ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഐശ്വര്യ അശ്വത് പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ മരിച്ചത്.
പെർത്ത് മലയാളികളായ അശ്വത്- പ്രസീത ദമ്പതികളുടെ മകളാണ് ഐശ്വര്യ.
ആരോഗ്യസ്ഥിതി മോശമായിട്ടും രണ്ടു മണിക്കൂറോളം ഐശ്വര്യയെ പരിശോധിക്കാൻ എമർജൻസി വിഭാഗത്തിലെ ഡോക്ടർമാർ തയ്യാറായില്ലെന്ന് അവരുടെ കുടുംബ വക്താവും WA എത്ത്നിക് കമ്മ്യൂണിറ്റീസ് കൗൺസിൽ പ്രസിഡന്റുമായ സുരേഷ് രാജൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടാണ് ഐശ്വര്യയ്ക്ക് കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും തുടങ്ങിയത്.
പാരസെറ്റമോൾ നൽകിയിട്ടും സ്ഥിതി മെച്ചമാകാത്തതിനെ തുടർന്ന്, ശനിയാഴ്ച വൈകിട്ടോടെ ഐശ്വര്യയെ മാതാപിതാക്കൾ പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാൽ സ്ഥിതി വിവരിച്ചിട്ടും കുട്ടിയെ പരിശോധിക്കാൻ എമർജൻസി വിഭാഗത്തിലെ ഡോക്ടർമാർ ഏറെ വൈകിയെന്ന് സുരേഷ് രാജൻ പറഞ്ഞു.

Source: Supplied/Suresh Rajan
രണ്ടു മണിക്കൂറോളമാണ് ഐശ്വര്യയുമായി മാതാപിതാക്കൾക്ക് എമർജൻസി വാർഡിൽ കാത്തിരിക്കേണ്ടിവന്നത്.
അതിനിടെ പല തവണ നഴ്സുമാരെ സമീപിച്ച് മകളുടെ സ്ഥിതി വഷളാകുന്ന കാര്യം അറിയിച്ചതായി പ്രസീത ചാനൽ നയനോട് പറഞ്ഞു.
കുറഞ്ഞത് അഞ്ചു തവണയെങ്കിലും പ്രസീത ഇത്തരത്തിൽ നഴ്സുമാരെ സമീപിച്ചു.
കൈകാലുകൾ തണുത്തുമരവിക്കുന്നതായും, കണ്ണിൽ വെളുത്ത പാട വരുന്നതായും നഴ്സുമാരോട് പറഞ്ഞെങ്കിലും, അത് നഴ്സുമാർ കാര്യമായെടുത്തില്ല എന്നാണ് പ്രസീത പറഞ്ഞത്.
രണ്ടു മണിക്കൂറിനു ശേഷം ഐശ്വര്യയെ പരിശോധിച്ചപ്പോൾ തന്നെ ഡോക്ടർമാർ ‘കോഡ് ബ്ലൂ’ പ്രഖ്യാപിച്ച അഡ്മിറ്റ് ചെയ്തുവെന്ന് സുരേഷ് രാജൻ പറഞ്ഞു.
എന്നാൽ അൽപനേരത്തിനകം ഐശ്വര്യ മരണത്തിനു കീഴടങ്ങി.
എന്തായിരുന്നു ഐശ്വര്യയുടെ അസുഖമെന്നോ, മരണകാരണമെന്നോ ഡോക്ടർമാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നാണ് സുരേഷ് രാജൻ അറിയിച്ചത്.
ഈ സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാൻ സംസ്ഥാന ആരോഗ്യമന്ത്രി റോജർ കുക്ക് നിർദ്ദേശിച്ചു. ഇതേക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് എസ് ബി എസ് മലയാളം റോജർ കുക്കിനെ ബന്ധപ്പെട്ടിട്ടുണ്ട്.
ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷനും ആവശ്യപ്പെട്ടു.
ബാംഗ്ലൂർ മലയാളിയായിരുന്ന അശ്വതിന്റെയും, കൊല്ലം കുണ്ടറ സ്വദേശിയായ പ്രസീതയുടെയും നാലു മക്കളിൽ രണ്ടാമത്തെയാളാണ് ഐശ്വര്യ.
Summary: Malayalee girl in Perth dies after waiting at hospital emergency ward for two hours