ഏഴു വിമാനസര്‍വീസുകളാണ് ഓസ്‌ട്രേലിയയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കായി പ്രഖ്യാപിച്ചത്.
വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി, മേയ് 21 മുതല്‍ 28 വരെയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുക.
കേരളത്തിലേക്ക് ഒരു വിമാനസര്‍വീസാണ് ഉള്ളത്. മേയ് 25 തിങ്കളാഴ്ച മെല്‍ബണില്‍ നിന്ന് കൊച്ചിയിലേക്കാണ് ഈ സര്‍വീസ്.
മെല്‍ബണില്‍ നിന്ന് രാവിലെ 8.45നായിരിക്കും കൊച്ചി വിമാനം പുറപ്പെടുക.
ഏഴു വിമാനങ്ങളാണ് ഈ ഘട്ടത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ളത്.
- മേയ് 21: സിഡ്‌നി - ന്യൂ ഡല്‍ഹി
- മേയ് 22: മെല്‍ബണ്‍ - അമൃത്സര്‍
- മേയ് 23: സിഡ്‌നി - അമൃത്സര്‍
- മേയ് 23: മെല്‍ബണ്‍ - ബംഗളുരു
- മേയ് 25: സിഡ്‌നി - അഹമ്മദാബാദ്
- മേയ് 25: മെല്‍ബണ്‍ - കൊച്ചി
- മേയ് 28: മെല്‍ബണ്‍ - ഹൈദരാബാദ്
ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യാക്കാരില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവര്‍ക്കാണ് യാത്ര ചെയ്യാന്‍ അവസരം.
യാത്രക്കാര്‍ തന്നെ വിമാനയാത്രയുടെ ടിക്കറ്റ് ചെലവ് വഹിക്കണം എന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. എത്രയാണ് ടിക്കറ്റ് നിരക്ക് എന്ന് പ്രഖ്യാപിച്ചിട്ടില്ല.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത യാത്രക്കാര്‍ക്ക് ഹൈക്കമ്മീഷന്‍ ഇമെയില്‍ മുഖേന അക്കാര്യം അറിയിക്കും.
മുഖ്യ പരിഗണന നല്‍കുന്ന യാത്രക്കാരെ കോണ്‍സുലേറ്റുകള്‍ നേരിട്ട് ബന്ധപ്പെട്ടുതുടങ്ങി. സിഡ്‌നിയിലുള്ള ചില മലയാളികളോട് മെല്‍ബണിലേക്ക് യാത്ര ചെയ്യാന്‍ ഇതിനകം കോണ്‍സുലേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ സര്‍ക്കാര്‍ നേരത്തേ പരിഗണിച്ചിട്ടുള്ള പരിഗണനാ പട്ടികയുടെ അടിസ്ഥാനത്തിലാകും യാത്രക്കാരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുക.
ഹൈക്കമ്മീഷനില്‍ നിന്ന് അറിയിപ്പ് കിട്ടി 24 മണിക്കൂറിനകം ടിക്കറ്റെടുത്തില്ലെങ്കില്‍ അടുത്തയാള്‍ക്ക് അവസരം നല്‍കുമെന്ന് ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.
രോഗലക്ഷണമില്ലാത്തവര്‍ക്ക് മാത്രം
യാത്രക്ക് മുമ്പ് എല്ലാ യാത്രക്കാരെയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കും.
കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെ മാത്രാകും യാത്ര ചെയ്യാന്‍ അനുവദിക്കുക.
യാത്ര ചെയ്യും മുമ്പ് എല്ലാ യാത്രക്കാരും അനുമതി പത്രം നല്‍കുകയും വേണം.
ഇന്ത്യയിലെത്തിയ ശേഷം 14 ദിവസത്തെ ക്വാറന്റൈന് വിധേയമാകേണ്ടിയും വരും.

Source: IHC Canberra
കേരളത്തില്‍ ഏഴു ദിവസം സര്‍ക്കാര് നിശ്ചയിച്ചിരിക്കുന്ന സംവിധാനത്തിലും, അടുത്ത ഏഴു ദിവസം വീട്ടിലുമാണ് ഇതുവരെയുള്ള ക്വാറന്റൈന്‍ സംവിധാനം.
ഇന്ത്യയിലെത്തുമ്പോഴും യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ഇന്ത്യന്‍ സര്‍ക്കാരിന്റെ ആരോഗ്യസേതു ആപ്പ് ഡൗണ്‌ലോഡ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.