OCI പുതുക്കാത്തവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര നിഷേധിച്ചു; വ്യത്യസ്ത വാദങ്ങളുമായി അധികൃതര്‍

പുതുക്കിയ ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ച നിരവധി OCI കാര്‍ഡുടമകളെ വിമാനക്കമ്പനികള്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി. ഇതേക്കുറിച്ച് പരസ്പര വിരുദ്ധമായ വിശദീകരണങ്ങളാണ് ഇന്ത്യന്‍ കോണ്‍സുലേറ്റും വിമാനക്കമ്പനികളും നല്‍കുന്നത്.

OCI card

Source: Wikipedia (Public Domain)

ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനൊരുങ്ങിയ നിരവധി യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവം SBS പഞ്ചാബി പരിപാടിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുതുക്കിയ ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ട് നമ്പരും OCI കാര്‍ഡിലെ നമ്പരും ഒന്നല്ല എന്നു ചൂണ്ടിക്കാട്ടിയാണ് വിമാനക്കമ്പനികള്‍ യാത്ര തടഞ്ഞത്. യാത്രക്കാരെ ചെക്കിന്‍ ചെയ്യാന്‍ വിമാനക്കമ്പനികള്‍ അനുവദിച്ചില്ല.

തായ് എയര്‍വേയ്‌സില്‍ ബിസിനസ് ക്ലാസില്‍ ഇന്ത്യയിലേക്ക് പോകാനൊരുങ്ങിയ പ്രായമേറിയ അച്ഛനമ്മമാര്‍ക്ക് എയര്‍ലൈന്‍ കൗണ്ടറിലെത്തിയപ്പോള്‍ മാത്രമാണ് ഇത്തരമൊരു അറിയിപ്പ് കിട്ടിയതെന്ന് എസ് ബി എസ് പഞ്ചാബിയുടെ ഒരു ശ്രോതാവ് പറഞ്ഞു.

ഇതേക്കുറിച്ച് വിമാനക്കമ്പനികള്‍ ജീവനക്കാര്‍ക്ക് അയച്ചിട്ടുള്ള ഇമെയിലും കൗണ്ടര്‍ ജീവനക്കാര്‍ കാട്ടിയതായി ഈ യാത്രക്കാര്‍ അറിയിച്ചു.
Internal memo sent to airline check in staff at Melbourne Airport
Internal memo sent to airline check in staff at Melbourne Airport Source: Supplied
'21 വയസില്‍ താഴെയുള്ള യാത്രക്കാരെയും, 50 വയസിനു മേലുള്ള യാത്രക്കാരെയും OCI കാര്‍ഡും പുതുക്കിയാല്‍ മാത്രം യാത്ര ചെയ്താല്‍ അനുവദിച്ചാല്‍ മതി'  എന്നാണ് ഇമെയിലില്‍ പറയുന്നത്.

പുതുക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍

OCI കാര്‍ഡ് പുതുക്കുന്നത് സംബന്ധിച്ചുള്ള നിയമങ്ങളില്‍ 2016ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

ഈ നിയമപ്രകാരം 20 വയസു വരെയുള്ളവര്‍ ഓരോ തവണ ഓസ്‌ട്രേലിയന്‍ വിദേശ പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴും OCI കാര്‍ഡും പുതുക്കണം.

21 വയസുമുതല്‍ 50 വയസു വരെയുള്ളവര്‍ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ OCI കാര്‍ഡ് പുതുക്കേണ്ടതില്ല. എന്നാല്‍ OCI കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള പഴയ പാസ്‌പോര്‍ട്ട് കൂടി യാത്ര ചെയ്യുമ്പോള്‍ കൈയില്‍ കരുതണം.

50 വയസിനു മേല്‍ പ്രായമുള്ളവര്‍ പിന്നീട് ഒരിക്കല്‍ മാത്രം പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ OCI കാര്‍ഡും പുതുക്കണം. എന്നാല്‍ ഒന്നിലേറെ തവണ പാസ്‌പോര്‍ട്ട് പുതുക്കിയാല്‍ അതിനൊപ്പം OCI പുതുക്കേണ്ടതില്ല.

OCI കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള പഴയ പാസ്‌പോര്‍ട്ട് കൂടി കൈയില്‍ കരുതിയാല്‍ മതിയാകും.

നിരവധി OCI കാര്‍ഡുടമകളുടെ യാത്ര മുടങ്ങിയ സാഹചര്യത്തില്‍ മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

50 വയസു കഴിഞ്ഞവര്‍ ഒറ്റ തവണ മാത്രം OCI കാര്‍ഡ് പുതുക്കിയാല്‍ മതി എന്ന് ഇതില്‍ കോണ്‍സുലേറ്റ് അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്യുന്നു.
OCI Cards - press release by Consulate General of India, Melbourne
Press release by Consulate General of India, Melbourne Source: CGI Melbourne
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്തതായും മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രാജ് കുമാര്‍ അറിയിച്ചു.

സിംഗപ്പൂരില്‍ വിമാനക്കമ്പനി ആസ്ഥാനത്തു നിന്നുള്ള നിര്‌ദ്ദേശപ്രകാരമാണ് ഈ തീരുമാനമെന്ന് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അദ്ദേഹം എസ് ബി എസ് പഞ്ചാബി പരിപാടിയോട് പറഞ്ഞു.


Share

Published

Updated

By Manpreet K Singh
Presented by SBS Malayalam
Source: SBS


Share this with family and friends