ഓസ്‌ട്രേലിയയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവര്‍ക്ക് 60 ദിവസത്തിനുള്ളില്‍ വാങ്ങിയ സാധനങ്ങളുടെ GST തുക തിരികെ നല്‍കുന്ന പദ്ധതിയാണ് ടൂറിസ്റ്റ് റീഫണ്ട് സ്‌കീം (TRS). യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലോ തുറമുഖത്തോ ആണ് ഈ റീഫണ്ട് ക്ലെയിം ചെയ്യാവുന്നത്.
2000 ജൂലൈയില്‍ ഈ പദ്ധതി കൊണ്ടുവന്ന ശേഷം ഇതുവരെ 1.6 ബില്യണ്‍ ഡോളറാണ് (160 കോടി ഡോളര്‍) ഇത്തരത്തില്‍ യാത്രക്കാര്‍ക്ക് തിരികെ നല്‍കിയിട്ടുള്ളത്. ഇതില്‍ 40 ശതമാനവും ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ് റെസിഡന്‍സി വിസയിലുള്ളവര്‍ക്കുമാണ്.
യാത്ര പുറപ്പെടുന്നതിന് 60 ദിവസത്തിനുള്ളില്‍ ഓസ്‌ട്രേലിയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ വിദേശത്ത് ഉപയോഗിക്കാനായി കൊണ്ടുപോയിരിക്കണം എന്നതാണ് നികുതി തിരികെ ലഭിക്കാനുള്ള വ്യവസ്ഥ.
ഈ ഉത്പന്നങ്ങള്‍ പിന്നീട് ഓസ്‌ട്രേലിയയിലേക്ക് തിരികെ കൊണ്ടുവരാന്‍ പാടില്ല.
അത്തരത്തില്‍ തിരികെ കൊണ്ടുവരുന്നതായി സംശംയം തോന്നിയാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പിഴയീടാക്കും എന്നാണ് നിയമം പറയുന്നത്.
എന്നാല്‍ ഇത്തരം പരിശോധന കൃത്യമായി നടക്കാറില്ല എന്ന പഴുത് മുതലെടുത്ത് പദ്ധതി വന്‍ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തിയത്.
കഴിഞ്ഞ 20 വര്‍ഷം കൊണ്ട് 500 മില്യണ്‍ ഡോളര്‍ (2500 കോടിയോളം രൂപ) ഇത്തരം തട്ടിപ്പിലൂടെ ഖജനാവിന് നഷ്ടമായെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നികുതിതുക തിരികെ വാങ്ങുന്നവര്‍ TRS വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന് ആഭ്യന്തര വകുപ്പും ടാക്‌സേഷന്‍ ഓഫീസും വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

The Tourist Refund Scheme allows people leaving Australia to claim GST back on goods purchased in the country in the past 60 days. Source: AAP
60ലേറെ രാജ്യങ്ങളില്‍ വിനോദസഞ്ചാരികള്‍ക്കു വേണ്ടിയുള്ള ഇത്തരം റീഫണ്ട് പദ്ധതിയുണ്ടെങ്കിലും, സ്വന്തം പൗരന്‍മാര്‍ക്കും സ്ഥിരം താമസക്കാര്‍ക്കും റീഫണ്ട് നല്‍കുന്ന ഏക രാജ്യം ഓസ്‌ട്രേലിയയാണെന്നും ഓഡിറ്റ് വകുപ്പ് ചൂണ്ടിക്കാട്ടി.
കൂടുതല്‍ റീഫണ്ട് നേടുന്നത് ചൈനാക്കാര്‍
കണക്കുകള്‍ സൂചിപ്പിക്കുന്നത് ഈ പദ്ധതിയിലൂടെ ഏറ്റവുമധികം റീഫണ്ട് ലഭിക്കുന്നത് ചൈനീസ് പാസ്‌പോര്‍ട്ടുള്ളവര്‍ക്കാണ് എന്നാണ്.
2017-18ല്‍ ചൈനീസ് പാസ്‌പോര്‍ട്ടുടമകള്‍ക്ക് മാത്രം 100 മില്യണ്‍ ഡോളറാണ് ഇത്തരത്തില്‍ നല്‍കിയത്.
രണ്ടാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ തന്നെയാണ്.
ഇതുവരെ നല്‍കിയിട്ടുള്ള ഏറ്റവും വലിയ റീഫണ്ട് 2011ലാണ്. 2.6 മില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ വാങ്ങിയ ഒരാള്‍ക്ക് രണ്ടര ലക്ഷം ഡോളര്‍ റീഫണ്ടായി തിരിച്ചുനല്‍കി.

People are seen lining up at Sydney Airport, Sydney. Source: AAP
കൂടിയ ബ്രാന്റുകളിലെ ഉത്പന്നങ്ങള്‍ക്കാണ് കൂടുതല്‍ ക്ലെയിമുകള്‍ ഉണ്ടാകുന്നതും. 2017-18ല്‍ ഏറ്റവും കൂടുതല്‍ ക്ലെയിം ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കായിരുന്നു. 17.2 മില്യണ്‍ ഡോളര്‍. Louis Vitton ഉത്പന്നങ്ങള്‍ക്ക് 13.8 മില്യണ്‍, Gucci ഉത്പന്നങ്ങള്‍ക്ക് 10.1 മില്യണ്‍, Chanel ഉത്പന്നങ്ങള്‍ക്ക് 9.1 മില്യണ്‍ ഇങ്ങനെയാണ് തിരികെ നല്‍കിയത്.
മാറ്റങ്ങള്‍ കൊണ്ടുവരും
ഈ തട്ടിപ്പ് തടയാന്‍ മൂന്നു നിര്‍ദ്ദേശങ്ങളും ഓഡിറ്റിംഗ് വകുപ്പ് നല്‍കിയിട്ടുണ്ട്.
ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പും ടാക്‌സേഷന്‍ ഓഫീസും അറിയിച്ചു.
തെറ്റായ ക്ലെയിമുകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതും, റീഫണ്ട് ലഭിക്കുന്ന ഉത്പന്നങ്ങള്‍ തിരികെ ഓസ്‌ട്രേലിയയില്‍ എത്തുന്നുണ്ടോ എ്ന്നു പരിശോധിക്കുന്നതും ഉള്‍പ്പെടെയായിരിക്കും ഈ മാറ്റങ്ങള്‍.