ഓസ്ട്രേലിയയിൽ പുതുക്കിയ പൗരത്വപരീക്ഷ പ്രാബല്യത്തിൽ: നിങ്ങൾക്ക് ജയിക്കാൻ കഴിയുമോ?

ഓസ്ട്രേലിയൻ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പുതിയ പൗരത്വ പരീക്ഷ നിലവിൽ വന്നു.

Australian citizenship

Source: AAP

ഓസ്ട്രേലിയൻ പൗരത്വം നേടുന്നതിനുള്ള പരീക്ഷയിൽ സമഗ്രമായ അഴിച്ചുപണി നടത്താനുള്ള ഫെഡറൽ സർക്കാർ നീക്കം നേരത്തേ പാർലമെന്റിൽ പരാജയപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ്, ഓസ്ട്രേലിയൻ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പരീക്ഷാ രീതി പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചത്.

നവംബർ 15 ഞായറാഴ്ച മുതൽ പുതിയ പരീക്ഷാ രീതി നിലവിൽ വന്നു.

“പൗരത്വം നേടുന്നവർ ഓസ്ട്രേലിയൻ മൂല്യങ്ങളായ അഭിപ്രായ സ്വാതന്ത്ര്യം, പരസ്പര ബഹുമാനം, അവസര സമത്വം, ജനാധിപത്യം, നിയമവാഴ്ച തുടങ്ങിയവ മനസിലാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനാണ് ഈ മാറ്റം,” പരീക്ഷാ മാറ്റം പ്രഖ്യാപിച്ചപ്പോൾ കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജ് ചൂണ്ടിക്കാട്ടിയിരുന്നു.
Alan Tudge at Parliament House in Canberra
Alan Tudge at Parliament House in Canberra Source: AAP

മാറ്റങ്ങൾ ഇവ

പരീക്ഷയുടെ ആകെ ഘടനയിൽ മാറ്റമുണ്ടായിട്ടില്ല.

മുമ്പുണ്ടായിരുന്നതുപോലെ 20 ചോദ്യങ്ങൾ തന്നെയാണ് പുതുക്കിയ പരീക്ഷയിലുമുള്ളത്.

ഓരോ ചോദ്യത്തിനും മൂന്ന് ഉത്തരങ്ങൾ നൽകുകയും, അതിൽ നിന്ന് ഏറ്റവും ശരിയായത് തെരഞ്ഞെടുക്കുകയുമാണ് വേണ്ടത്.

എന്നാൽ, ഈ 20 ചോദ്യങ്ങളിൽ ഏറ്റവും അവസാനത്തെ അഞ്ചു ചോദ്യങ്ങൾ ഓസ്ട്രേലിയൻ മൂല്യങ്ങളെക്കുറിച്ചുള്ളതാക്കി മാറ്റി.
ഈ അഞ്ചു ചോദ്യങ്ങളിൽ ഒന്നു തെറ്റിയാൽ പോലും പരീക്ഷയിൽ പരാജയപ്പെടും.
എന്നാൽ ആകെ 75 ശതമാനം മാർക്ക് നേടിയാൽ മതി.
LISTEN TO
How to become an Australian citizen? image

എങ്ങനെ ഒരു ഓസ്‌ട്രേലിയൻ പൗരനാകാം?

SBS Malayalam

10:10
മൂല്യങ്ങളെക്കുറിച്ചുള്ള അഞ്ചു ചോദ്യങ്ങളും ശരിയാക്കുകയും, ബാക്കിയുള്ള 15 ചോദ്യങ്ങളിൽ പത്തെണ്ണം ശരിയാക്കുകയും ചെയ്യുന്നവർക്ക് പരീക്ഷയിൽ ജയിക്കാം.

നിങ്ങൾക്ക് ജയിക്കാൻ കഴിയുമോ?

ഓസ്ട്രേലിയൻ പൗരത്വം എടുക്കാൻ ശ്രമിക്കുന്നയാളാണ് നിങ്ങളെങ്കിൽ ഈ പരിശീലന പരീക്ഷ ചെയ്തു നോക്കുക.

അഥവാ പൗരത്വം കിട്ടിക്കഴിഞ്ഞെങ്കിൽ, അവസാനത്തെ അഞ്ചു ചോദ്യങ്ങൾ (മൂല്യങ്ങളെക്കുറിച്ചുള്ളത്) നിങ്ങൾക്കറിയാമോ എന്ന് പരീക്ഷിക്കാം.

പരിശീലിക്കാം...

ഓസ്ട്രേലിയൻ സിറ്റിസൺഷിപ്പ്: ഔർ കോമൺ ബോണ്ട് എന്ന ഒരു ലഘുപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പൗരത്വ പരീക്ഷയിലെ ചോദ്യങ്ങൾ വരുന്നത്.

പൗരത്വ പരീക്ഷക്കുമപ്പുറം, ഓസ്ട്രേലിയയെക്കുറിച്ച് കൂടുതൽ പഠിക്കാൻ അവസരമൊരുക്കുന്നതാണ് ഇത്.

ഇതും സർക്കാർ പരിഷ്കരിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ മൂല്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇത് പരിഷ്കരിച്ചിരിക്കുന്നത്.

നിലവിൽ, ഓസ്ട്രേലിയയും ജനങ്ങളും, ഓസ്ട്രേലിയൻ ജനാധിപത്യ വിശ്വാസവും, അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും, ഓസ്ട്രേലിയൻ നിയമവും സർക്കാരും എന്നീ മൂന്നു ഭാഗങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

അതിനൊപ്പം, ഓസ്ട്രേലിയൻ മൂല്യങ്ങൾ എന്ന ഭാഗം കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.

അതേസമയം, പൗരത്വം ലഭിക്കാൻ ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലോ, റെസിഡൻസി മാനദണ്ഡങ്ങളിലോ മാറ്റം വരുത്തിയിട്ടില്ല.


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends