സാം എബ്രഹാം എന്ന 33കാരനായ മലയാളിയെ 2015 ഒക്ടോബറിലായിരുന്നു മെൽബണിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സാധാരണ മരണം എന്ന് ഏവരും കരുതി - ഇതൊരു കേസായി കോടതിയിൽ വരുന്ന 2016 ഓഗസ്റ്റ് 19 വരെ.
ഭാര്യ സോഫിയയും സുഹൃത്ത് അരുൺ കമലാസനനും ചേർന്ന് വിഷം കൊടുത്ത് സാമിനെ കൊലപ്പെടുത്തി എന്ന കേസ് അന്നാണ് വിക്ടോറിയ പൊലീസ് ആദ്യമായി പുറത്തുവിടുന്നത്. ഒരു സാധാരണ മരണം എന്നു കരുതിയ സംഭവം പൊലീസ് എങ്ങനെയാണ് രഹസ്യമായി അന്വേഷിച്ചതെന്നും, അതെങ്ങനെ കൊലക്കേസായി കോടതിയിലെത്തി എന്നുമുള്ള കാര്യങ്ങളിലേക്ക് ഒരു പരിധി വരെ വെളിച്ചം വീശുന്നതായിരുന്നു ഇന്നു കോടതി മുറിയിൽ നടന്ന നടപടികൾ.

Melbourne Magistrate Court Source: Salvi Manish, SBS
അന്വേഷണത്തിൻറെ വഴികൾ... (കോടതിയിൽ വിശദീകരിച്ചത്)
മെൽബൺ മജിസ്ട്രേറ്റ് കോടതിയുടെ ഭാഗമായ കൌണ്ടി കോടതിയിൽ, നാലാം നന്പർ കോടതി മുറിയിലായിരുന്നു സാം വധക്കേസ്. രാവിലെ ഒന്പതരയ്ക്ക് കോടതി മുറിക്ക് മുന്നിലേക്കെത്തിയപ്പോൾ സോഫിയയുടെ സഹോദരി മാത്രമായിരുന്നു കേസുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്നത്. കേസിനെക്കുറിച്ച് ഒന്നും മാധ്യമങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് അവർ വ്യക്തമാക്കി
പത്തു മണി കഴിഞ്ഞ് കേസ് പരിഗണിച്ചു തുടങ്ങിയപ്പോൾ പ്രതികളുടെ സാന്നിദ്ധ്യമില്ലാതെ അഭിഭാഷകരുടെ വാദം മാത്രമായിരുന്നു ആദ്യ ഘട്ടത്തിൽ. വിക്ടോറിയ പോലീസിലെ ഡിറ്റക്ടീവുമാർ രഹസ്യമായി ഈ കേസന്വേഷിച്ചതിനെക്കുറിച്ചുള്ള പല കാര്യങ്ങളും ഈ ഘട്ടത്തിൽ കോടതിയിൽ ചർച്ച ചെയ്തു.
ഉറക്കത്തിനിടയിലെ സാധാരണ മരണം എന്ന നിലയിൽ ഏവരും കരുതിയിരിക്കുന്പോഴും, വിക്ടോറിയ പൊലീസിൻറെ അന്വേഷണം പിന്നാന്പുറത്ത് നടക്കുകയായിരുന്നു. അരുണും സോഫിയയും തമ്മിലുള്ള ആറായിത്തോളം ടെലിഫോൺ സംഭാഷണങ്ങളാണ് പൊലീസ് ചോർത്തിയതെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. നൂറു മണിക്കൂറിലേറെയുള്ള സംഭാഷണങ്ങൾ ഇതിലുണ്ട്. മലയാളത്തിലായിരുന്നു (ഇന്ത്യൻ ഡയലക്ട് എന്ന വാക്കാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉപയോഗിച്ചത്) ഈ സംഭാഷണങ്ങൾ.
ഇതിനു പുറമേ, ഡിറ്റക്ടീവുകൾ വ്യാജ വേഷത്തിലുള്ള അന്വേഷണവും നടത്തിയിരുന്നു എന്നാണ് കോടതിയിൽ വ്യക്തമാക്കിയത്. അറസ്റ്റ് നടക്കുന്നതിന് മുന്പുതന്നെ 37 ‘സിമുലേറ്റഡ് സെനാരിയോ’കളിലൂടെ അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളുമായി സംസാരിച്ചിരുന്നു എന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി.
വ്യാജവേഷത്തിൽ - പ്രത്യേകിച്ചും സമാനമായ കുറ്റം ചെയ്തിട്ടുള്ളവർ എന്ന വ്യാജേന - അന്വേഷണ ഉദ്യോഗസ്ഥർ പെരുമാറുന്നതാണ് സിമുലേറ്റഡ് സെനാരിയോ എന്ന് അരുൺ കമലാസനന്റെ അഭിഭാഷകൻ പിന്നീട് എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു. കുറ്റവാളികളെന്ന് സംശയമുള്ളവരുമായി ഏതെങ്കിലും സാഹചര്യങ്ങളിൽ പരിചയമുണ്ടാക്കി ഉദ്യോഗസ്ഥർ സംസാരിക്കും. സമാനമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സംഭാഷണമുണ്ടാകുന്പോൾ അവർ എങ്ങനെ പ്രതികരിക്കുന്നു എന്നറിയുന്നതിനു വേണ്ടിയാണ് വ്യാജ വേഷത്തിലെ ഇത്തരം അന്വേഷണം.
