കേരളത്തനിമയിൽ പെർത്ത് നഗരം: നഗരമധ്യത്തിൽ മെഗാ തിരുവാതിരയുമായി ഇന്ത്യൻ സമൂഹം

പെർത്ത് നഗരമധ്യത്തിൽ 300 ലേറെ പേരെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ തിരുവാതിര സംഘടിപ്പിച്ചിരിക്കുകയാണ് മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ.

mega thiruvathira

Source: Supplied/MAWA

ഓസ്‌ട്രേലിയൻ ജനതയുടെ പകുതിയിലേറെയും ഇപ്പോൾ ലോക്ക്ഡൗണിലാണ്. ഒത്തുചേരലുകളും ആഘോഷങ്ങളുമെല്ലാം പലർക്കും രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്ന ചില നല്ല ഓർമ്മകൾ മാത്രമാണ്.

ഓസ്‌ട്രേലിയയുടെ ഒരു ഭാഗത്ത് ജനങ്ങൾ മഹാമാരിയെ ഭയന്ന് വീടിനുള്ളിൽ ഒതുങ്ങിക്കൂടുകയാണെങ്കിൽ, മറുഭാഗത്ത് ജനജീവിതം സാധാരണനിലയിലായിരിക്കുകയാണ്.

അത്തരത്തിൽ ജീവിതം സാധാരണനിലയിലേക്ക് മാറിയ സംസ്ഥാനങ്ങളിൽ ഒന്നാണ് വെസ്റ്റേൺ ഓസ്ട്രേലിയ. ഇവിടുത്തെ മലയാളി സമൂഹം .

ഓണാഘോഷത്തിന് ശേഷം, പെർത്ത് നഗമധ്യത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചിരിക്കുകയാണ് മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ ഇപ്പോൾ.
megathiruvathira Perth
Source: Supplied/MAWA
പെർത്ത് നഗരത്തിലെ വെല്ലിംഗ്ടൺ സ്‌ക്വയറിൽ സെപ്റ്റംബർ 11ന് നടന്ന മെഗാ തിരുവാതിരയിൽ 300ലേറെ പേരാണ് പങ്കെടുത്തത്.

ഈ വർഷം സിൽവർ ജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ (MAWA) അംഗങ്ങളുടെ രണ്ട് മാസം നീണ്ട പരിശ്രമത്തിന്റെ ഫലമായിരുന്നു ഈ പരിപാടി.

തിരുവാതിരക്ക് മുന്നോടിയായി ചെണ്ടമേളവും നഗരമധ്യത്തിൽ അരങ്ങേറി. കേരളത്തനിമ നിറഞ്ഞു നിന്ന ഒരു സായാഹ്നത്തിനായിരുന്നു പെർത്ത് നഗരം സാക്ഷ്യം വഹിച്ചത്.

കേരളത്തിന്റെ കലയും സംസ്കാരവും മറ്റുള്ളവർക്കും മനസിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് നഗരമധ്യത്തിൽ തന്നെ മെഗാ തിരുവാതിര സംഘടിപ്പിച്ചതെന്ന് MAWA യുടെ പ്രസിഡന്റ് അരുൺ വി നായർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
megathiruvathira Perth
Source: Supplied/MAWA
കേരളത്തിന്റെ തനതായ കല പെർത്ത് നഗരമധ്യത്തിൽ അരങ്ങേറിയപ്പോൾ, മലയാളികൾ മാത്രമായിരുന്നില്ല പരിപാടിയിൽ പങ്കെടുത്തത്. മറിച്ച് വിവിധ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ളവരും ഈ മെഗാ തിരുവാതിരയിൽ പങ്കുചേർന്നു. 

ഇന്ത്യൻ സമൂഹത്തെ പങ്കെടുപ്പിക്കാനായി പെർത്തിലെ വിവിധ ഇന്ത്യൻ സമൂഹത്തെ ബന്ധപ്പെട്ടുവെന്നും, ഇതേതുടർന്ന് നിരവധി പേർ താല്പര്യം പ്രകടിപ്പിച്ച്  മുൻപോട്ടു വരികയുമായിരുന്നെന്ന് അരുൺ പറയുന്നു.

മലയാളികളിൽ മാത്രം ഒതുക്കി നിർത്താതെ, ഇന്ത്യൻ സമൂഹത്തെ ഒന്നടങ്കം ഇതിൽ പങ്കാളികളാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അരുൺ ചൂണ്ടിക്കാട്ടി.

