വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്റെ ഭാഗമായി ഏഴ് വിമാനങ്ങളാണ് ഓസ്ട്രേലിയയിൽ നിന്ന് ഏർപ്പെടുത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് മെൽബണിൽ നിന്ന് എയർ ഇന്ത്യ വിമാനം പുറപ്പെട്ടത്. 231 യാത്രക്കാർ വിമാനത്തിലുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഒരു കൈക്കുഞ്ഞ് ഉൾപ്പെടെയാണ് ഇത്.
യാത്രക്കാരിൽ കൂടുതലും മലയാളികൾ തന്നെയാണ്. എന്നാൽ ഡൽഹിയിലേക്കുള്ള കുറച്ചുപേരും വിമാനത്തിലുള്ള യാത്രക്കാർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
മക്കളെ സന്ദർശിക്കാനായി ഓസ്ട്രേലിയയിലെത്തിയ ശേഷം, യാത്രാ വിലക്കുമൂലം ഇവിടെ കുടുങ്ങിപ്പോയ നിരവധി മാതാപിതാക്കളാണ് വിമാനത്തിൽ തിരിച്ചുപോകുന്നത്. ഗർഭിണികൾ ഉൾപ്പെടെയുള്ള മറ്റുള്ളവർക്കും യാത്രക്ക് അവസരം ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെത്തുന്ന വിമാനം, അവിടെ നിന്ന് ഇന്ത്യൻ സമയം രാത്രി 9.30ഓടെയാകും കൊച്ചി വിമാനത്താവളത്തിലെത്തുക. തുടർന്ന് യാത്രക്കാർ 14 ദിവസത്തെ ക്വാറന്റൈനിൽ പോകേണ്ടിവരും.
എയർ ഇന്ത്യയിൽ നിന്നുള്ള അറിയിപ്പ് ലഭിക്കാൻ വൈകിയതിനാൽ ആയിരക്കണക്കിന് ഡോളർ മുടക്കിയാണ് ഓസ്ട്രേലിയയുടെ മറ്റു നഗരങ്ങളിൽ നിന്ന് മെൽബണിലേക്കെത്തിയതെന്ന് യാത്ര ചെയ്യുന്ന ചിലർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഓസ്ട്രേലിയയിൽ നിന്ന് വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള അഞ്ചാമത്തെ എയർ ഇന്ത്യ വിമാനമാണ് ഇത്. സിഡ്നിയിൽ നിന്ന് അഹമ്മദാബാദിലേക്കും തിങ്കളാഴ്ച ഒരു വിമാനം പുറപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച മെൽബണിൽ നിന്ന് ഹൈദരാബാദിലേക്കാണ് ഈ ഘട്ടത്തിലെ അവസാന വിമാനസർവീസ്
വന്ദേഭാരതിന് മൂന്നാം ഘട്ടവുമെന്ന് സർക്കാർ
വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിലാണ് ഓസ്ട്രേലിയയിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടുത്തിയിരുന്നത്.
ജൂൺ പകുതിയോടെ മിഷന്റെ മൂന്നാം ഘട്ടം തുടങ്ങുമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കഴിഞ്ഞയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 98 രാജ്യങ്ങളിൽ നിന്നായി 2.59 ലക്ഷം ഇന്ത്യാക്കാരാണ് തിരിച്ചെത്താനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 25,000ഓളം പേരെ തിരിച്ചെത്തിക്കാൻ കഴിഞ്ഞതായി ഇന്ത്യൻ സർക്കാർ അറിയിച്ചു.
മൂന്നാം ഘട്ടത്തിൽ ഓസ്ട്രേലിയയിൽ നിന്നും വിമാന സർവീസുകൾ ഉണ്ടാകുമോ എന്ന കാര്യം ഇതുവരെയും സർക്കാർ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, മൂന്നാം ഘട്ടത്തിൽ എയർ ഇന്ത്യയ്ക്ക് പുറമേ സ്വകാര്യ എയർലൈൻസുകളെയും അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് ഫിനാൻഷ്യൽ എക്സ്പ്രസ് പത്രത്തോട് പറഞ്ഞു.