ഓസ്‌ട്രേലിയയില്‍ ആദ്യവീട് വാങ്ങാന്‍ ശ്രമിക്കുന്നവരുടെ മുന്നിലുള്ള ഏറ്റവും വലിയ കടമ്പയാണ് ആവശ്യമായ നിക്ഷേപത്തുക.
ലെന്‍ഡേഴ്‌സ് മോര്‍ട്ട്‌ഗേജ് ഇന്‍ഷ്വറന്‍സ് (LMI) പോലുള്ള അധികച്ചെലവില്ലാതെ വീടു വാങ്ങണമെങ്കില്‍ വിലയുടെ 20 ശതമാനമെങ്കിലും നിക്ഷേപമായി നല്‍കേണ്ടി വരും.
ഈ നിക്ഷേപത്തുക കണ്ടെത്താന്‍ ഓരോ സംസ്ഥാനങ്ങളിലും ജനങ്ങള്‍ എത്ര കാലം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ ഡൊമൈന്‍ തയ്യാറാക്കിയ ഫസ്റ്റ് ഹോം ബയര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
25 വയസിനും 34 വയസിനും ഇടയില്‍ പ്രായമുള്ള, രണ്ടു പേരും ജോലി ചെയ്യുന്ന ദമ്പതികള്‍ക്ക് ശരാശരി അഞ്ചു വര്‍ഷം തുടര്‍ച്ചയായി പണം നീക്കിവച്ചാല്‍ മാത്രമേ വീടു വാങ്ങാന്‍ കഴിയൂ എന്നാണ് ദേശീയ തലത്തില്‍ കണ്ടെത്തിയത്.
ദേശീയ തലത്തില്‍ അഞ്ചു വര്‍ഷമാണെങ്കില്‍, ചില നഗരങ്ങളില്‍ ഇത് ഏറെ കൂടുതലാണ്.
ഓരോ തലസ്ഥാന നഗരങ്ങളിലെയും സാഹചര്യം ഇതാണ്:
സര്‍ക്കാരിന്റെ ഹെല്‍പ്പ് ടു ബൈയ് പദ്ധതിപോലുള്ള സാമ്പത്തിക സഹായ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക്, രണ്ടു ശതമാനം നിക്ഷേപത്തുക കൊണ്ട് വീടു വാങ്ങാന്‍ കഴിഞ്ഞേക്കും. അവര്‍ക്ക് കുറച്ചു കൂടി എളുപ്പമാണ് സ്ഥിതി എന്നും റിപ്പോര്‍ട്ട് കാണിക്കുന്നു.
സിഡ്‌നിയിലും മെല്‍ബണിലുമുള്ളവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഈ തുക കണ്ടെത്താന്‍ കഴിയും.
പക്ഷേ, ദമ്പതികള്‍ രണ്ടു പേരും കൂടി 1,20,000 ഡോളറില്‍ താഴെ വാര്‍ഷിക വരുമാനം നേടുകയാണെങ്കില്‍ മാത്രമേ ഈ പദ്ധതി ലഭിക്കുകയുള്ളൂ. അതിനാല്‍ തന്നെ, ഇത് വ്യാപകമായി പ്രയോജനപ്പെടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ചില ഓസ്‌ട്രേലിയക്കാര്‍ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട്.
പ്രത്യേകിച്ചും മെല്‍ബണിലുള്ളവര്‍ക്ക്. വീട് വാങ്ങുന്നതിനുള്ള നിക്ഷേപത്തുക കണ്ടെത്താന്‍ വേണ്ടി വരുന്ന സമയം 2019നേക്കാള്‍ കുറഞ്ഞ ഏക നഗരം മെല്‍ബണാണ്.
മറ്റെല്ലാ നഗരങ്ങളിലും അഞ്ചു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ കൂടുതല്‍ കാലം കാത്തിരിക്കണം.
അഡ്‌ലൈഡിലും, ബ്രിസ്‌ബൈനിലും, ഹോബാര്‍ട്ടിലുമാണ് സ്ഥിതി ഏറ്റവും മോശമായത്. അഡ്‌ലൈഡിലുള്ളവര്‍ക്ക് 15 മാസം കുടുതലായി പണം നീക്കിവച്ചാല്‍ മാത്രമേ നിക്ഷേപത്തുക കണ്ടെത്താന്‍ കഴിയൂ.
ബ്രിസ്‌ബൈനിലും, ഹോബാര്ട്ടിലും ഒരു വര്‍ഷം വരെ അധികം കാത്തിരിക്കേണ്ടി വരും.
വരുമാനത്തിന്റെ എത്ര ശതമാനം മോര്‍ട്ട്‌ഗേജില്‍ പോകുന്നു?
ഓസ്‌ട്രേലിയക്കാര്‍ വരുമാനത്തിന്റെ എത്ര ഭാഗമാണ് വീടിന്റെ ലോണ്‍ അടയ്ക്കാനായി നീക്കിവയ്ക്കുന്നത് എന്നറിയാമോ? ദേശീയ ശരാശരി നോക്കിയാല്‍, 100 ഡോളര്‍ വരുമാനം നേടുമ്പോള്‍ അതില്‍ 40 ഡോളര്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാനായി നീക്കിവയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
എന്നാല്‍ സിഡ്‌നിയില്‍ ഇത് 57.2 ശതമാനമാണ്.
അതായത്, ചില നഗരങ്ങളില്‍ ജീവിക്കുന്നവര്‍ കൂടുതല്‍ മോര്‍ട്ട്‌ഗേജ് സമ്മര്‍ദ്ദം നേരിടുന്നുണ്ട്.
സിഡ്‌നിയിലുള്ള ദമ്പതികളില്‍ ഒരാളുടെ ശമ്പളം പൂര്‍ണമായും മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാനായി നീക്കിവയ്ക്കുന്നുണ്ട്.
വീടുകളുടെ വില കൂടിയതും, അതിനൊപ്പം പലിശ നിരക്ക് വര്‍ദ്ധിച്ചതുമാണ് സമ്മര്‍ദ്ദം ഇത്ര കൂടാന്‍ കാരണമായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.