ലാ ട്രോബ് യൂണിവേഴ്‌സിറ്റിയില്‍ നാലു വര്‍ഷത്തെ ഗവേഷണത്തിനായാണ് ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്‌സിറ്റി PhD സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്.
ഷാരൂഖ് ഖാന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് യൂണിവേഴ്‌സിറ്റി കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചിരുന്നു. അതിനൊപ്പമാണ് ഈ സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ചത്.
ബിരുദാനന്തര ബിരുദം നേടിയ വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പിന്, ഇന്ത്യയിലെ 800ലേറെ പെണ്‍കുട്ടികളാണ് അപേക്ഷിച്ചത്. അതില്‍ നിന്നാണ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധ സമിതി ഗോപിക ഭാസിയെ തെരഞ്ഞെടുത്തത്.
Highlights:
- 800ലേറെ അപേക്ഷകരില്‍ നിന്നാണ് ഗോപിക ഭാസിയെ തെരഞ്ഞെടുത്തത്
- സ്‌കോളര്‍ഷിപ്പ് തേനീച്ചകളുടെ സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍
- ഇന്ത്യന്‍ കാര്‍ഷികരംഗത്തെ സഹായിക്കുക എന്നതാണ് ആഗ്രഹമെന്ന് ഗോപിക
മുംബൈയില്‍ നടന്ന ചടങ്ങില്‍ ഷാരൂഖ് ഖാനാണ് സ്‌കോളര്‍ഷിപ്പ് വിവരം പ്രഖ്യാപിച്ചത്. ഗോപികയും, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ജോണ്‍ ബ്രംബി AOയും ചടങ്ങിലുണ്ടായിരുന്നു.
തേനീച്ചകളുടെ സംരക്ഷണത്തെക്കുറിച്ചായിരിക്കും അടുത്ത നാലു വര്‍ഷം ഗോപിക ലാ ട്രോബ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുക.
തേനീച്ചകളെ വൈറസുകളില്‍ നിന്നും, മറ്റു മാലിന്യങ്ങളില്‍ നിന്നും രക്ഷിക്കുന്നത് സംബന്ധിച്ച് യൂണിവേഴ്‌സിറ്റി നടത്തുന്ന പഠനത്തില്‍ പ്രധാന പങ്കായിരിക്കും ഗോപിക വഹിക്കുക.
ആശംസയുമായി കിംഗ് ഖാന്‍
ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന ഗോപികയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ലാ ട്രോബ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണം സഹായിക്കുമെന്ന് സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചുകൊണ്ട് ഷാരൂഖ് പറഞ്ഞു.
ഗോപികയുടെ നിശ്ചയദാര്‍ഢ്യത്തിനും അര്‍പ്പണബോധത്തിനും അഭിനന്ദനങ്ങള്‍ ഷാരൂഖ് ഖാന്‍
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യാര്‍ത്ഥിനിയാണ് ഗോപിക. കര്‍ഷക കുടുംബത്തില്‍ ജനിച്ച ഗോപിക, കേരളത്തിലെ ആനകളുടെ സംരക്ഷണത്തെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു.
ഏറെ പ്രതീക്ഷയോടെയാണ് ഗവേഷണത്തിനായി എത്തുന്നത് എന്ന് സ്‌കോളര്‍ഷിപ്പ് ഏറ്റുവാങ്ങിയ ശേഷം ഗോപിക പറഞ്ഞു.
'തേനീച്ചകളുടെ സംരക്ഷണം ഭക്ഷ്യോത്പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ്. പ്രമുഖ ശാസ്ത്രജ്ഞരോടൊപ്പം ലാട്രോബില്‍ ഗവേഷണം നടത്തുന്നത് ഇന്ത്യയിലെ കാര്‍ഷികമേഖലയ്ക്ക് സംഭാവനകള്‍ നല്കാന്‍ സഹായിക്കും,' ഗോപിക ചൂണ്ടിക്കാട്ടി.
ഗോപികയുടെ ഗവേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കാന്‍ ലാ ട്രോബ് യൂണിവേഴ്‌സിറ്റി കാത്തിരിക്കുകയാണെന്ന് വൈസ് ചാന്‍സലറും വ്യക്തമാക്കി.