അഡ്‌ലൈഡിൽ സെയ്ന്റ് ആഗ്നസ്സിലെ കെന്നഡി സ്ട്രീറ്റിലുള്ള വീടിന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് തീപിടിച്ചത്. ബധിരരായ വൃദ്ധ ദമ്പതികൾ മാത്രമുണ്ടായിരുന്ന വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അയൽവാസിയായ മലയാളി കുടുംബം ഇവരുടെ സഹായത്തിനെത്തിയത്.
സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന ബേസിൽ പോളും കുടുംബവും വൈകിട്ട് ആറരയോടെ പുകമണം അനുഭവപെട്ടതോടെയാണ് വീടിന് പുറത്തേക്ക് ഇറങ്ങിയത്.
കാട്ടുതീ പുകയാകുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും സമീപത്തെ വീട്ടിൽ നിന്നും പുക ഉയരുന്നതാണ് കണ്ടതെന്ന് കേരളത്തിൽ നിന്നും സന്ദർശനത്തിനെത്തിയ ബേസിലിന്റെ ഭാര്യാപിതാവ് പോൾ സി പൗലോസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഉടൻ തന്നെ അഗ്നിശമനസേനയെ വിവരമറിയിക്കാൻ മകൾ ജെനിക്ക് നിർദ്ദേശം നൽകിയ പോൾ തന്റെ കൊച്ചുമകൻ ജൊഹാൻ ബേസിലുമായി ഈ വീട്ടിലേക്ക് എത്തുകയായിരുന്നു.
വീട്ടിൽ ഉണ്ടായിരുന്ന ബധിരരായ വൃദ്ധരെ വീട്ടിൽ നിന്നും പുറത്തിറക്കിയ ഇവർ വീടിനുള്ളിൽ പ്രവേശിച്ച് പുകയുടെ ഉറവിടം കണ്ടെത്തി.

Paul C Paulose and grandson Johan Basil in front of the burnt house Source: Supplied
പിൻവശത്തെ മുറിക്കുള്ളിൽ നിന്നും തീ ആളിപടരുന്നത് കണ്ടതോടെ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണാതീതമാവുകയായിരുന്നുവെന്ന് പോൾ പറഞ്ഞു.
വൈകിട്ട് ആറ് മണിയോടെ വീട്ടിൽ പുക നിറഞ്ഞതോടെ ഇവിടുത്തെ സ്‌മോക്ക് അലാറം മുന്നറിയിപ്പ് നൽകിയെങ്കിലും ബധിരാരായതിനാൽ വീട്ടിലുണ്ടായിരുന്ന വൃദ്ധ ദമ്പതിമാർ ഇത് കേട്ടിരുന്നില്ല.
വീട് പൂർണമായും അഗ്നിക്കിരയായി. ഗരാജിൽ സൂക്ഷിച്ചിരുന്ന മൂന്ന് ബൈക്കുകളും തീ പിടിച്ച് പൊട്ടിത്തെറിച്ചുവെന്നും ഇവർ പറഞ്ഞു.
പിന്നീട് ജെനി വിളിച്ചതുപ്രകാരം ആറ് വാഹനങ്ങളിലായി മുപ്പതോളം അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീ അണച്ചത്.
എന്നാൽ തീ അണയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും കൃത്യസമയത്ത് അഗ്നിശമനസേനയെ അറിയിക്കാൻ കഴിഞ്ഞത് ഇവരുടെ ജീവൻ രക്ഷിക്കാൻ കാരണമായെന്ന് ജെനി ബേസിൽ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
മാത്രമല്ല ഇതുവഴി സമീപത്തുള്ള മറ്റ് വീടുകളും തീ പിടിക്കുന്നതിൽ നിന്ന് തടയാൻ കഴിഞ്ഞതായും ജെനി സൂചിപ്പിച്ചു.

The burnt house Source: The Advertiser
സംഭവത്തിന് തലേദിവസം മകൾ ജെനിയുടെ വീട്ടിൽ എത്തിയത് രണ്ട് ജീവൻ രക്ഷിക്കാനാണെന്ന് വിശ്വസിക്കുകയാണ് പാലാരിവട്ടം സ്വദേശിയായ പോൾ സി പൗലോസ്.
ഇങ്ങനെയൊരു പ്രവർത്തിയിൽ ഏർപ്പെടാൻ കഴിഞ്ഞതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും ഇതിൽ ഒരു പാട് സന്തോഷമുണ്ടെന്നും പോൾ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ജീവൻ രക്ഷിച്ചതിൽ ഇവർ തങ്ങൾക്ക് നന്ദി അറിയിച്ചതായും പോൾ പറഞ്ഞു.
ബധിരരായ വൃദ്ധ ദമ്പതികളെ രക്ഷിച്ച മലയാളി കുടുംബത്തെക്കുറിച്ചുള്ള വാർത്ത ഓസ്‌ട്രേലിയൻ മുഖ്യധാരാ മാധ്യമങ്ങളും നൽകിയിരുന്നു. ഇതേക്കുറിച്ച് ടെൻ ന്യൂസ് നൽകിയ റിപ്പോർട്ട് ഇവിടെ കാണാം.
വൃദ്ധരായ ദമ്പതികളെ മാത്രമല്ല ഇവരുടെ വളർത്തു പൂച്ചയേയും രക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞു.
ആദ്യം ഭയന്നുവെങ്കിലും തൊട്ടടുത്തുള്ള അയൽവാസികളെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഒമ്പത് വയസ്സുകാരൻ ജൊഹാൻ ബേസിലും.
പൂർണമായും കത്തിനശിച്ച വീടിന് 200,000 ഡോളറിന് മേൽ നാശനഷ്ടമുണ്ടെന്നാണ് റിപ്പോർട്ടുകൾ. തീ പിടിത്തത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല.