"ഈ പാട്ട് എന്നിൽ പുഞ്ചിരി വിടർത്തി" ഒമ്പതുവയസുകാരി ദേവാഞ്ജന അയ്യരുടെ (ദെവി) കോറോണവൈറസ് ഗാനം കേട്ട ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ വാക്കുകളായിരുന്നു ഇത്.
റിമോട്ട് സ്കൂളിംഗിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ കത്ത് ദെവിയുടെ കൈയിലേക്ക് കിട്ടുന്നത്. ഓൺലൈൻ ക്ലാസിൽ ടീച്ചറോടും സുഹൃത്തുക്കളോടും അപ്പോൾ തന്നെ ആ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
“ഏറെ തിരക്കുള്ളയാളല്ലേ ഓസ്ട്രേലിയൻ പ്രധാനമന്ത്രി. അദ്ദേഹം ഇത് കാണുമെന്ന് പോലും പ്രതീക്ഷിച്ചില്ല,” ദെവി പറയുന്നു.
കൊറോണബാധ പ്രതിരോധിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നടത്തുന്ന വാർത്താസമ്മേളനമാണ് സ്വന്തമായി ഒരു ഗാനം എഴുതി പാടാൻ ഒമ്പത് കാരി ദേവാഞ്ജന അയ്യർക്ക് പ്രചോദനം നൽകിയത്.
"കൊറോണവൈറസ് നിസാരക്കാരനല്ല. ഇതിന്റെ പ്രത്യാഘാതങ്ങൾ വലുതാണ്. എല്ലാവരും പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ നിർദ്ദേശം അനുസരിക്കണം." ഇതായിരുന്നു പാട്ടിന്റെ വരികൾ.
ജനങ്ങൾ സാമൂഹിക നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി വാർത്താസമ്മേളനങ്ങളിലൂടെ ആവർത്തിച്ച് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇവ ചെവിക്കൊള്ളാതെ ബീച്ചിലും പാർക്കിലുമെല്ലാം ജനങ്ങൾ ഒത്തുകൂടുന്നതിന്റെ വാർത്തകൾ കണ്ടതോടെയാണ് ഇത്തരത്തിൽ ഒരു ഗാനം ദെവിയുടെ മനസിലേക്ക് വന്നത്.
പ്രധാനമന്ത്രിയുടെ നിർദ്ദേശം പാലിക്കുന്നതിന് കുറച്ചുപേരെയെങ്കിലും പ്രേരിപ്പിക്കാൻ കഴിയും എന്നായിരുന്നു ദെവിയുടെ പ്രതീക്ഷ.
കുഞ്ഞു മനസ്സിൽ ഉദിച്ച ആശയം കടലാസിലേക്ക് പകർത്തിയ ദെവി, പിയാനോയുടെ അകമ്പടിയോടെ ഈ വരികൾക്ക് ഈണവും നൽകി. അതാണ് ഇപ്പോൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വരെ പ്രശംസ പിടിച്ചു പറ്റിയ 'കൊറോണവൈറസ്-സ്റ്റേ ഹോം ഗാനം.'
"മറ്റുള്ളവരിലേക്ക് വാർത്താസമ്മേളനങ്ങളിലെ സന്ദേശം എത്തിക്കുക എന്നത് മാത്രമായിരുന്നു ഈ പാട്ടു പാടിയപ്പോഴുള്ള ലക്‌ഷ്യം. ഈ തിരക്കിട്ട സമയത്ത് പ്രധാനമന്ത്രി ഇത് കേൾക്കുമെന്നോ ഒരു മറുപടി തരുമെന്നോ ഒട്ടും പ്രതീക്ഷിച്ചില്ല," ദെവി പറയുന്നു.
പാട്ടു കേൾക്കാനിടയായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർദ്ദേശപ്രകാരമാണ് അമ്മയുടെ സഹായത്തോടെ പ്രധാനമന്ത്രിക്ക് അതിന്റെ ലിങ്ക് അയച്ചു കൊടുത്തത്.
അപ്രതീക്ഷിതമായി സ്കോട്ട് മോറിസന്റെ മറുപടി ലഭിച്ച സന്തോഷത്തിലാണ് ദെവിയും കുടുംബവും ഇപ്പോൾ.
മെൽബണിലെ രാജേഷ് ബാലകുമാറിന്റെയും ദീപ്തി പദ്മജ സുധാകരന്റെയും മകളായ ദെവി, ഈ വർഷമാദ്യം ഗോൾഡ് കോസ്റ്റിൽ നടന്ന യൂറോവിഷൻ ഓസ്ട്രേലിയ മത്സരത്തിന്റെ ഉദ്ഘാടന വേദിയിലും പാടിയിരുന്നു.
സ്റ്റേ ഹോം ഗാനത്തിലൂടെ ദെവി നൽകിയ സന്ദേശം വൈറസ് പ്രതിസന്ധിയെ മറികടക്കാൻ ഓസ്ട്രേലിയയെ സഹായിക്കുമെന്ന് അഭിനന്ദന കത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കത്തിൽ ഇങ്ങനെ പറയുന്നു:
"ഈ പാട്ട് എന്നിൽ പുഞ്ചിരിവിടർത്തി. ചെറുപ്രായത്തിൽ തന്നെ സംഗീതത്തിൽ ഇത്രയും കഴിവ് തെളിയിച്ച ദെവിയിൽ നിന്നും ഭാവിയിലും ഒരുപാട് പ്രതീക്ഷിക്കുന്നു.
ഓസ്‌ട്രേലിയക്കാർ ഒരുമിച്ച് നിന്ന് ഈ വൈറസിനെതുരത്താൻ ഈ ഗാനം സഹായിക്കും. ദെവിയെപ്പോലുള്ള കുട്ടികൾ ഇതിനായി മുന്നോട്ടു വരുന്നത് ഒരുപാട് പ്രതീക്ഷ നൽകുന്നു."
മോറിസന്റെ ഈ കത്ത് ഏറെ സന്തോഷവും പ്രോത്സാഹനവുമാണ് നൽകുന്നതെന്ന് ദെവി പറയുന്നു.

Source: Facebook/Devy