Highlights
- 40,000 – 60,000 വർഷം മുമ്പ് ഓസ്ട്രേലിയയിലേക്ക് മനുഷ്യർ എത്തിയത് ദക്ഷിണേന്ത്യ വഴിയാകാം എന്ന് നരവംശ ശാസ്ത്രജ്ഞർ
- നാലായിരം വർഷം മുമ്പ് ദക്ഷിണേന്ത്യക്കാർ ഓസ്ട്രേലിയയിൽ എത്തിയതിന് തെളിവുകൾ
- ദ്രാവിഡ ഭാഷകളുമായി ഓസ്ട്രേലിയൻ ആദിമവർഗ്ഗ ഭാഷകൾക്ക് സമാനതകൾ ഏറെ
എന്നാണ് ഓസ്ട്രേലിയയിലേക്ക് സജീവമായി മലയാളികൾ കുടിയേറിത്തുടങ്ങിയത്?
ഓസ്ട്രേലിയൻ ജനസംഖ്യാ രേഖകളും, പഴയകാല ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവങ്ങളും സാക്ഷ്യമായെടുത്താൽ, അര നൂറ്റാണ്ടിനപ്പുറത്തേക്ക് ഇത് നീളില്ല.
ഏറ്റവുമധികം മലയാളികൾ എത്തിയതാകട്ടെ, 2010നു ശേഷവും.
എന്നാൽ, ഇന്നത്തെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഓസ്ട്രേലിയയുമായുള്ള ബന്ധത്തിന് കുറഞ്ഞത് നാലായിരം വർഷത്തെ പഴക്കമുണ്ടെന്നാണ് ജനിതക പഠനങ്ങളും നരവംശ പഠനങ്ങളും സൂചിപ്പിക്കുന്നത്.
എന്നാൽ അതിനുമപ്പുറം, 40,000 - 60,000 ലേറെ വർഷങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയൻ വൻകരയിലേക്ക് ആദ്യമായി മനുഷ്യൻ എത്തിയത് ദക്ഷിണേന്ത്യവഴിയാണ് എന്ന സൂചനകളും നരവംശ ശാസ്ത്രജ്ഞർ നൽകുന്നു.
ഈ പ്രാചീന ബന്ധത്തിന്റെ വിശദാംശങ്ങളിലേക്കാണ് എസ് ബി എസ് മലയാളം പോകുന്നത്.
മംഗോ പുരുഷനും, മംഗോ വനിതയും
20,000 വർഷം മുമ്പ് ഹിമയുഗത്തിൽ വരണ്ടുണങ്ങിയ മംഗോ തടാകം Source: Deeju Sivadas/SBS Malayalam
സിഡ്നിയിൽ നിന്ന് 875 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായുള്ള മംഗോ നാഷണൽ പാർക്കിലാണ് ഇത്. ഈ പ്രാചീന കുടിയേറ്റത്തിന്റെ ശേഷിപ്പുകൾ തേടി എസ് ബി എസ് മലയാളം മംഗോ തടാകത്തിലേക്ക് യാത്ര ചെയ്തു .
200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന ഈ തടാകം, ഭൗമചരിത്രത്തിൽ ഏറ്റവും അവസാനമുണ്ടായ ഹിമയുഗത്തിലാണ് വറ്റിവരണ്ടത് എന്നാണ് വിലയിരുത്തൽ.
എന്നാൽ ഇവിടത്തെ മണ്ണു കണ്ടാൽ, രുചിച്ചുനോക്കിയാൽ, ഇത്രയധികം സഹസ്രാബ്ദങ്ങൾക്ക് മുമ്പ് വറ്റിവരണ്ടതാണെന്ന് തോന്നില്ല.
അടുത്തകാലത്തെന്നോ വറ്റിത്തുടങ്ങിയ ഒരു തടാകത്തിന്റെ തീരത്തുള്ളതുപോലെ, ഉപ്പുരസമുള്ള കളിമണ്ണും മണലുമാണ് ഇവിടെയിപ്പോൾ.ഓസ്ട്രേലിയയിലെ മനുഷ്യചരിത്രം പഠിക്കുമ്പോഴുള്ള ഏറ്റവും നിർണ്ണായകമായ പ്രദേശമാണ് മംഗോ തടാകം. ഓസ്ട്രേലിയയിലെ ഏറ്റവും പ്രാചീന മനുഷ്യന്റെ ശേഷിപ്പുകൾ കണ്ടെടുത്തത് ഇവിടെ നിന്നാണ്.
