പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ എടുത്തു: ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന അപരിചിതരായ കുട്ടികളെ എടുത്തതിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു. സച്ചിന്‍ ശര്‍മ്മ എന്ന 18 വയസുകാരനാണ് കേസ് നേരിടുന്നത്.

Indian student

18-year-old Indian student faces court over two counts of common assault in Sydney. Source: 7News

പശ്ചിമ സിഡ്‌നിയിലെ ഓബണിലുള്ള മോന പാര്‍ക്കിലാണ് ജൂണ്‍ 29ന് കേസിനാസ്പദമായ സംഭവമുണ്ടായത്.

സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയിലേക്കെത്തിയിട്ട് ഒരാഴ്ച മാത്രം ആയിരുന്ന സച്ചിന്‍ ശര്‍മ്മ, പാര്‍ക്കില്‍ സീ-സോയില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികളെ 'കൈയേറ്റം ചെയ്തു' (Common assault) എന്നാണ് കേസ്.

മൂന്നു വയസുള്ള ഒരു കുട്ടിയുടെ കൈയില്‍ സച്ചിന്‍ ശര്‍മ്മ പിടിച്ചു എന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് ബര്‍വുഡ് കോടതിയെ അറിയിച്ചു. രണ്ടു വയസുള്ള മറ്റൊരു കുട്ടിയെ സീ-സോയില്‍ നിന്ന് എടുക്കുകയും, പിന്നീട് കുട്ടിയുടെ രക്ഷിതാക്കള്‍ ഇടപെട്ടപ്പോള്‍ തിരിച്ചു വയ്ക്കുകയും ചെയ്തു.
ഈ 18കാരന്‍ പാര്‍ക്കില്‍ നിന്ന് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും രക്ഷിതാക്കള്‍ പകര്ത്തിയിരുന്നു. രക്ഷിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പാര്‍ക്കിലെത്തിയ പൊലീസ് അവിടെയുണ്ടായിരുന്നവരോട് സംസാരിക്കുകയും ചെയ്തു.

സമീപത്തു നിന്ന് സച്ചിന്‍ ശര്‍മ്മയെ അറസ്റ്റു ചെയ്ത പൊലീസ്, കുട്ടികളെ കെയേറ്റം ചെയ്തു എന്ന വകുപ്പാണ് ചുമത്തിയത്.

കോടതിയില്‍ ഹാജരാക്കിയ സച്ചിന്‍ ശര്‍മ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണമെന്നും, മോന പാര്‍ക്കിന്റെ സമീപത്തേക്ക് പോകരുത് എന്നുമാണ് ജാമ്യ വ്യവസ്ഥകള്‍.

അടുത്ത മാസം കേസ് വീണ്ടും കോടതി പരിഗണിക്കും. കേസ് കോടതിയില്‍ നേരിടുമെന്ന് സച്ചിന്‍ ശര്‍മ്മയുടെ അഭിഭാഷകന്‍ പറഞ്ഞു.




Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends