പെർത്തിൽ രാജ്യാന്തര വിദ്യാർത്ഥിയുടെ മരണം: മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിൽ മലയാളി സമൂഹം

പെർത്തിലെ കൂജീ ബീച്ചിൽ കുളിക്കാനിറങ്ങിയ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചു. മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പെർത്തിലെ മലയാളി സമൂഹം.

News

Source: Supplied/Shybu Narayanan

പെർത്തിലെ ഈഡിത്ത് കോവൻ സർവകലാശാലയിൽ വിദ്യാർത്ഥിയായിരുന്ന കെവിൻ കരിയാട്ടിയാണ് ചൊവ്വാഴ്ച്ച മുങ്ങി മരിച്ചത്.

പെർത്തിലെ കൂജീ ബീച്ചിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു 33 കാരനായ കെവിൻ.  

സംഭവ സമയത്ത് കെവിൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ സുഹൃത്ത് രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നുവെന്ന് ഈ സുഹൃത്തിന്റെ ബന്ധുവായ ഷൈബു നാരായണൻ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസിന് ചൊവാഴ്ച്ച വിവരം ലഭിച്ചുവെന്നും രക്ഷാപ്രവർത്തകർ ചേർന്ന് കരക്കെത്തിച്ചെങ്കിലും പ്രതികരിക്കുന്നിലായിരുന്നുവെന്നും വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

തുടർന്ന് ആംബുലൻസ് എത്തി ഫിയോന സ്റ്റാൻലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.

അപകടം നടന്ന സമയത്ത് ഷൈബുവിന്റെ മക്കളും കൂജീ ബീച്ചിൽ ഉണ്ടായിരുന്നു. ബീച്ച് സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിന്ന് എത്തിയതായിരുന്നു ഇവർ.

രക്ഷാപ്രവർത്തകരും പരിശീലകരും ചേർന്നാണ് മുങ്ങിയ കെവിനെ കരക്കെത്തിച്ചതെന്നാണ് അറിഞ്ഞതെന്ന്  ഷൈബു പറഞ്ഞു.

സംഭവത്തിൽ കൊറോണർ റിപ്പോർട്ട് തയ്യാറാക്കുകയാണ് പോലീസ്.  

റിപ്പോർട്ടിനായി രണ്ടാഴ്ച കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് പൊലീസിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്ന് ഷൈബു പറഞ്ഞു.

കെവിന്റെ അപ്രതീക്ഷിതമായ മരണത്തിന്റെ ഞെട്ടലിലാണ് പെർത്തിലെ മലയാളി സമൂഹം. ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇവർ.

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ വിവിധ മലയാളി കൂട്ടായ്മകൾ ആവശ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷൈബു സൂചിപ്പിച്ചു.

ഈഡിത്ത് കോവൻ സർവകലാശാലയിൽ രണ്ടാം വർഷം പ്രൊജക്റ്റ് മാനേജ്‌മന്റ് വിദ്യാർത്ഥിയായിരുന്നു കെവിൻ. സർവകലാശാലയിൽ നിന്ന് തുടർനടപടികൾക്കാവശ്യമായ വിവരങ്ങളും ഇൻഷുറൻസിന്റെ കാര്യങ്ങളുമെല്ലാം അന്വേഷിച്ച്‌ വരികയാണെന്ന് ‌മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഉപദേശക സമിതി അംഗം ജേക്കബ് സോളമൻ പറഞ്ഞു.

ആലുവ സ്വദേശിയാണ് മരിച്ച കെവിൻ. ഇദ്ദേഹത്തിന്റെ ഭാര്യയും നാല് വയസ്സുള്ള മകനും മാതാപിതാക്കൾക്കൊപ്പം ആലുവയിലാണ്.

 


Share

Published

Updated

By Delys Paul

Share this with family and friends