ഇസ്ലാം മതവിഭാഗത്തിലുള്ളവർക്ക് റംസാൻ പുണ്യമാസത്തിൽ നോമ്പുതുറ ഒത്തുചേരലിന്റെ സമയമാണ്.
സൂര്യോദയം മുതൽ അസ്തമയം വരെ വ്രതമനുഷ്ഠിച്ച ശേഷം ബന്ധുക്കളും സുഹൃത്തുക്കളുമൊത്താണ് നോമ്പ് തുറക്കുന്നത്. വിവിധ തരം വിഭവങ്ങളാണ് നോമ്പ് തുറക്കലിന് അഥവാ ഇഫ്താർ സംഗമത്തിന് ഒരുക്കുന്നത്.
പലതരത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് പുണ്യ കർമ്മം ചെയ്യുക എന്നതും റംസാൻ മാസത്തിന്റെ മറ്റൊരു പ്രത്യേകതയാണെന്നും, അതിനാൽ മെൽബണിലെ കുറച്ചു ഭവനരഹിതർക്ക് വിരുന്ന് നൽകിയാണ് കഴിഞ്ഞ ദിവസം നോമ്പ് തുറന്നതെന്നും KMCC മെൽബൺ പ്രതിനിധി ഷിയാസ് ഖാലിദ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ബ്രെ ബ്രുക് കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് KMCC യുടെ ആഭിമുഖ്യത്തിൽ ഭവനരഹിതർക്കായി ഇഫ്താർ വിരുന്നൊരുക്കിയത്.
വിക്ടോറിയ ആസ്ഥാനമായുള്ള 300 ബ്ലാങ്കറ്റ്സ് എന്ന ചാരിറ്റി സംഘടനയുമായി ചേർന്ന് മെയ് രണ്ടിനായിരുന്നു ഭവനരഹിതർക്കായി KMCC നോമ്പുതുറ സംഘടിപ്പിച്ചത്.
ഭവനരഹിതരായ 40ലേറെ പേർ ഇഫ്താർ വിരുന്നിനെത്തിയെന്ന് ഷിയാസ് പറഞ്ഞു.

Source: Supplied/Shiyas Khalid
KMCC അംഗങ്ങൾ മാത്രം ഒത്തുകൂടിയാണ് സാധാരണ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നത്, എന്നാൽ ജീവകാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം കൊടുക്കുന്ന സംഘടന എന്ന നിലയ്ക്കാണ് ഇത്തവണ വ്യത്യസ്തമായ രീതിയിൽ ഇഫ്താർ വിരുന്നു നൽകിയതെന്നും ഷിയാസ് ചൂണ്ടിക്കാട്ടി.
300 ബ്ലാങ്കറ്റ്സ് എന്ന സംഘടനയുടെ പട്ടികയിലുള്ള 50 പേരെയാണ് വിരുന്നിന് ക്ഷണിച്ചതെന്നും ഇതിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 41 പേർ ഈ വിരുന്നിൽ പങ്കെടുത്തുവെന്നും ഷിയാസ് പറഞ്ഞു.
KMCC അംഗങ്ങൾ ചേർന്ന് പാചകം ചെയ്ത ഇന്ത്യൻ വിഭവങ്ങളും പഴവർഗ്ഗങ്ങളുമായിരുന്നു വിരുന്നിലെ വിഭവങ്ങൾ.
ഏറെ സന്തോഷത്തോടെ വിരുന്നിനെത്തിയ ഇവർ ഇത്തരത്തിലൊരു ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിൽ നന്ദി അറിയിക്കുകയും ചെയ്തുവെന്നും ഷിയാസ് പറഞ്ഞു.

Source: Supplied/Shiyas Khalid