ഗാർഹിക പീഡനക്കേസ്: മലയാളിക്ക് പൗരത്വം നിഷേധിച്ച നടപടി ട്രൈബ്യൂണൽ റദ്ദാക്കി

ഗാർഹിക പീഡന കേസിൽ നല്ല നടപ്പിന് ശിക്ഷിക്കപ്പെട്ടതിന്റെ പേരിൽ മലയാളിയുടെ പൗരത്വ അപേക്ഷ നിരസിച്ച ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടി ട്രൈബ്യൂണൽ റദ്ദാക്കി. മറ്റെല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിനാൽ ഇയാൾക്ക് പൗരത്വം നൽകണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു.

domestic violence

Source: In Pictures Ltd./Corbis via Getty Images

ന്യൂ സൗത്ത് വെയിൽസിലുള്ള 41കാരനായ മലയാളിക്കാണ് ഓസ്ട്രേലിയൻ പൗരത്വം അനുവദിക്കാൻ അഡ്മിനിസ്ട്രേറ്റീവ് അപ്പീൽസ് ട്രൈബ്യൂണൽ ഉത്തരവിട്ടത്.

ഗാർഹിക പീഡനം ആരോപിച്ചുകൊണ്ട് നാലു വർഷം മുമ്പ് ഭാര്യ നൽകിയ പരാതിയിൽ കോടതി നല്ല നടപ്പിന് ശിക്ഷിക്കുകയും, അപ്രിഹെൻഡഡ് വയലൻസ് ഓർഡർ (AVO) പുറപ്പെടുവിക്കുകയും ചെയ്തത് പൗരത്വം ലഭിക്കാൻ തടസ്സമാകില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.

പൗരത്വ അപേക്ഷ തള്ളിയ കുടിയേറ്റകാര്യവകുപ്പിന്റെ നടപടിയാണ് ട്രൈബ്യൂണൽ റദ്ദാക്കിയത്.

മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കം

ഓസ്ട്രേലിയൻ പൗരത്വം ലഭിക്കുന്നതിനുള്ള സ്വഭാവ പരിശോധനയിൽ പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു കുടിയേറ്റകാര്യവകുപ്പ് ഇയാളുടെ പൗരത്വ അപേക്ഷ തള്ളിയത്.

2013ൽ സ്കിൽഡ് നോമിനേറ്റഡ് വിസയിൽ ഓസ്ട്രേലിയയിലേക്ക് എത്തിയയാളായിരുന്നു ഇത്.
Australian citizenship
Source: AAP
2015ൽ ഭാര്യയുമായുണ്ടായ തർക്കമാണ് കേസിന് കാരണമായത്. സംഭവം നടന്ന് നാലു മാസത്തിനു ശേഷം ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഒരു മൊബൈൽ ഫോണിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഇയാൾ ഭാര്യയുടെ കൈയിൽ നിന്ന്  മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കുകയും, അതിനിടെ ഭാര്യയുടെ വിരലിന് മുറിവേറ്റെന്നുമാണ് ഒരു ആരോപണം.

തുടർന്ന് ഫോൺ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു.

പിന്നീടൊരിക്കൽ ഫോണിന്റെ പേരിൽ തന്നെ വീണ്ടും തർക്കമുണ്ടാകുകയും, വാതിൽക്കൽ നിന്ന ഭാര്യയെ ബലമായി തള്ളി മാറ്റി ഇയാൾ കടന്നുപോകുകയും ചെയ്തു. ഭർത്താവും അമ്മയും ചേർന്ന് ഭാര്യയുടെ കൈയിൽ നിന്ന് ബലമായി മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചപ്പോൾ എല്ലാവരും നിലത്തു വീണെന്നും മജിസ്ട്രേറ്റ് കോടതിയിലെ കേസിൽ പറയുന്നു.
ഈ രണ്ടു കേസുകളിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ്, 18 മാസത്തേക്ക് ഇയാൾക്ക് നല്ല നടപ്പ് ശിക്ഷയും, AVOയും നൽകി.
പിന്നീട് 2018 ജൂണിലാണ് ഇയാൾ പൗരത്വത്തിനായി അപേക്ഷ നൽകിയത്. മറ്റെല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നു എന്ന് കുടിയേറ്റകാര്യവകുപ്പ് കണ്ടെത്തിയെങ്കിലും, പൗരത്വം ലഭിക്കാൻ “സ്വഭാവശുദ്ധിയുണ്ടാകണം” (good character) എന്ന മാനദണ്ഡം പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി 2019ൽ അപേക്ഷ തള്ളി.

