ഥികൾ, വിവിധ തൊഴിൽമേഖലകളിൽ നൈപുണ്യമുള്ളവർ, കുടുംബത്തോടൊപ്പം ചേരാനെത്തുന്നവർ - അങ്ങനെ ഇന്ത്യാക്കാർ ഈ രാജ്യത്തെ കൂടുതൽ സമ്പന്നമാക്കുന്നു”
പ്രതിപക്ഷ നേതാവും ഓസ്ട്രേലിയൻ ലേബർ പാർട്ടി നേതാവുമായ ആന്തണി അൽബനീസിയും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.
മഹാമാരിയുടെ കാലത്ത് ആഘോഷങ്ങൾ വേറിട്ടതായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് രണ്ടു വർഷത്തിനു ശേഷമാണ് ഇന്ത്യ സ്വതന്ത്രമായത്. ഇരുട്ടു നിറഞ്ഞ കാലത്തിനു ശേഷം ലഭിച്ച വെളിച്ചമായിരുന്നു അത്.”
ചെങ്കോട്ടയിൽ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗവും അദ്ദേഹം ഓർത്തു. ഇത്ര കാലത്തിനു ശേഷവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമായും, നാനാത്വവും ഊർജ്ജവും നിറഞ്ഞ രാജ്യമായും ഇന്ത്യ നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Australian Opposition Leader Anthony Albanese Source: AAP Image/Lukas Coch
2016 മുതൽ ഓസ്ട്രേലിയൻ കുടിയേറ്റത്തിന്റെ ഏറ്റവും പ്രധാന സ്രോതസ് ഇന്ത്യയാണെന്ന് കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ഏഴു ലക്ഷത്തോളം വരുന്ന ഇന്ത്യാക്കാരാണ് ഓസ്ട്രേലിയയിലെ മൂന്നാമത്തെ വലിയ കുടിയേറ്റ സമൂഹമെന്നും, കഴിഞ്ഞ വർഷം മാത്രം 40,000ഓളം ഇന്ത്യാക്കാർ ഓസ്ട്രേലിയൻ പൗരത്വം സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ ഓസ്ട്രേലിയയ്ക്ക് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയനും സംസ്ഥാനത്തെ ഇന്ത്യൻ വംശജർക്ക് ആശംസകൾ നേർന്നു.
കൊവിഡ് പ്രതിരോധത്തിനായി സർക്കാർ സ്വീകരിക്കുന്ന നടപടികളെ ഇന്ത്യൻ വംശജർ പൂർണമായും നടപ്പാക്കുന്നുണ്ടെന്നും, അതിനുള്ള പ്രത്യേക അഭിനന്ദനങ്ങളും ഈ ഘട്ടത്തിൽ അറിയിക്കുന്നതായും ബെറെജെക്ലിയൻ പറഞ്ഞു.