മംഗോ തടാകത്തിലെ വരണ്ടുണങ്ങിയ കളിമൺപാളിയും, അതിനു താഴെയുള്ള ഉപ്പുരസമുള്ള മണലും Source: Deeju Sivadas/SBS Malayalam
40,000 മുതൽ 60,000 വരെ വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു സ്ത്രീയുടെയും പുരുഷന്റെയും ഫോസിലുകളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്.
മംഗോ പുരുഷൻ എന്നും, മംഗോ വനിത എന്നുമാണ് ഇവർ അറിയപ്പെടുന്നത്.
കൈകൾ ചേർത്തുവച്ച്, ആചാരപൂർവം ഭൂമിയിൽ സംസ്കരിച്ച രീതിയിലായിരുന്നു മംഗോ പുരുഷന്റെ അസ്ഥികൂടത്തിന്റെ ഫോസിൽ. 50 വയസോളം പ്രായമുണ്ടായിരുന്ന, വാതരോഗം അലട്ടിയിരുന്ന, ഒരു നായാടിയായിരുന്നു മംഗോ പുരുഷൻ എന്നാണ് ജനിതക ശാസ്ത്രജ്ഞർ പറയുന്നത്. കുടുംബത്തിനൊപ്പം ജീവിച്ചിരുന്ന മംഗോ പുരുഷനെ അന്നത്തെ ആചാരങ്ങൾക്കനുസരിച്ചാകും സംസ്കരിച്ചതെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
1979 ൽ കണ്ടെത്തിയ മംഗോ പുരുഷന്റെ ഫോസിൽ Source: James Maurice Bowler CC BY-SA 3.0
അതായത്, 40,000 മുതൽ 60,000 വർഷങ്ങൾക്ക് മുമ്പു തന്നെ ഈ പ്രദേശത്ത് മനുഷ്യൻ ജീവിച്ചിരുന്നു എന്നാണ് ഇതിൽ നിന്ന് തെളിഞ്ഞിരിക്കുന്നത്.
ഹോമോ സാപിയൻസ് എന്ന ആധുനിക മനുഷ്യൻ ആഫ്രിക്കൻ വൻകരയിൽ നിന്ന് മംഗോ ഉൾപ്പെടെയുള്ള ഓസ്ട്രേലിയൻ പ്രദേശങ്ങളിലേക്ക് എത്തിയത് ദക്ഷിണേന്ത്യ വഴിയാണ് എന്നും ജനിതക ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
“സതേൺ റൂട്ട്” അഥവാ ദക്ഷിണ മാർഗ്ഗം എന്നാണ് ഈ കുടിയേറ്റത്തെ നരവംശ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മൈറ്റോകോൺട്രിയൽ ഡി എൻ എ പഠനത്തിൽ നിന്നുള്ള നിഗമനമാണ് ഇത്.
ദക്ഷിണേന്ത്യൻ വംശജരുടെ മൈറ്റോകോൺട്രിയൽ DNAയും, ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ DNAയും തമ്മിലുള്ള സമാനതകളുടെ അടിസ്ഥാനത്തിലേക്കാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലേക്ക് എത്തിയത്.
ആന്ത്രപ്പോളജിക്കൽ സർവേ ഒഫ് ഇന്ത്യ നടത്തിയ
പാലക്കാടൻ പനങ്കുരു – 4,000 വർഷം മുമ്പ്
ദക്ഷിണേന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള അടുത്ത കുടിയേറ്റത്തിന്റെ വ്യക്തമായ തെളിവുകൾ പുറത്തുവന്നത് 2013ലാണ്.
ലോകപ്രശസ്ത നരവംശ ഗവേഷണ കേന്ദ്രമായ ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. മാർക്ക് സ്റ്റോൺകിംഗ്, ഡോ. ഐറിന പുഗാച്ച് എന്നിവർ നടത്തിയ ജനിതക പഠനമാണ് ഇതിലേക്ക് വെളിച്ചം വീശിയത്.
ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ ജനിതക ഘടനയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരുടെ ജനിതക ഘടനകളുമായി ഇവർ നടത്തിയ താരതമ്യപഠനത്തിൽ, ഇന്ത്യൻ DNAയുമായി വ്യക്തമായ ബന്ധം കണ്ടെത്തി.
