സിഡ്നി മൃഗശാലയിൽ അഞ്ചു സിംഹങ്ങൾ കൂടിന് പുറത്തുചാടി; എങ്ങനെയെന്നറിയാതെ മൃഗശാലാ അധികൃതർ

ബുധനാഴ്ച രാവിലെ സിഡ്‌നിയിലെ ടറോംഗ മൃഗശാലയിൽ അഞ്ചു സിംഹങ്ങൾ കൂടിന് പുറത്ത് കടന്നു. സിംഹങ്ങൾ പുറത്ത് കടന്നതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

Taronga Zoo lions escaped their enclosure.

Credit: Courtesy ABC

സിഡ്‌നിയിലെ ടറോംഗ മൃഗശാലയിൽ അഞ്ച് സിംഹങ്ങൾ കൂട്ടിൽ നിന്ന് പുറത്ത് ചാടിയതായി അധികൃതർ പറഞ്ഞു.

സിംഹങ്ങൾ കൂട്ടിൽ നിന്ന് പുറത്തുവന്നെങ്കിലും മൃഗശാലയിൽ നിന്ന് പുറത്ത് പോയില്ല എന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ സൈമൺ ഡഫി വ്യക്തമാക്കി.

കൂടിന്റെ രണ്ട് വേലികളിൽ ഒന്നിൽ നിന്ന് സിംഹങ്ങൾ പുറത്ത് കടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

സിംഹങ്ങൾ കൂടിന് പുറത്ത് കടന്നതിന് പത്ത് മിനിറ്റിനുള്ളിൽ ലോക്ക്ഡൗൺ ഉൾപ്പെടെ അടിയന്തര നടപടികൾ സ്വീകരിച്ചതായി അധികൃതർ പറഞ്ഞു.

സമീപവാസികൾക്ക് കേൾക്കാവുന്ന അടിയന്തര അലാറം മുഴങ്ങി.

മൃഗശാലയിലെ ജീവനക്കാരെ ഉടൻ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി.

ബുധനാഴ്ച രാവിലെയാണ് നാല് സിംഹ കുട്ടികളും ഒരു സിംഹവും കൂട്ടിൽ നിന്ന് പുറത്ത് ചാടിയതായി അധികൃതർ അറിഞ്ഞത്.

മൃഗഡോക്ടർമാരുടെ സംഘം ഉടൻ മരുന്നുകൾ നിറച്ച തോക്കുകളുമായി രംഗത്തെത്തിയതായും, സിംഹങ്ങളെ വൈകാതെ കൂട്ടിനകത്ത് കയറ്റിയതായും അധികൃതർ സ്ഥിരീകരിച്ചു.

ഇതിൽ ഒരു സിംഹത്തെ ശാന്തമാക്കുന്നതിനായി മരുന്ന് കുത്തിവയ്ച്ചതായും അധികൃതർ വ്യക്തമാക്കി.

മൃഗശാലയിലെ 'റോർ ആൻഡ് സ്‌നോർ' പരിപാടിയുടെ ഭാഗമായി മൃഗശാലയിലുണ്ടായിരുന്ന കുടുംബത്തോട് എത്രയും വേഗം ടെന്റിൽ നിന്ന് പുറത്തിറങ്ങാനും, ഓടിമാറാനും ആവശ്യപ്പെട്ടതായി സിഡ്‌നി മോർണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

സിംഹങ്ങൾ പുറത്ത് കടന്നതെങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സിംഹങ്ങൾ എങ്ങനെ പുറത്ത് കടന്നുവെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

മൃഗശാല ഇന്ന് തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ സിംഹങ്ങളുടെ കൂട് അന്വേഷണത്തിന് വിധേയമായിരിക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിലേക്ക് നിയന്ത്രണമുണ്ടാകും.

Share

Published

Updated

Source: SBS

Share this with family and friends