ഇതിനെതിരെയാണ് ഇയാൾ ട്രൈബ്യൂണലിനെ സമീപിച്ചത്.

എന്താണ് good character’?

നല്ല സ്വഭാവമല്ല എന്ന കാരണത്താൽ പൗരത്വ അപേക്ഷ തള്ളാവുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണ് എന്ന കാര്യം പൗരത്വ നിയമത്തിൽ വ്യക്തമല്ലെന്ന് ഈ കേസ് പരിഗണിക്കുമ്പോൾ ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.

ഗാർഹിക പീഡനങ്ങളെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും, എന്നാൽ ഈ കേസിൽ പൗരത്വം നിരസിക്കാൻ മാത്രം ഗൗരവമുള്ളതല്ല അതെന്നുമാണ് ട്രൈബ്യൂണലിന്റെ കണ്ടെത്തൽ.
Domestic violence
Domestic violence in Australia Source: Getty Images/Iuliia Safronova/EyeEm
ഇയാളുടെ ജോലി സാഹചര്യങ്ങളിലെ കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഭാര്യയ്ക്കു നേരേ കൈയേറ്റമുണ്ടായതെന്നും, എന്നാൽ അതിനു ശേഷവും ഇവർ ഒരുമിച്ച് തന്നെ ജീവിക്കുകയാണെന്നും ട്രൈബ്യൂണൽ വിലയിരുത്തി. 2018ൽ ഇവർക്ക് രണ്ടാമതൊരു കുഞ്ഞു കൂടി ജനിക്കുകയും ചെയ്തു.

മാത്രമല്ല AVO നിലനിന്ന സമയത്ത് ഇയാൾ അത് ലംഘിച്ചിട്ടില്ല. 12 മാസത്തേക്ക് മാത്രമാണ് പൊലീസ് AVO ആവശ്യപ്പെട്ടതെങ്കിലും മജിസ്ട്രേറ്റ് കോടതി എന്തുകൊണ്ട് 18 മാസം നൽകി എന്നതും വ്യക്തമല്ല.

നാലു വർഷം മുമ്പ് നടന്ന സംഭവത്തിൽ പശ്ചാത്തപിക്കാനും, ആ പെരുമാറ്റരീതി മാറ്റാനും ഇയാൾക്ക് മതിയായ സമയം ലഭിച്ചിട്ടുണ്ടെന്നും, അതിനാൽ അക്കാര്യം ചൂണ്ടിക്കാട്ടി ഇനി പൗരത്വം നിഷേധിക്കാൻ കഴിയില്ല എന്നുമാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

ഗാർഹിക പീഡനക്കേസിൽ പ്രതികളാകുന്നവർക്ക് സ്വഭാവപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൗരത്വം നിഷേധിക്കാൻ സർക്കാർ ശക്തമായ വ്യവസ്ഥകൾ കൊണ്ടുവന്നിരുന്നു.

എന്നാൽ ഈ കേസിൽ മോശം സ്വഭാവം എന്ന കാരണം കൊണ്ടുമാത്രം പൗരത്വം നിഷേധിക്കാൻ കഴിയില്ല എന്നാണ് ട്രൈബ്യൂണൽ വ്യക്തമാക്കിയത്.


Share

Published

Updated

By Deeju Sivadas

Share this with family and friends