വിക്ടോറിയൻ സുപ്രീം കോടതിയിൽ പതിനാലംഗ ജൂറിക്ക് മുന്നിലാണ് കേസിന്റെ അന്തിമ വിചാരണ നടക്കുന്നത്. പ്രതികളായ സോഫിയ സാമിനെയും അരുൺ കമലാസനനെയും വിചാരണക്കായി കോടതിയിൽ ഹാജരാക്കിയിരുന്നു.
സോഫിയയും അരുണും തമ്മിലുള്ള ബന്ധത്തിന് തെളിവായി ഇരുവരുടെയും ഡയറിക്കുറിപ്പുകളാണ് വിചാരണയുടെ ആദ്യദിവസം പ്രോസിക്യൂഷൻ ഹാജരാക്കിയത്. 2013 ജനുവരി മുതൽ സോഫിയ ഡയറിക്കുറിപ്പുകൾ എഴുതിയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി മലയാളം എന്നീ ഭാഷകളിലായാണ് സോഫിയ ഡയറി എഴുതിയിരിക്കുന്നത്.
ഒരു രഹസ്യം ഉള്ളതുകൊണ്ടാണ് ഈ ഡയറി എഴുതുന്നതെന്നും, അത് പിന്നീട് പറയാമെന്നും അരുണിനോട് എന്ന പോലെ ഈ ഡയറിയിൽ സോഫിയ എഴുതിയിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള പ്രണയത്തെ സൂചിപ്പിക്കുന്ന നിരവധി വാചകങ്ങളും ഡയറിയിൽ നിന്ന് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
അരുൺ കമലാസനനും സമാനമായ തരത്തിൽ മറ്റൊരു ഡയറി എഴുതിയിരുന്നുവെന്ന് പ്രോസിക്യൂട്ടർ കെറി ജഡ്, QC, ജൂറിയെ അറിയിച്ചു.
2013 ജൂലൈയിൽ കേരളത്തിൽ നിന്ന് മെൽബണിലേക്ക് സ്റ്റുഡന്റ് വിസയിലാണ് അരുൺ കമലാസനൻ എത്തിയതെന്നും, ഈ സമയത്തുള്ള കാര്യങ്ങൾ അരുണും ഡയറിയിൽ എഴുതിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
ജൂറിക്കു മുന്നിലുള്ള വിചാരണ നടപടികൾ വരും ദിവസങ്ങളിലും തുടരും.
2015 ഒക്ടോബറിലാണ് സാം എബ്രഹാമിനെ മെൽബണിലെ എപ്പിങ്ങിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമിന്റെ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുൺ കമലാസനനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
ഈ കേസിന്റെ പ്രാരംഭ വാദം ജൂൺ മാസത്തിൽ നടന്നിരുന്നു. ഇതിൽ സോഫിയയും അരുൺ കമലാസനനും കോടതിയിൽ കുറ്റം നിഷേധിച്ചിരുന്നു. കേസിലെ തെളിവുകളെക്കുറിച്ച് പ്രധാന സാക്ഷികളുടെ ക്രോസ് വിസ്താരവും നടന്നിരുന്നു.