'കാത്തിരിക്കണ്ട, നിങ്ങളെ രക്ഷിക്കാന്‍ കുതിരപ്പുറത്തേറി ഇനി ഒരു ഹീറോയും വരാനില്ല.'
പ്രമുഖ ക്രിക്കറ്റ് ലേഖകനായ റോബര്‍ട്ട് കാഡക്ക് ഡെയ്‌ലി ടെലിഗ്രാഫിലെഴുതിയ കോളമാണ്.
"ഇതൊരു ചരിത്രപരമായ തോല്‍വിയാണ്. പക്ഷേ എങ്ങനെ കരകയറണമെന്ന് ഈ ഇന്ത്യന്‍ ടീമിനെ നോക്കിപ്പഠിക്കാം" എന്ന തലക്കെട്ടോടുകൂടിയാണ് ഈ കോളം.
ഒരാള്‍ മാത്രമല്ല, എല്ലാ ക്രിക്കറ്റ് പണ്ഡിതരും. ഒരു പത്രം മാത്രമല്ല, പത്രങ്ങളായ പത്രങ്ങളൊക്കെയും.
മുന്‍ പേജില്‍ നിറയുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രവുമായായിരുന്നു എല്ലാ പത്രങ്ങളും ഇന്ന് പുറത്തിറങ്ങിയത്.
ഗാബയിലെ ഇന്ത്യന്‍ അത്ഭുതത്തെക്കുറിച്ചായിരുന്നു എല്ലാ പത്രങ്ങളുടെയും തലക്കെട്ട്. ഒപ്പം, ഇത് ഓസ്‌ട്രേലിയയ്ക്ക് നല്‍കുന്ന വേദനയെയും.

Source: Courtesy: Daily Telegraph
ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിന്‌റെ പേരിലെ പെയ്ന്‍ (Paine) എന്ന വാക്ക്, വേദനയാക്കിയായിരുന്നു (pain) വാക്കുകൊണ്ടുള്ള കളികള്‍.
പക്ഷേ അതിനിടയില്‍, പിച്ചിലേറ്റ തോല്‍വിക്ക് ഓസ്‌ട്രേലിയയെ ക്രൂശിച്ച തലക്കെട്ടിട്ടത് ന്യൂസ് കോര്‍പ്പിന്റെ പത്രമായ ദ ഹെറാള്‍ഡ് സണ്ണാണ്.
Aussies gets Pantsed, അഥവാ ഓസീസിന്റെ പാന്റ്‌സൂരി എന്നായിരുന്നു ഈ പത്രം എഴുതിയത്.
റിഷഫ് പന്തിന്റെ (Pant) പേരുവച്ച് ഓസ്‌ട്രേലിയയ്ക്ക് ഒരു ബീമര്‍.

Source: Courtesy of Herald Sun
ന്യൂസ് കോര്‍പ്പ് പത്രങ്ങളായ ഹെറാള്‍ഡ് സണ്ണും, ഡെയ്‌ലി ടെലഗ്രാഫുമൊക്കെ ഒന്നാം പേജിനു പുറമേ അഞ്ചു പേജുകല്‍ കൂടിയാണ് ഇന്ത്യയുടെ വിജയവും, ഓസീസിന്റെ പരാജയവും വിശദീകരിക്കാന്‍ നീക്കിവച്ചത്.
ദ ഏജും, സിഡ്‌നി മോണിംഗ് ഹെറാള്‍ഡുമൊക്കെ നാലു പേജുകളും.
സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളെ വാക്കുകൊണ്ട് അധിക്ഷേപിച്ച ഓസീസ് ക്യാപ്റ്റനെയും കളിയെഴുത്തുകാര്‍ കണക്കിന് കളിയാക്കി.
'ഗാബയിലേക്ക് എത്താന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍' എന്നാണ് ടിം പെയ്ന്‍ കഴിഞ്ഞയാഴ്ച ഇന്ത്യന്‍ താരങ്ങളോട് പറഞ്ഞത്.
ഇതിനായിരുന്നോ കാത്തിരുന്നത് -ഒരു കോളമിസ്റ്റ് ചോദിക്കുന്നു.
നന്ദി ഇന്ത്യ, ഒരായിരം നന്ദി
ക്രിക്കറ്റ് കോളമിസ്റ്റ് ഗ്രെഗ് ബൗമിന്റെ കോളം തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്.
ഒരു ക്ലാസിക് പരമ്പരയും, അസാധാരണ ദിവസവും സമ്മാനിച്ചതിന് തുടങ്ങി, കളിക്കളത്തില്‍ മനോഹര നിമിഷങ്ങള്‍ സമ്മാനിച്ച ഓരോ ഇന്ത്യന്‍ കളിക്കാര്ക്കും നന്ദി പറയുന്ന കോളം.
റിഷഭ് പന്തിന്റെ അവിശ്വസനീയ പോരാട്ടത്തെ ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഒറ്റയാള്‍ പോരാട്ടത്തോടാണ് പല പത്രങ്ങളും താരതമ്യം ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തെ ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ടിനെ പത്താം വിക്കറ്റ് കൂട്ടുകെട്ടില്‍ വിജയത്തിലേക്ക് നയിച്ച ബെന്‍ സ്റ്റോക്ക്‌സ് ഇന്നിംഗ്‌സുമായി.
പക്ഷേ അതോടൊപ്പം എല്ലാ ഓസീസ് കളിയെഴുത്തുകാരും ഒരു താരത്തെക്കൂടി ഓര്‍ത്തു.
ചേതേശ്വര്‍ പൂജാരയെ.
മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ ഓസീസ് പേസര്‍മാര#്ക്ക് മുന്നില്‍, 211 പന്ത് പിടിച്ചുനിന്ന് 56 റണ്‍സെടുത്ത പൂജാരയുടെ ഇന്നിംഗ്‌സിനെക്കുറിച്ചു പറയാന്‍ വാക്കുകള്‍ പോരാ എന്നായിരുന്നു പലരും പറഞ്ഞത്.
മൈക്ക് ടൈസനുമായി പത്തു റൗണ്ട് ബോക്‌സിംഗ് നടത്തിയതുപോലായിരുന്ന പൂജാര എന്ന് ഒരു കോളമിസ്റ്റ് എഴുതി.
ഹെല്‍മെറ്റിലും, നെഞ്ചിന്‍കൂടിലും, കൈകളിലുമെല്ലാമായി പേസ് ബൗളിംഗിന്‍രെ ആഘാതം ഏറ്റുവാങ്ങുമ്പോഴും, തന്റെ വിക്കറ്റ് മാത്രം കാത്തുവച്ച പൂജാരയ്ക്കുള്ള ആദരമായിരുന്നു ആ വാക്കുകള്‍.

Source: Courtesy: The Age
പ്രതിസന്ധി കാലത്തിലും ക്രിക്കറ്റിനെ വീണ്ടും ആവേശകരമാക്കിയതിന് ഇന്ത്യയ്ക്ക് നന്ദി പറയുകയാണ് ഓസ്‌ട്രേലയിന്‍ മാധ്യമങ്ങള്‍ ചെയ്തത്.