ഓസ്ട്രേലിയൻ ആദിമവർഗ്ഗ DNAയുടെ പത്തു ശതമാനത്തോളം ഇന്ത്യൻ DNAയിൽ നിന്ന് ലഭിച്ചതാണ് എന്നാണ് കണ്ടെത്തൽ.
രണ്ടു സാധ്യതകളാണ് ഇതിന് കാരണമായി ഡോ. സ്റ്റോൺകിംഗ് ചൂണ്ടിക്കാട്ടുന്നത്.ഒന്നുകിൽ ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് നേരിട്ടുണ്ടായ കുടിയേറ്റം. അല്ലെങ്കിൽ, ഇന്ത്യയിൽ നിന്നുള്ളവർ മറ്റ് സമീപ രാജ്യങ്ങളിലേക്ക്പോകുകയും, അവിടെ നിന്നുള്ളവർ പിന്നീട് ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുമായി സമ്പർക്കത്തിൽ വരികയും ചെയ്തിരിക്കാം.
പ്രൊഫസർ മാർക്ക് സ്റ്റോൺകിംഗ് Source: jrockdrigo is licensed with CC BY-NC-SA 2.0.
ഏകദേശം 4,000 വർഷം മുമ്പാകാം ഈ കുടിയേറ്റം നടന്നിട്ടുണ്ടാകുക എന്നാണ് ജനിതക പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. ഐറിന പുഗാച്ച് പറയുന്നത്.
2,300 ബി സി, അഥവാ 141 തലമുറകൾക്ക് മുമ്പു നടന്ന കുടിയേറ്റമാകാം ഇതെന്ന് ഡോ. പുഗാച്ച് ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണേന്ത്യയിൽ നിന്നാണ് ഈ ജീനുകൾ വന്നത് എന്നാണ് മാക്സ് പ്ലാങ്ക് പഠനം വ്യക്തമാക്കുന്നത്.
ഓസ്ട്രേലിയൻ ജീവിതരീതിയിൽ ഈ കാലഘട്ടത്തിൽ വന്ന പല മാറ്റങ്ങളും ഇതിനെ സാധൂകരിക്കുന്നതിനുള്ള തെളിവുകളായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
പ്രാചീന ശിലായുഗ ആയുധങ്ങളിൽ നിന്ന്, നവീന ശിലായുഗ ആയുധങ്ങളിലേക്ക് ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാർ മാറിയതും ഇതേ കാലഘട്ടത്തിലാണ് എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. ഇത് ഇന്ത്യൻ സ്വാധീനമാകാം എന്നാണ് വിലയിരുത്തൽ.
മറ്റൊന്ന് ഭക്ഷണം പാചകംചെയ്യുന്ന രീതിയാണ്. ഇപ്പോഴത്തെ കേരളവുമായുള്ള ബന്ധം വ്യക്തമായി പറയുന്ന പഠനമാണ് ഇത്.
ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ പ്രധാന ഭക്ഷണവിഭവങ്ങളിൽ ഒന്നായിരുന്നു cycad nut. അഥവാ തുടപ്പന എന്ന പനയുടെ കുരു.
വിഷാംശമുള്ള ഈ പനങ്കുരുവിൽ നിന്ന്, വിഷം ഊറ്റിക്കളഞ്ഞ ശേഷമാണ് ഭക്ഷണമായി ഉപയോഗിച്ചിരുന്നത്.ബി സി 2,000 ന് മുമ്പ് ഓസ്ട്രേലിയയുടെ വടക്കൻ ഭാഗത്തുള്ളവർ ദിവസങ്ങളോളം ഒഴുകുന്ന വെള്ളത്തിലിട്ടാണ് ഇതിന്റെ വിഷാംശം ഊറ്റിക്കളഞ്ഞതെങ്കിൽ, ആ കാലത്തിനു ശേഷം ഈ പനങ്കുരു ചുട്ടെടുക്കുന്ന രീതി ഓസ്ട്രേലിയയിലേക്കും എത്തി.
