Highlights
- പത്ത് സിനിമകളെങ്കിലും നിര്‍മ്മിച്ച്, 1,000 സ്‌ക്രീനുകളില്‍ വീതം പ്രദര്‍ശിപ്പിച്ച നിര്‍മ്മാണ കമ്പനികള്‍ക്ക് അപേക്ഷിക്കാം
- ഏഴു ലക്ഷം ഡോളറെങ്കിലും വിക്ടോറിയയിലെ പ്രൊഡക്ഷന്‍/പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി ചെലവാക്കുന്ന സിനിമകള്‍ക്കാണ് ഗ്രാന്റ് നല്‍കുക
- സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിക്ടോറിയക്കാരെയും ചിത്രത്തില്‍ ഉള്‍പ്പെടുത്തണം
ലോക സിനിമയിലെ ഇഷ്ട ഷൂട്ടിംഗ് ലൊക്കേഷനുകളിലൊന്നാണ് വിക്ടോറിയയും, മെല്‍ബണ്‍ നഗരവും. സലാം നമസ്‌തേ, ഛക് ദേ ഇന്ത്യ തുടങ്ങിയ ബോളിവുഡ് സൂപ്പര്‍ഹിറ്റുകളില്‍ നല്ലൊരു ഭാഗവും ചിത്രീകരിച്ചത് മെല്‍ബണിലായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സിനിമാ വ്യവസായമായ ഇന്ത്യന്‍ സിനിമയെ വിക്ടോറിയയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക, മെല്‍ബണിനെയും വിക്ടോറിയയെും ഇന്ത്യാക്കാരിലേക്ക് കൂടുതല്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇപ്പോള്‍ പുതിയ ഫണ്ടിംഗ് പ്രഖ്യാപിച്ചത്. 'ഇന്ത്യന്‍ സിനിമ അട്രാക്ഷന്‍ ഫണ്ട് (ICAF) എന്നാണ് ഇതിന്റെ പേര്.
വിക്ടോറിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഫിലിം വിക്ടോറിയയാണ് ഈ ഗ്രാന്റ് നല്‍കുക. അതിനായി മൂന്നു മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്.
വിക്ടോറിയയില്‍ പ്രൊഡക്ഷനോ, പ്രൊഡക്ഷനും പോസ്റ്റ്-പ്രൊഡക്ഷനുമോ നടത്തുന്ന സിനിമകള്‍ക്കാകും ഫണ്ട് ലഭിക്കുന്നത്. ഏഴു ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (മൂന്നര കോടിയോളം ഇന്ത്യന്‍ രൂപ) വിക്ടോറിയയില്‍ മാത്രം ചെലവാക്കിയിരിക്കണം എന്നും വ്യവസ്ഥയുണ്ട്.

Source: Facebook/Chak De India
ആര്‍ക്ക് അപേക്ഷിക്കാം?
ഇന്ത്യന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ക്കും സ്റ്റുഡിയോകള്‍ക്കുമാണ് ഈ ഗ്രാന്റിനായി . അല്ലെങ്കില്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയിരിക്കണം.
ഇന്ത്യയില്‍ കുറഞ്ഞത് 1,000 സ്‌ക്രീനുകളിലെങ്കിലും പ്രദര്‍ശിപ്പിച്ച 10 ചിത്രങ്ങള്‍ ഇതിനകം നിര്‍മ്മിച്ചിട്ടുണ്ടാകണം. അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള അഞ്ചു വര്‍ഷങ്ങളിലായിരിക്കണം ഇതില്‍ ഒരു ചിത്രമെങ്കിലും റിലീസ് ചെയ്തിട്ടുള്ളത്.
75 മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള മുഴുനീള ചിത്രങ്ങള്‍ക്കാണ് ഗ്രാന്റിനായി അപേക്ഷിക്കാന്‍ കഴിയുന്നത്.
ഹ്രസ്വ ചിത്രങ്ങള്‍ക്കോ, സ്‌പോര്‍ട്‌സ്-വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കോ ഗ്രാന്റ് ലഭിക്കില്ല.
അപേക്ഷിക്കുന്ന ചിത്രവും ഇന്ത്യയിലെ കുറഞ്ഞത് 1,000 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും എന്ന വിതരണ കരാര്‍ അപേക്ഷക്കൊപ്പം നല്‌കേണ്ടി വരും.
ICAF ഗ്രാന്റ് തുക സിനിമയുടെ ബജറ്റിന്റെ ഭാഗമാകാന്‍ പാടില്ല. അഥവാ, ഗ്രാന്റ് ഇല്ലാതെ തന്നെ സിനിമയ്ക്കുള്ള ബജറ്റ് പൂര്‍ണമായും കാണിക്കേണ്ടി വരും.
വിക്ടോറിയയില്‍ സ്ഥിരതാമസക്കാരായ സിനിമാ പ്രവര്‍ത്തകരെയും പ്രൊഡക്ഷന്റെയും പോസ്റ്റ് പ്രൊഡക്ഷന്റെയും ഭാഗമാക്കണം. ഇതില്‍ വിക്ടോറിയയിലെ ഇന്ത്യന്‍ വംശജര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.
ക്ടോറിയയിലെ സിനിമാ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണെന്ന് ഫിലിം വിക്ടോറിയ വ്യക്തമാക്കി.
ഓസ്‌ട്രേലിയന്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള വേതനവും മറ്റ് ആനുകൂല്യവുമായിരിക്കും വിക്ടോറിയയില്‍ നടക്കുന്ന പ്രൊഡക്ഷന്‍/പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ക്ക് നല്‍കേണ്ടി വരിക. ഇതും ബജറ്റിന്റെ ഭാഗമായി കാണിക്കണം.
വിക്ടോറിയയില്‍ ചെലവാക്കുന്ന തുകയുടെ 25 ശതമാനമാണ് ഗ്രാന്റായി ലഭിക്കുന്നത്. എന്നാല്‍ വിക്ടോറിയയ്ക്ക് കൂടുതല്‍ ഗുണകരമാകും എന്ന് തെളിയിക്കുന്ന സിനിമകള്‍ക്ക് കൂടുതല്‍ ഗ്രാന്റ് നല്‍കാന്‍ കഴിയുമെന്നും ഫിലിം വിക്ടോറിയ വ്യക്തമാക്കി.
ഏതു സമയത്തു വേണമെങ്കിലും ഗ്രാന്റിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ചാല്‍ നാലു മുതല്‍ ആറു വരെ ആഴ്ചകള്‍ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും ഫിലിം വിക്ടോറിയ അറിയിച്ചു.