പെർത്തിലെ വിവിധ പ്രദേശങ്ങളിലുള്ള 300 ലേറെ പേരെ ഒരുമിച്ചുകൊണ്ട് വന്ന് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ലെന്നും, എന്നാൽ കഠിനാധ്വാനവും ഒത്തൊരുമയുമാണ് ഇത് സാധ്യമാക്കിയതെന്നും തിരുവാതിരയുടെ കൊറിയോഗ്രാഫർ ആയ സിന്ധു നായർ പറയുന്നു.
megathiruvathira Perth
Source: Supplied/MAWA
മലയാളികൾക്ക് പുറമെ തമിഴരും, ഗുജറാത്തികളും, ബംഗാളികളും ഉൾപ്പെടെയുള്ളവരുമെല്ലാം താത്പര്യം പ്രകടിപ്പിച്ചതോടെ, ലളിതമായ ചുവടുകൾ കോർത്തിണക്കിയാണ് സിന്ധു നൃത്തം ക്രമീകരിച്ചത്.

സംഗീതത്തിനും നൃത്തത്തിനും ഭാഷയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഇത്രയും പേർ ചേർന്ന് വിജയകരമായി അവതരിപ്പിച്ച ഈ പരിപാടിയെന്നും സിന്ധു ചൂണ്ടിക്കാട്ടി.

കൊവിഡ് നിയന്ത്രണങ്ങളൊന്നും നിലനിൽക്കുന്നില്ലെങ്കിലും, കൊവിഡ് സുരക്ഷയ്ക്ക് മുൻ‌തൂക്കം കൊടുത്തുകൊണ്ടാണ് ഇവർ പരിപാടി അവതരിപ്പിച്ചത്.
തിരുവാതിരയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുമ്മിയടി. ഒന്നര മീറ്റർ അകലം പാലിച്ച് നിന്ന നർത്തകിമാർ, സമീപത്തു നിന്നവരുടെ കൈകളിൽ തൊടാതെയാണ് തിരുവാതിരയുടെ ഈ ഭാഗം അവതരിപ്പിച്ചതെന്നും സിന്ധു പറഞ്ഞു.

ഈ മെഗാ തിരുവാതിരയുടെ കൊർഡിനേറ്റർമാരിൽ ഒരാളാണ് ജീന സജു. പെർത്തിലെ വിവിധയിടങ്ങളിൽ 10 കൊർഡിനേറ്റർമാരെ കണ്ടെത്തുകയും, ഇതിൽ പങ്കെടുക്കാൻ താത്പര്യത്തോടെ മുൻപോട്ടുവന്നവർ നൃത്തത്തിന്റെ വീഡിയോ കണ്ട് പരിശീലിക്കുകയുമാണ് ചെയ്തതെന്ന് ജീന പറയുന്നു.
megathiruvathira Perth
Source: Supplied/MAWA
തരുവാതിരയിൽ പങ്കെടുത്തവർക്കുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടെത്തുക എന്നത് കഠിനമായ ജോലിയായിരുന്നു ഇവർക്ക്. എന്നാൽ പലരിൽ നിന്ന് കടം വാങ്ങുകയും, 150 ഓളം വസ്ത്രങ്ങൾ കേരളത്തിൽ നിന്ന് എത്തിക്കുകയും ചെയ്തുവെന്നും ജീന പറയുന്നു.

നഗരമധ്യത്തിലായിരുന്നതുകൊണ്ട് തന്നെ 1,000 ലേറെ പേർ പരിപാടി ആസ്വദിക്കാനെത്തിയെന്നും,  ഓസ്‌ട്രേലിയക്കാരുൾപ്പെടയുള്ളവരിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അരുൺ പറഞ്ഞു.

പരിപാടി കഴിയുന്നതുവരെ ലോക്ക്ഡൗൺ ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു സംഘാടകർ. എന്നാൽ, ഈ കൊറോണക്കാലത്തും കേരളത്തിന്റെ കലയും സംസ്കാരവും മറ്റുള്ളവരിലേക്കും പകർന്നുകൊടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മെഗാ തിരുവാതിരയുടെ സംഘാടകർ.

 


Share

Published

Updated

By Salvi Manish

Share this with family and friends