ശ്വാസകോശത്തിലെ അർബുദബാധ: മലയാളി മാതാപിതാക്കളുടെ പേരന്റ് വിസ അപേക്ഷ സർക്കാർ നിരസിച്ചു

ശ്വാസകോശ അർബുദത്തിന് ചികിത്സ തേടുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടി മലയാളികളായ മാതാപിതാക്കളുടെ പേരന്റ് വിസ അപേക്ഷ നിരസിച്ച ഓസ്ട്രേലിയൻ സർക്കാർ നടപടി അഡ്മിനിസ്ട്രേറ്റീവ് അപ്പീൽസ് ട്രൈബ്യൂണലും ശരിവച്ചു. സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് ഉണ്ടെങ്കിലും അത് കണക്കിലെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ അപേക്ഷ തള്ളിയത്.

Visa rejected

Source: iStockphoto

2002 മുതൽ ഓസ്ട്രേലിയയിൽ താമസിക്കുന്ന മലയാളി ദമ്പതികളാണ് ഏജ്ഡ് പേരന്റ് (റെസിഡൻസ്) വിസയ്ക്കായി അപേക്ഷ നൽകിയിരുന്നത്.

മകളും മരുമകനും സ്പോൺസർ ചെയ്താണ് ഇവർ 2009ൽ വിസ അപേക്ഷ നൽകിയത്.

എന്നാൽ ഇവരിൽ ഒരാൾക്ക് ശ്വാസകോശത്തിന് ക്യാൻസർ ബാധിച്ചിട്ടുണ്ടെന്നും, തുടർച്ചയായ കീമോതെറാപ്പി ചെയ്യേണ്ടിവരുന്നത് ഓസ്ട്രേലിയൻ ആരോഗ്യരംഗത്ത് അമിത ചെലവിന് ഇടയാക്കാമെന്നും ചൂണ്ടിക്കാട്ടി കുടിയേറ്റകാര്യ വകുപ്പ് വിസ അപേക്ഷ നിരസിച്ചു.

കുടിയേറ്റകാര്യ വകുപ്പിന്റെ തീരുമാനത്തിനെതിരെ അപേക്ഷകർ ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും, വിസ അപേക്ഷ തള്ളിയ തീരുമാനം ട്രൈബ്യൂണലും ശരിവയ്ക്കുകയായിരുന്നു.

ഇൻഷ്വറൻസ് പരിഗണിച്ചില്ല

കുടിയേറ്റകാര്യ നിയമത്തിലെ പൊതു താൽപര്യ മാനദണ്ഡം (PIC) പാലിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിസ അപേക്ഷ നിരസിച്ചത്.

ആരോഗ്യമേഖലയിലോ, സാമൂഹ്യ സുരക്ഷാ മേഖലയിലോ ഓസ്ട്രേലിയൻ ഖജനാവിന് അമിത ചെലവുണ്ടാകുന്ന സാഹചര്യങ്ങളിൽ വിസ അപേക്ഷ നിരസിക്കാമെന്ന് PIC വകുപ്പ് പറയുന്നുണ്ട്.
parent visa
Representational image Source: SBS
ഇത്തരത്തിൽ ശ്വാസകോശ അർബുദബാധയുള്ള ഒരാളുടെ ചികിത്സയ്ക്ക് വലിയ തോതിലെ ചെലവുണ്ടാകാം എന്ന് കോമൺവെൽത്ത് മെഡിക്കൽ ഓഫീസർ ട്രൈബ്യൂണലിനെ അറിയിച്ചു.
എന്നാൽ, തങ്ങൾക്ക് പൂർണ്ണ ഹെൽത്ത് ഇൻഷ്വറൻസ് ഉണ്ടെന്നും, ചികിത്സാ ചെലവിനായി സർക്കാരിനെ ആശ്രയിക്കുന്നില്ലെന്നും അപേക്ഷകർ വാദിച്ചു.
2002 മുതൽ ഹെൽത്ത് ഇൻഷ്വറൻസ് മുഖേയനയാണ് ചികിത്സ പൂർണമായും നടത്തുന്നത്.

അധികമായി വേണ്ടി വരുന്ന തുക (ഗ്യാപ് ഫീസ്) മകളും മരുമകനുമാണ് നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. അതിനാൽ ഇനിയും സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കില്ലെന്നും അവർ വാദിച്ചു.

എന്നാൽ, സർക്കാർ സംവിധാനങ്ങൾ യഥാർത്ഥത്തിൽ അപേക്ഷകർ ഉപയോഗിക്കുന്നുണ്ടോ എന്നത് കണക്കിലെടുക്കേണ്ടതില്ലെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ഇത്തരം ആരോഗ്യസാഹചര്യങ്ങളിലുള്ള ഒരാളുടെ ചികിത്സയ്ക്ക് പൊതുഖജനാവിൽ നിന്ന് എത്രത്തോളം ചെലവുണ്ടാകും എന്ന പൊതു മാനദണ്ഡമാണ് (ഹൈപ്പോത്തെറ്റിക്കൽ പേഴ്സ്ൺ ടെസ്റ്റ്) നിയമപ്രകാരം പരിഗണിക്കുകയെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.

ഇതിന്റെ അടിസ്ഥാനത്തിലാണ്, വിസ അപേക്ഷ നിരസിച്ച സർക്കാർ നടപടി ട്രൈബ്യൂണലും ശരിവച്ചത്.

മന്ത്രിക്ക് തീരുമാനം മാറ്റാം

പൊതു താൽപര്യാർത്ഥം ഈ തീരുമാനം മാറ്റാൻ കുടിയേറ്റകാര്യ മന്ത്രിക്ക് അധികാരമുണ്ടാകുമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.

അപേക്ഷകരുടെ പ്രായം, രണ്ടു പതിറ്റാണ്ടോളമായി ഓസ്ട്രേലിയയിൽ ജീവിക്കുന്നു, പൂർണ്ണ സാമ്പത്തിക പിന്തുണയുണ്ട് എന്നീ ഘടകങ്ങൾ കണക്കിലെടുത്ത് അവർക്ക് അനുകൂലമായ തീരുമാനമെടുക്കാൻ മന്ത്രിക്ക് കഴിയും.

ഇത് കുടിയേറ്റകാര്യമന്ത്രിയുടെ വിവേചനാധികാരത്തിൽപ്പെടുന്ന കാര്യമാണെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.

 

Share

Published

Updated

By Deeju Sivadas

Share this with family and friends