ബാഗില്‍ 36 കാര്‍ട്ടന്‍ സിഗരറ്റുമായി ഓസ്‌ട്രേലിയയിലേക്ക് എത്തിയയാള്‍ക്ക് 40,000 ഡോളര്‍ പിഴ

കസ്റ്റംസ് പരിശോധയില്‍ വെളിപ്പെടുത്താതെ 36 കാര്ട്ടന്‍ സിഗരറ്റുകള്‍ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചയാള്‍ക്ക് കോടതി 40,000 ഡോളര്‍ പിഴശിക്ഷ വിധിച്ചു.

cigarettes

cigarettes Source: Pixabay

പെര്‍ത്ത് വിമാനത്താവളത്തിലൂടെ സിഗരറ്റുകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

2018ല്‍ 34കാരനായ ഒരു ഓസ്‌ട്രേലിയന്‍ പൗരനാണ് രാജ്യത്തേക്കുള്ള മടക്കയാത്രയില്‍ സിഗരറ്റുകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നായിരുന്നു ഇയാള്‍ സിഗരറ്റ് വാങ്ങിയത്.

36 കാര്‍ട്ടനുകളിലായി ആകെ 7,200 സിഗരറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
നികുതി അടയ്ക്കാതെ ഓസ്‌ട്രേലിയയിലേക്ക് കൊ്ണ്ടുവരാന്‍ കഴിയുന്ന സിഗരറ്റുകളുടെ എണ്ണം 25 മാത്രമാണ്.
എന്നാല്‍ വിമാനത്താവളത്തില്‍ പൂരിപ്പിച്ചു നല്‍കേണ്ട ഇന്‍കമിംഗ് പാസഞ്ചര്‍ കാര്‍ഡില്‍ ഇയാള്‍ ഈ സിഗരറ്റുകളെക്കുറിച്ച് പരാമര്‍ശിച്ചില്ല.

വിമാനത്താവള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടു സ്യൂട്ട്‌കേസുകളിലായി 36 കാര്‍ട്ടന്‍ സിഗരറ്റുകള്‍ കണ്ടുപിടിച്ചത്.
9a5b15d8-aa56-45a8-a0c1-2ea075ad5ac2.guest-embed
Source:

ബോര്‍ഡര്‍ ഫോഴ്‌സ് ചുമത്തിയ മൂന്നു കുറ്റങ്ങളും ഇയാള്‍ കോടതിയില്‍ സമ്മതിച്ചു.  തുടര്‍ന്നാണ് പെര്‍ത്ത് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

സിഗരറ്റുകള്‍ കടത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് 14,000 ഡോളറും, നികുതി വെട്ടിക്കാന്‍ ശ്രമിച്ചതിന് 15,000 ഡോളറും പിഴ നല്‍കണം.

പാസഞ്ചര്‍ കാര്‍ഡില്‍ രേഖപ്പെടുത്താതെ കസ്റ്റംസ് ഓഫീസറെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് 7,500 ഡോളര്‍ പിഴ.

ഇതിനു പുറമേ പ്രോസിക്യൂഷനുണ്ടായ കോടതി ചെലവായി 2,652.73 ഡോളര്‍ നല്‍കാനും ഇയാളോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

കാര്‍ട്ടന്‍ ഒന്നിന് 25 ഡോളര്‍ വിലയിലാണ് ഇയാള്‍ ബാലിയില്‍ നിന്ന് സിഗരറ്റ് വാങ്ങിയത്. ഓസ്‌ട്രേലിയയിലെ സുഹൃത്തുക്കള്‍ക്ക് 120 മുതല്‍ 150 വരെ ഡോളറിന് ഇത് വില്‍ക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് കോടതിയെ അറിയിച്ചു.

ബാഗില്‍ സിഗരറ്റുള്ള കാര്യം വിമാനത്താവളത്തില്‍ വെളിപ്പെടുത്തിയിരുന്നെങ്കില്‍ നികുതി ഇനത്തില്‍ 5,800 ഡോളര്‍ മാത്രായിരിക്കും ഇയാള്‍ നല്‍കേണ്ടിയിരുന്നതെന്ന് ബോര്‍ഡര്‍ ഫോഴ്‌സ് റീജിയണല്‍ കമാന്റര്‍ റോഡ് ഒ'ഡോണല്‍ പറഞ്ഞു.


Share
Published 7 February 2020 3:37pm
Updated 7 February 2020 3:39pm
By SBS Malayalam
Source: SBS

Share this with family and friends