മെൽബൺ കൊലക്കേസ്: ഓൺലൈനിൽ പ്രചരിക്കുന്നത് കെട്ടുകഥകളോ? SBS അന്വേഷിക്കുന്നു...

മെൽബണിൽ മലയാളിയായ സാം എബ്രഹാമിൻറെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ സോഫിയയെയും കാമുകൻ അരുൺ കമലാസനനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒട്ടേറെ കഥകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. പൊലീസിൻറെയും കോടതിയുടെ അഭിപ്രായം എന്ന പേരിൽ പ്രചരിക്കുന്ന ഈ കഥകളിൽ എത്രത്തോളം വാസ്തവമുണ്ട്. എസ് ബി എസ് മലയാളം റേഡിയോ അന്വേഷിക്കുന്നു...

Sam Abraham

Sam Abraham Source: Facebook

ലോകമെങ്ങുമുള്ള മലയാളികളെ ഞെട്ടിച്ച വാർത്തയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച മെൽബണിൽ നിന്ന് പുറത്തുവന്നത്. ഹൃദയാഘാതം മൂലമുള്ള മരണം എന്നു കരുതിയിരുന്ന ഒരു സംഭവം കൊലപാതകമാണെന്നും, ഭാര്യയും കാമുകനും ചേർന്നാണ് അതു ചെയതതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇരുവരെയും അറസ്റ്റും ചെയ്തു. 

സയനൈഡ് നൽകിയാണ് സാമിനെ കൊലപ്പെടുത്തിയത് എന്നും വാർത്തകൾ പുറത്തുവന്നു. മരണത്തിന് മൂന്നു മാസം മുന്പും സാമിനെതിരെ വധശ്രമമുണ്ടായി എന്നകാര്യവും, അതിനു പിന്നിലും അരുൺ കമലാസനനാണെന്നും പൊലീസ് കോടതിയെ അറിയിച്ചതായും ശനിയാഴ്ച തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. 

എന്നാൽ പിന്നീടിങ്ങോട്ട് കേട്ടത് ഞെട്ടിക്കുന്ന കഥകളാണ്.

ഓൺലൈൻ ഡിറ്റക്ടീവുകൾ

"സോഫിയയെ നിരീക്ഷിക്കു; അജ്ഞാത സ്ത്രീയുടെ സന്ദേശം"

"ഉറക്കത്തിൽ സയനൈഡ് കുത്തിവച്ചു; ഒന്നു ഞരങ്ങാതെ സാം മരിച്ചു"

"പ്രൊഫഷണൽ കില്ലറെ വെല്ലുന്ന പദ്ധതികൾ"

 

തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈൻ ലോകത്ത് നിറഞ്ഞ ചില തലക്കെട്ടുകളാണ് ഇവ. ഓരോന്നും പൊലീസ് പറഞ്ഞതായും, കോടതിയിൽ വെളിപ്പെടുത്തിയതായും അവകാശപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ടുകൾ. 

ചില മലയാളം വെബ്സൈറ്റുകളിലാണ് ഇത്തരം വാർത്തകൾ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും, പിന്നീട് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ വെബ്സൈറ്റുകളും അത് അപ്പടി പകർത്തി. ഓസ്ട്രേലിയൻ നിയമവ്യവസ്ഥയെക്കുറിച്ച് അടിസ്ഥാന കാര്യങ്ങൾ പോലും തിരക്കാതെ പ്രമുഖ മാധ്യമങ്ങളുടെ വെബ്സൈറ്റുകളിലും ഇതേ തലക്കെട്ടുകൾ വന്നു. 

എസ് ബി എസ് മലയാളം എന്തുകൊണ്ട് ഇത്തരം വാർത്തകൾ നൽകുന്നില്ല എന്ന് നിരവധി ശ്രോതാക്കളാണ് ഞങ്ങളോട് ചോദിച്ചത്. ഇത്തരം കഥകളിൽ സത്യമുണ്ടോ എന്ന സംശവും പലരും പ്രകടിപ്പിച്ചു.

ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് അന്വേഷണം നടത്താൻ എസ് ബി എസ് മലയാളം തയ്യാറായത്.

എന്താണ് കോടതി മുറിയിൽ സംഭവിച്ചത്

ഓഗസ്റ്റ് 19 വെള്ളിയാഴ്ച മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഈ കേസ് വരുന്പോൾ ആകെ മൂന്നു മാധ്യമപ്രവർത്തകർ മാത്രമാണ് കോടതി മുറിയിലുള്ളത്. ഹെറാൾഡ് സൺ ന്യൂസ് പേപ്പർ, ചാനൽ നയൻ, ഓസ്ട്രേലിയൻ അസോസിയേറ്റഡ് പ്രസ് അഥവാ എ എ പി എന്ന വാർത്താ ഏജൻസി എന്നിവയുടെ പ്രതനിധികൾ. 

ഇതിൽ ചാനൽ നയൻ ഈ വാർത്ത നൽകിയതുപോലുമില്ല.

എ എ പിയാകട്ടെ, ആറോ ഏഴോ വരിയുള്ള ഒരു വാർത്തയിൽ നിർത്തി. ഭാര്യയ്ക്കും കാമുകനും നേരേ കൊലപാതകക്കുറ്റം ചുമത്തിയെന്നും റിമാൻറ് ചെയ്തു എന്നും. 

ഹെറാൾഡ് സൺ മാത്രമാണ് കേസിൻറെ കൂടുതൽ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് ശനിയാഴ്ച രാവിലെ ഒന്നാം പേജിലെ പ്രധാന വാർത്തയാക്കിയത്.
sam Abraham
ഈ സാഹചര്യത്തിൽ, ഹെറാൾഡ് സൺ പത്രത്തിൻറെ കോടതി റിപ്പോർട്ടർ ആൻഡ്രിയ ഹംബ്ലിനെ തന്നെ എസ് ബി എസ് മലയാളം ബന്ധപ്പെട്ടു. എന്താണ് കോടതിയിൽ സംഭവിച്ചത് എന്നറിയാൻ. 

ആൻഡ്രിയ പറയുന്നത് ഇങ്ങനെ: വെറും അഞ്ചു മിനിട്ട് നേരം മാത്രമാണ് കേസുണ്ടായിരുന്നത്. സാമിൻറെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തതായി വ്യാഴാഴ്ച തന്നെ പൊലീസ് അറിയിച്ചിരുന്നു. വെള്ളിയാഴ്ച കോടതിയിലും പൊലീസ് അറിയിച്ചു. 

മൂന്നു തരം തെളിവുകളുണ്ടെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. മാസങ്ങളോളം ടെലിഫോൺ സംഭാഷണം ചോർത്തിയതും, ഡി എൻ എ പരിശോധനാ ഫലവും, സി സി ടി വി ദൃശ്യങ്ങളും. എന്നാൽ ആരുടെ ടെലിഫോൺ സംഭാഷണമാണ് ഇതെന്നോ, അതിൻറെ വിശദാംശങ്ങളോ ഒന്നും പൊലീസ് കോടതിയിൽ പറഞ്ഞില്ല. 

ഈ ഫോൺ സംഭാഷണം തർജ്ജമ ചെയ്യാൻ പൊലീസ് സമയം ആവശ്യപ്പെടുകയും അതിനായി അടുത്ത ഫെബ്രുവരി 13 വരെ അനുവദിക്കുകയുമായിരുന്നു. പ്രതികളെ റിമാൻറ് ചെയ്തു. 

എങ്ങനെയാണ് കൊലപാതകം നടത്തിയതെന്നോ, ആരാണ് അത് ചെയ്തതെന്നോ, എങ്ങനെ പദ്ധതി തയ്യാറാക്കിയെന്നോ ഒന്നും പൊലീസ് കോടതിയിൽ പറഞ്ഞതേയില്ല. അത്തരമൊരു സൂചന പോലും പൊലീസ് കോടതിയിൽ നൽകിയില്ല എന്ന് ആൻഡ്രിയ പറയുന്നു. 

ആൻഡ്രിയയുടെ വാക്കുകൾ ഇവിടെ കേൾക്കാം.
LISTEN TO
http://audiomedia-sbs.akamaized.net/malayalam_160825_545410.mp3 image

http://audiomedia-sbs.akamaized.net/malayalam_160825_545410.mp3

05:11

സയനൈഡ് എങ്ങനെ വന്നു?

ഈ കേസിലെ ഏറ്റവും പ്രധാന വിഷയമാണ് സയനൈഡ് നൽകി കൊലപ്പെടുത്തി എന്നത്. എന്നാൽ ഈ കാര്യം പൊലീസ് കോടതിയിൽ പറഞ്ഞിട്ടേയില്ല. 

ആൻഡ്രിയ ഹംബ്ലിൻ പൊലീസിലുള്ള സ്വന്തം സോഴ്സ് ഉപയോഗിച്ച കണ്ടെത്തിയ വിവരങ്ങളാണ് ഇത്. പൊലീസ് കുറ്റപത്രത്തിൽ പറയുന്ന വിവരങ്ങളാണ് ഇവയെന്ന് ആൻഡ്രിയ ചൂണ്ടിക്കാട്ടുന്നു. തൻറെ സോഴ്സിൽ തനിക്ക് പൂർണ്ണ വിശ്വാസമുള്ളതുകൊണ്ടാണ് ഇത് റിപ്പോർട്ട് െചയ്തതെന്നും ആൻഡ്രിയ വ്യക്തമാക്കി.
sam Abraham
സയനൈഡ് വിഷയം എസ് ബി എസ് മലയാളവും റിപ്പോർട്ട് ചെയ്തിരുന്നതാണ്. വാർത്താ ഏജൻസി റിപ്പോർട്ടുകളിൽ അതില്ലാത്തതിനാൽ, ഹെറാൾഡ് സണ്ണിനെ ഉദ്ധരിച്ചായിരുന്നു ആ റിപ്പോർട്ട് നൽകിയത്.

