21 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഒരേ നേതാവ് ഒരു പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കുന്നത്.
ജോണ്‍ ഹോവാര്‍ഡിന് ശേഷം ആ നേട്ടം കൊയ്തുകൊണ്ട് ആന്തണി അല്‍ബനീസി പ്രധാനമന്ത്രിക്കസേരയിലേക്ക് തിരിച്ചെത്തിയപ്പോള്‍, പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡറ്റന് നഷ്ടമായത് തെരഞ്ഞെടുപ്പിനൊപ്പം സ്വന്തം സീറ്റ് കൂടിയായിരുന്നു.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞു എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള കാര്യം എന്നാണ് വിജയപ്രസംഗത്തില്‍ അല്‍ബനീസി അനുയായികളോട് പറഞ്ഞത്.
ലോകത്തിലെ ഏറ്റവും മികച്ച രാജ്യത്തെ വീണ്ടും നയിക്കാന്‍ അവസരം നല്കിയതിന് ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയന്‍ മൂല്യങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ട് നല്കിയത് എന്നാണ് അല്‍ബനീസി പറഞ്ഞത്.
LISTEN TO

ഓസ്‌ട്രേലിയയില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍: പീറ്റര്‍ ഡറ്റന്‍ സ്വന്തം സീറ്റില്‍ തോല്‍വിയിലേക്ക്
SBS Malayalam
06:26
തൂക്കുപാര്‍ലമെന്റുണ്ടാകുമെന്നും, ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മാത്രമേ അല്‍ബനീസിക്ക് കഴിയൂ എന്നുമായിരുന്നു നിരവധി അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിച്ചത്.
എന്നാല്‍ ലിബറല്‍ സഖ്യത്തില്‍ നിന്ന് നിരവധി സീറ്റുകള്‍പിടിച്ചെടുത്തുകൊണ്ട് വ്യക്തമായ മാര്‍ജിന്‍ നേടുകയാണ് ലേബര്‍ ചെയ്തത്.
മറ്റാരുടെയും പിന്തുണയില്ലാതെ അധികാരത്തില്‍ തുടരാന്‍ ഇതോടെ ലേബറിനാകും - കൂടുതല്‍ കരുത്തോടെ.
ലേബര്‍ പിടിച്ചെടുത്തതില്‍ ഏറ്റവും പ്രധാന സീറ്റ് പ്രതിപക്ഷ നേതാവിന്റേത് തന്നെയായിരുന്നു.
ക്വീന്‍സ്ലാന്റിലെ ഡിക്‌സന്‍ സീറ്റില്‍ പീറ്റര്‍ ഡറ്റന്‍ തോല്‍വി സമ്മതിച്ചു.

Australian Liberal Party leader Peter Dutton, third left, stands with his family as he makes his concession speech following the general election in Brisbane. Source: AP / Pat Hoelscher/AP
ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പ്രതിപക്ഷ നേതാവിന് സ്വന്തം സീറ്റില്‍ തോല്‍വി നേരിടേണ്ടി വരുന്നത്.
ലിബറല്‍ സഖ്യത്തിന്റെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി പീറ്റര്‍ ഡറ്റന്‍ പറഞ്ഞു.
മികച്ച പ്രചാരണം നടത്താന്‍ കഴിഞ്ഞില്ലെന്നും, അത് വിനയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലേബര്‍ പാര്‍ട്ടിക്ക് ഇത് ഒരു ചരിത്ര നിമിഷമാണെന്ന് താന്‍ അംഗീകരിക്കുന്നതായും ഡറ്റന്‍ പറഞ്ഞു.
ഭവന വിപണിയിലും, ജീവിതച്ചെലവ് കുറയ്ക്കുന്നതിനുമെല്ലാം നിരവധി നയങ്ങള്‍ ലേബര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ തെരഞ്ഞെുപ്പ് വാര്‍ത്തകള്‍ക്ക് എസ് ബി എസ് മലയാളത്തെ പിന്തുടരുക.
READ MORE

എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്