സയനൈഡ് നൽകിയാണ് സാമിനെ കൊലപ്പെടുത്തിയത് എന്ന പ്രോസിക്യൂഷൻ വാദവും ഇന്നാദ്യമായി കോടതിയിൽ വന്നു. നേരത്തേ ചില ഓസ്ട്രേലിയൻ ഇംഗ്ലീഷ് മാധ്യമങ്ങൾ അക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും തുറന്ന കോടതിയിൽ പൊലീസ് അത് അറിയിച്ചിരുന്നില്ല. എന്നാൽ, ഏതു തരത്തിലുള്ള സയനൈഡാണ് നൽകിയത്, ആ സയനൈഡ് നൽകുന്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്താണ് തുടങ്ങിയ കാര്യത്തിൽ ഇതുവരെയും വിദഗ്ധ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ആരോഗ്യമേഖലയിലുള്ള വിദഗ്ധരുടെ ഉപദേശമാണ് തേടുന്നത്.
സോഫിയയും അരുണും തമ്മിലുള്ള സംഭാഷണങ്ങളുടെയും രഹസ്യമായി ശേഖരിച്ച മറ്റു വിവരങ്ങളുടെയും ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി നൽകാൻ പ്രോസിക്യൂഷൻ കാലതാമസം വരുത്തുന്നതിനെ കോടതി വിമർശിക്കുകയും ചെയ്തു. ഇത്രയും കാലമായി രണ്ടുപേരെ റിമാൻറിലാക്കിയിരിക്കുന്പോൾ, കേസ് നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല എന്നാണ് കോടതി പറഞ്ഞത്. സെപ്റ്റംബറിലേക്ക് കേസ് നീട്ടാമെന്ന് അഭിഭാഷകർ പറഞ്ഞപ്പോൾ, അത്രയും കാലം ഇത് വലിച്ചിഴയ്ക്കാൻ കഴിയില്ല എന്ന നിലപാടെടുത്തത് കോടതിയായിരുന്നു. ഇതേത്തുടർന്നാണ് ജൂൺ 26 മുതൽ പ്രാരംഭ വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.

Melbourne Magistrate Court Source: Salvi Manish, SBS
വിതുന്പിക്കരഞ്ഞ് സോഫിയ; ശാന്തനായി അരുൺ
റിമാൻറിൽ കഴിയുന്ന സോഫിയയും അരുണും വീഡിയോ ലിങ്കിലൂടെയായിരുന്നു ഇന്ന് കോടതി നടപടികളിൽ പങ്കെടുത്തത്. 10.35ന് ആദ്യം സോഫിയ കോടതി മുറിയിലെ സ്ക്രീനിലെത്തി.
വെളുത്തനിറത്തിലുള്ള ഉടുപ്പും, അതിനു മുകളിൽ കറുത്ത കോട്ടും ധരിച്ചിരുന്ന സോഫിയ, തുടക്കം മുതൽ വിതുന്പുകയായിരുന്നു. മജിസ്ട്രേറ്റ് അഭിവാദ്യം ചെയ്തപ്പോൾ തൊണ്ടയിടറിക്കൊണ്ടായിരുന്നു സോഫിയയുടെ മറുപടി.
വാദം നടക്കുന്ന സമയം മുഴുവനും അതിൻറെ വീഡിയോ നടപടികൾ ശ്രദ്ധിച്ചിരിക്കുകയായിരുന്നു സോഫിയ. ഇടക്കു പല തവണ കൈയുയർത്തി കണ്ണീർ തുടയ്ക്കുകയും വിതുന്പുകയും ചെയ്തു.
പത്തു മിനിട്ടിനു ശേഷമാണ് അരുണിനെ വീഡിയോ ലിങ്കിലൂടെ ഹാജരാക്കിയത്. വെളുത്ത ടീഷർട്ട് ധരിച്ചെത്തിയ അരുൺ ശാന്തനായിട്ടാണ് വിഡിയോയിൽ കണ്ടത്. ശാന്തമായി തന്നെ കോടതിയോട് സംസാരിക്കുകുയം ചെയ്തു.
വിചാരണയുടെ കാര്യത്തിലെ തീരുമാനം ജൂണിൽ
കമ്മിറ്റൽ ഹിയറിംഗ് എന്ന വാദമായിരിക്കും ജൂൺ 26 മുതല്് നടക്കുക. ഈ വാദത്തിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്ന തെളിവുകളുടെ സാധുതയായിരിക്കും കോടതി പരിശോധിക്കുക. പ്രതികൾ കുറ്റം സമ്മതിക്കുന്നോ ഇല്ലയോ എന്ന മൊഴിയും ഇതോടൊപ്പം തേടും. കുറ്റം സമ്മതിക്കുന്നില്ലെങ്കിൽ, ജൂറി വിചാരണ വേണമോ എന്ന കാര്യത്തിൽ ജൂണിലെ വാദത്തിലായിരിക്കും കോടതി തീരുമാനമെടുക്കുക.