ഊഹാപോഹങ്ങൾ റിപ്പോർട്ടാകുന്പോൾ...

കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്പോൾ ഓസ്ട്രേലിയയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. കോടതിയിൽ നടക്കുന്ന കാര്യങ്ങൾ മാത്രമേ മിക്ക കേസിലും റിപ്പോർട്ട് ചെയ്യാൻ കഴിയൂ. അതിനപ്പുറം ബന്ധുക്കളുടെ ആരോപണങ്ങളോ, കൊലപാതകത്തിൻറെ വിശദാംശങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്യാൻ പാടില്ല. 

ഒരു റിപ്പോർട്ടർക്ക് പൊലീസിൻറെ ഭാഗത്തു നിന്ന് വിവരങ്ങൾ ലഭിച്ചാൽ പോലും അത് റിപ്പോർട്ട് ചെയ്യുന്നതിൽ നിയന്ത്രണങ്ങളുണ്ട്. എല്ലാ പ്രമുഖ മാധ്യമസ്ഥാപനങ്ങൾക്കും സ്വന്തമായി ലീഗൽ വിഭാഗമുള്ളതിനാൽ ഇത്തരം വിവരങ്ങൾ നിയമവിദഗ്ധർ കൂടി പരിശോധിച്ച ശേഷമാണ് പ്രസിദ്ധീകരിക്കുന്നത്. 

ശനിയാഴ്ച ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്പോൾ എസ് ബി എസ് മലയാളം ഏറ്റവുമധികം ശ്രദ്ധിച്ച ഒരു കാര്യമുണ്ടായിരുന്നു. ഹെറാൾഡ് സൺ ദിനപത്രത്തെയും വാർത്താ ഏജൻസിയായ എ എ പിയെയും ഉദ്ധരിച്ച് മാത്രമാണ് ഈ വാർത്ത എസ് ബി എസ് നൽകിയത്.

കേസിലെ പ്രതികളെക്കുറിച്ചുള്ള ആരോപണങ്ങളോ, അല്ലെങ്കിൽ അവരെ പിന്തുണയ്ക്കുന്ന വാദമോ പ്രസിദ്ധീകരിക്കുന്ന ഒരു മാധ്യമത്തിനെതിരെ കോടതിയലക്ഷ്യക്കേസ് എടുക്കാൻ ഓസ്ട്രേലിയയിൽ നിയമമുണ്ട്. പ്രത്യേകിച്ചും, ജൂറി സംവിധാനമാണ് ഇത്തരം കേസുകളിലെ വാദത്തിന് സ്വീകരിക്കുന്നത് എന്നതിനാൽ, മാധ്യമങ്ങളില് വരുന്ന വാർത്തകൾ ജൂറിയെ സ്വാധീനിക്കും എന്നാണ് വിലയിരുത്തൽ. 

സമാനമായ ഒരു കേസിൽ വാർത്ത അൽപം തെറ്റി എന്ന പേരിൽ സിഡ്നിയിലുള്ള ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൻറെ റിപ്പോർട്ടറെ വിളിച്ചുവരുത്തി കോടതിയലക്ഷ്യക്കേസെടുക്കാൻ മെൽബണിലെ

ഓൺലൈൻ വാർത്തകളിലെ ചതിക്കുഴികൾ...

മെൽബൺ കേസുമായി ബന്ധപ്പെട്ട് ഇത്തരം വാർത്തകൾ വന്നതിനെക്കുറിച്ച് നിയമവിദഗ്ധരുമായും എസ് ബി എസ് സംസാരിച്ചു. ഇപ്പോൾ വരുന്ന വാർത്തയിലെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ, അത് റിപ്പോർട്ട് ചെയ്യുന്നവർക്കെതിരെ മാത്രമല്ല, പ്രചരിപ്പിക്കുന്നവർക്കെതിരെയും കേസെടുക്കാൻ കഴിയുമെന്നാണ് നിയമവിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഡിഫമേഷൻ (അപകീർത്തികരമായ കാര്യങ്ങൾ പചരിപ്പിച്ചു) വകുപ്പു പ്രകാരം ഈ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കാൻ കഴിയും. 

(എസ് ബി എസ് ലീഗൽ വിഭാഗത്തിൻറെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് ഈ റിപ്പോർട്ട് നൽകുന്നത്. ഞങ്ങൾക്ക് കിട്ടിയ പല സുപ്രധാന വിവരങ്ങളും പ്രസിദ്ധീകരിക്കാൻ നിയമപരമായി കഴിയില്ല എന്ന് ലീഗൽ വിഭാഗം ഉപദേശിച്ചതുകൊണ്ട് അവ നൽകുന്നില്ല)

 

 


Share

Published

Updated

By ദീജു ശിവദാസ്

Share this with family and friends