വ്യാഴാഴ്ച രാവിലെ 7.20ഓടെയാണ് ഗോർ ഹൈവേയിൽ മിൽമെറാൻ ഡൗൺസിൽ വച്ച് അപകടമുണ്ടായതെന്ന് ക്വീന്സ്ലാന്റ് പൊലിസ് എസ് ബി എസ് മലയാളത്തോട് സ്ഥിരീകരിച്ചു.
മലയാളി കുടുംബം യാത്ര ചെയ്തിരുന്ന ടൊയോട്ട ക്ലൂഗർ എസ് യു വിയും, ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓറഞ്ച് സ്വദേശി ബിബിനും ഭാര്യ ലോട്സിയും മക്കളും യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മാതാവ് ലോട്സിയും ഒരു കുട്ടിയും മരിച്ചു.
കുടുംബത്തിലെ മറ്റു രണ്ടു കുട്ടികളും ഗുരുതരാവസ്ഥയിൽ ബ്രിസ്‌ബൈനിൽ ആശുപത്രിയിലാണ്.
കുട്ടികളുടെ പിതാവ് ബിബിനെ ടൂവൂംബ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇവരുടെ കുടുംബ സുഹൃത്തുക്കൾ പറഞ്ഞു.
ട്രക്കിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
അപകടം പുതിയ ജോലിക്കായുള്ള യാത്രക്കിടെ
ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിൽ ജീവിച്ചിരുന്ന കുടുംബമാണ് ബ്രിസ്ബൈനിലേക്ക് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
നഴ്സായി ജോലി ചെയ്തിരുന്ന യുവതിക്ക് ബ്രിസ്ബൈനിൽ പുതിയ ജോലി കിട്ടിയതിനെ തുടർന്നായിരുന്നു യാത്രയെന്ന് കുടുംബ സുഹൃത്ത് പോൾ പാപ്പച്ചൻ പറഞ്ഞു.
വ്യാഴാഴ്ച യാത്ര ചെയ്യാനിരുന്നെങ്കിലും, ഓറഞ്ച് മേഖലയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇവർ യാത്ര നേരത്തേയാക്കിയതാണെന്നും അദ്ദേഹം അിയിച്ചു.
കേരളത്തിൽ ചാലക്കുടി പോട്ട സ്വദേശികളാണ് അപകടത്തിൽപ്പെട്ട കുടുംബം. ഇവരുടെ കുടുംബത്തെ വിവരം അറിയിച്ചതായും പോൾ പാപ്പച്ചൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകളും ഫയർ എഞ്ചിനും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്നും പൊലീസ് അറിയിച്ചു.