രാജ്യത്തേക്ക് തിരിച്ചെത്താനാകാതെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയക്കാരെ അടിയന്തര ഘട്ടങ്ങളിൽ സഹായിക്കാനാണ് ഫെഡറൽ സർക്കാർ വായ്പാ പദ്ധതി പ്രഖ്യാപിച്ചത്.
തിരിച്ചെത്താൻ വിമാനം ലഭിക്കുന്നതു വരെ വിദേശത്തു തന്നെ ജീവിക്കാൻ 5,000 ഡോളർ വരെയും, വിമാന ടിക്കറ്റ് എടുക്കാൻ സഹായമായി 2000 ഡോളർ വരെയുമാണ് വായ്പ നൽകുന്നത്.
രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും, മറ്റാരിൽ നിന്നും സഹായം കിട്ടാൻ മാർഗ്ഗമില്ലെന്നും തെളിയിക്കണം എന്നതാണ് ഒരു വ്യവസ്ഥ.
ഓസ്ട്രേലിയൻ പൗരൻമാർക്ക് മാത്രമാണ് വായ്പയ്ക്ക് അർഹത. കുടുങ്ങിക്കിടക്കുന്ന കുടുംബത്തിൽ ഒരാളെങ്കിലും ഓസ്ട്രേലിയൻ പൗരനാണെങ്കിൽ, ആ കുടുംബത്തിന് വായ്പ ലഭിക്കും.
വായ്പ ലഭിച്ചാലും ആറു മാസത്തിനുള്ളിൽ അത് തിരിച്ചടയ്ക്കണം. അല്ലെങ്കിൽ പാസ്പോർട്ട് റദ്ദാക്കും എന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകുന്നത്.
എന്നാൽ ഇത്രയും കടുത്ത വ്യവസ്ഥകളോടെ വായ്പ നൽകുന്നത് ആർക്കും സഹായകരമാകില്ലെന്ന വിമർശനവുമായി വിദേശത്തു കുടുങ്ങിയ നിരവധി പേർ രംഗത്തെത്തി.
ഇതൊരു “തമാശ”യും “രാഷ്ട്രീയ ആഭാസ”വുമാണെന്ന് ലണ്ടനിൽ കുടുങ്ങിക്കിടക്കുന്ന സൈക്കോളജിസ്റ്റ് സാൻഡി ജെയിംസ് കുറ്റപ്പെടുത്തി.
സർക്കാരിൽ നിന്ന് ഇത്തരമൊരു വായ്പ എടുത്ത് രാജ്യത്ത് തിരിച്ചെത്തിയാൽ പോലും ആറു മാസത്തിനുള്ളിൽ അത് തിരിച്ചടയ്ക്കാൻ കഴിയണമെന്നില്ല എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

Psychologist Sandi James said she doubted she'd be able to repay the loans. Source: Supplied
ഓസ്ട്രേലിയയിലെ തൊഴിൽ നഷ്ടവും സാമ്പത്തിക മാന്ദ്യവും കാരണം തിരിച്ചെത്തിയാലും വരുമാനം ലഭിക്കുമോ എന്ന ഉറപ്പില്ലാത്ത അവസ്ഥയിലാണ് പലരും.
തിരിച്ചെത്തുന്നവരിൽ നിന്ന് രണ്ടാഴ്ചത്തെ ഹോട്ടൽ ക്വാറന്റൈനും സംസ്ഥാന സർക്കാരുകൾ ഫീസ് ഈടാക്കുന്നുണ്ട്.
ഇത്രയും രൂക്ഷമായ സാഹചര്യത്തിൽ കടുത്ത വ്യവസ്ഥകളോടെ വായ്പ നൽകുന്നത് “ക്രൂരമായ തമാശ”യാണെന്ന് ഇന്ത്യയിൽ കുടുങ്ങിയിട്ടുള്ള ചേതൻ ഷാ എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
വിദേശത്തു കുടുങ്ങിയ ഓസ്ട്രേലിയക്കാരെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ടുള്ള സോഷ്യൽ മീഡിയ പേജുകളിലെല്ലാം രൂക്ഷമായ വിമർശനമാണ് ഈ പദ്ധതിക്കെതിരെ ഉയരുന്നത്.

Chetan Shah in happier times with his family in Sydney. Source: SBS, Supplied
ഇത്തരം ഉപയോഗരഹിതമായ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനു പകരം, വിമാന നിയന്ത്രണങ്ങൾ റദ്ദാക്കാനും, ഹോട്ടൽ ക്വാറന്റൈൻ ഫീസ് ഒഴിവാക്കാനുമാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് ഫേസ്ബുക്ക്- ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിൽ പലരും ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ പാർലമെന്റിനു മുന്നിൽ നിവേദനം സമർപ്പിച്ചിട്ടുമുണ്ട്.
23,000ഓളം ഓസ്ട്രേലിയക്കാരാണ് രാജ്യത്തേക്ക് മടങ്ങാൻ ശ്രമിച്ചിട്ടും അതിനു കഴിയാതെ വിദേശത്തു കുടുങ്ങിക്കിടക്കുന്നത്.
ഇതിൽ കൂടുതൽ പേരും ഇന്ത്യയിലാണ്.
ഹോട്ടൽ ക്വാറന്റൈൻ സമ്മർദ്ദം ഒഴിവാക്കാനായി തിരിച്ചെത്താൻ അനുവദിക്കുന്നവരുടെ എണ്ണം സർക്കാർ നിയന്ത്രിച്ചിട്ടുണ്ട്. ഒരാഴ്ച 4,000 പേരം മാത്രമാണ് അനുവദിക്കുന്നത്.