കുടപ്പനയുടെ കുരു ഭക്ഷണയോഗ്യമാക്കുന്ന ഓസ്ട്രേലിയൻ ആദിമവർഗ്ഗ സ്ത്രീ Source: Penny Tweedie/CORBIS/Corbis via Getty Images
ഇപ്പോഴത്തെ കേരളത്തിന്റെ ഭാഗമായ പാലക്കാടും തുടപ്പനയുടെ കുരു ചുട്ടെടുത്ത് ഭക്ഷണമായി ഉപയോഗിക്കുന്ന രീതിയുണ്ടെന്നും, അതാകാം ഓസ്ട്രേലിയയിലേക്ക് എത്തിയതെന്നും ഈ കുടിയേറ്റത്തെക്കുറിച്ചുള്ള ലേഖനത്തിൽ നാഷണൽ ജിയോഗ്രഫിക് ചൂണ്ടിക്കാട്ടുന്നു.
ഈ ബന്ധത്തിന്റെ മറ്റൊരു ഉദാഹരണവും നരവംശ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നുണ്ട്. അത് ഓസ്ട്രേലിയൻ കാട്ടുനായ് ആയ ഡിങ്കോയുടെ സാന്നിദ്ധ്യമാണ്.
ദക്ഷിണേന്ത്യയിൽ കാണുന്ന നാടൻ നായയുമായി ഏറെ സാമ്യമുള്ളതാണ് ഡിങ്കോ.എന്നാൽ ഓസ്ട്രേലിയയുടെ പ്രധാന ഭൂപ്രദേശത്തിനു പുറത്തുള്ള ടാസ്മേനിയയിൽ ഡിങ്കോയുടെ സാന്നിദ്ധ്യം കാണാനുമില്ല.
ഡിങ്കോ - ഇന്ത്യയുടെ പല ഭാഗങ്ങളിലും കാണുന്ന നാടൻ നായയെ പോലെയാണ്... Source: Deeju Sivadas/SBS Malayalam
ദക്ഷിണേന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തിയ ആദ്യകാല കുടിയേറ്റക്കാർക്കൊപ്പമാകാം ഡിങ്കോയും എത്തിയത് എന്നാണ് നിരവധി ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. അതേ കാലഘട്ടത്തിലാണ് ഓസ്ട്രേലിയൻ വൻകരയിൽ ആദ്യമായി ഡിങ്കോ എത്തിയത് എന്ന കാര്യവും തെളിഞ്ഞിട്ടുണ്ട്.
ഭാഷാ ബന്ധം
ഈ പ്രാചീന ബന്ധത്തിന് ഇപ്പോഴും ലഭ്യമായ തെളിവുകളാണ് ഭാഷാ പരമായ സമാനതകൾ.
മലയാളവും തമിഴും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലെ പല ശബ്ദങ്ങളും ഓസ്ട്രേലിയൻ ആദിമവർഗ്ഗ ഭാഷകളിൽ കാണാം. ശബ്ദങ്ങളിൽ മാത്രമല്ല വാക്കുകളിലും.
മംഗോ തടാകത്തിലേക്കുള്ള യാത്രയിൽ എസ് ബി എസ് മലയാളത്തിനും ഇത് നേരിട്ടു കേൾക്കാൻ കഴിഞ്ഞു.
NSWലെ ബ്രോക്കൺ ഹില്ലിൽ ആദിമവർഗ്ഗ ചിത്രകാരനായ ക്ലിന്റൻ കെംപുമായി ബൂമറാങ്ങുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഞങ്ങൾ. അവിടേക്കെത്തിയ ക്ലിന്റന്റെ ഭാര്യ, ക്ലിന്റനെ അഭിസംബോധന ചെയ്തത് "ക്ലിന്റൻ അണ്ണാ" എന്നായിരുന്നു.
ക്ലിന്റൻ കെംപ് ഭാര്യയെ തിരിച്ചുവിളിച്ചതാകട്ടെ - "അണ്ണീ" എന്നും. ഇത്തരത്തിൽ, ഓസ്ട്രേലിയയിലെ നിരവധി ആദിമവർഗ്ഗ ഭാഷകൾക്ക്, മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളുമായുള്ള സമാനതയെക്കുറിച്ച് ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ഭാഷാ അധ്യാപകനായിരുന്ന ഗണേഷ് കോരമണ്ണിൽ സംസാരിക്കുന്നത് ഇവിടെ കേൾക്കാം.
ക്ലിന്റൻ കെംപ് - ബ്രോക്കൺ ഹില്ലിലെ ആദിമവർഗ്ഗ ചിത്രകാരൻ Source: Deeju Sivadas/SBS Malayalam
LISTEN TO
Going deep into the ancient connection between Australia and South India
SBS Malayalam
11/11/202017:01