ഭരണഘടനാ ഭേദഗതിയിലൂടെ പാര്‍ലമെന്റില്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളുടെ ഒരു വോയിസ് സമിതി രൂപീകരിക്കണമോ എന്ന് തീരുമാനിക്കാനാണ് ഒക്ടോബര്‍ 14ന് ജനഹിത പരിശോധന നടക്കുന്നത്.
പാര്‍ലമെന്റില്‍ ഒരു സ്ഥിരം, സ്വതന്ത്ര ഉപദേശക സമിതി എന്നതാണ് 'വോയിസ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗക്കാരെയും, ടോറസ് സ്‌ട്രൈറ്റ് ദ്വീപുവാസികളെയും ബാധിക്കുന്ന വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍, അതേക്കുറിച്ച് പാര്‍ലമെന്റംഗങ്ങള്‍ക്ക് ഉപദേശം നല്‍കാനുള്ള സമിതിയായിരിക്കും ഇത്.
റഫറണ്ടത്തില്‍ വോട്ട് ചെയ്യും മുമ്പ് നിങ്ങളുടെ മനസില്‍ ഉയരാവുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവയാണ്:
എന്താണ് നിര്‍ദ്ദിഷ്ട വോയിസ് ടു പാര്‍ലമെന്റ്?
ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നതിനുള്ള ഒരു സമിതിയാണ് ഇന്‍ഡിജെനസ് വോയിസ് ടു പാര്‍ലമെന്റ്.
ഉപദേശം നല്‍കാനുള്ള അധികാരം മാത്രമേ ഈ സമിതിക്ക് ഉണ്ടാകൂ. മറിച്ച്, ഏതെങ്കിലും നിയമനിര്‍മ്മാണം തടയാനുള്ള വീറ്റോ അധികാരം ഉണ്ടാകില്ല.
ഈ വോയിസ് സമിതി എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ റഫറണ്ടത്തിന് ശേഷം തീരുമാനിക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, ഇതിന്റെ അടിസ്ഥാന ഘടന വെളിപ്പെടുത്തിയിട്ടുണ്ട്:
- വോയിസ് സമിതിയിലെ അംഗങ്ങള്‍ക്ക് ഔദ്യോഗിക കാലാവധി നിശ്ചയിക്കും. അവര്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് ഇത്.
- ലിംഗസമത്വവും, യുവജന പ്രാതിനിധ്യവും ഉറപ്പു വരുത്തും.
- എല്ലാ സംസ്ഥാനങ്ങളിലും ടെറിട്ടറികളിലും നിന്നുള്ള അംഗങ്ങള്‍ ഉണ്ടാകും.
- ചില ഉള്‍നാടന്‍ സമൂഹങ്ങളുടെ പ്രതിനിധികളും വോയിസ് അംഗങ്ങളാകും.
- എന്നാല്‍, അംഗങ്ങളെ ജനാധിപത്യപരമായി തെരഞ്ഞെടുക്കുമോ അതോ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യം വ്യക്തമല്ല.
വോയിസിന്റെ ഘടന എന്തായിരിക്കും എന്ന കാര്യത്തില്‍ പാര്‍ലമെന്റാകും അന്തിമ തീരുമാനമെടുക്കുക. Yes വോട്ട് വിജയിക്കുകയാണെങ്കില്‍ അതിനു ശേഷമാകും തീരുമാനം.
'പ്രാദേശിക സമൂഹങ്ങളുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത്, ആദിമവര്‍ഗ്ഗ-ടോറസ് സ്‌ട്രൈറ്റ് ഐലന്റര്‍ ജനങ്ങള്‍ തന്നെയാകും വോയിസ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്' എന്നാണ് ഇതിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്.
എന്നാല്‍, വോയിസ് സമിതിയുടെ അധികാര പരിധി എന്തായിരിക്കും എന്നത് ഇപ്പോഴും വിവാദവിഷയമാണ്.
ആദിമവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയിലെ ദാരിദ്ര്യം, ഉയര്‍ന്ന ജയില്‍ശിക്ഷാ നിരക്ക്, ആരോഗ്യപ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ നിലവാരം തുടങ്ങിയ മേഖലകളിലാകും വോയിസ് പ്രധാനമായും ഇടപെടുക എന്നാണ് YES വിഭാഗത്തിന്റെ വാദം.
എന്നാല്‍, അനന്തമായ അധികാരങ്ങളാകും വോയിസ് സമിതിക്ക് ലഭിക്കുക എന്നും, സാമ്പത്തിക നയങ്ങളിലും പ്രതിരോധ നയങ്ങളിലുമെല്ലാം വോയിസിന്റെ ഇടപെടല്‍ ഉണ്ടാകും എന്നുമാണ് NO ക്യാംപയിന്‍ ആരോപിക്കുന്നത്.
ആദിമവര്‍ഗ്ഗക്കാര്‍ക്കായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന ആദ്യത്തെ ഉപദേശക സമിതിയല്ല വോയിസ്.
ബോബ് ഹോക്കിന്റെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാര്‍ 1990ല്‍ ഒരു അബോറിജിനല്‍ ആന്റഅ ടോറസ് സ്്‌ട്രൈറ്റ് ഐലന്റര്‍ കമ്മീഷന്‍ (ATSIC) രൂപീകരിച്ചിരുന്നു. എന്നാല്‍ 2005ല്‍ ഇത് പിരിച്ചുവിട്ടു.
ഭരണഘടനാ ഭേദഗതിയിലൂടെ ആയിരുന്നില്ല എന്ന് ATSIC രൂപീകരിച്ചത്. അതുകൊണ്ടാണ് ലിബറല്‍ പ്രധാനമന്ത്രി ജോണ്‍ ഹോവാര്‍ഡിന് 2005ല്‍ സമിതി പിരിച്ചുവിടാന്‍ കഴിഞ്ഞത്.
എന്താണ് ജനഹിത പരിശോധന?
ഓസ്‌ട്രേലിയന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും അഭിപ്രായം തേടുന്ന നടപടിയാണ് റഫറണ്ടം അഥവാ ജനഹിത പരിശോധന.
ഓസ്‌ട്രേലിയയില്‍ ഭരണഘടനാ ഭേദഗതിക്ക് റഫറണ്ടം അനിവാര്യമാണ്.
എന്താണ് വോയിസ് റഫറണ്ടം?
ഭരണഘടനാ ഭേദഗതിയെ അനുകൂലിക്കുന്നുണ്ടോ (YES) അതോ എതിര്‍ക്കുന്നുണ്ടോ (NO) എന്ന ചോദ്യമായിരിക്കും റഫറണ്ടത്തില്‍ ചോദിക്കുക.
ആദിമവര്‍ഗ്ഗക്കാരെയും ടോറസ് സ്‌ട്രൈറ്റ് ദ്വീപുവാസികളെയും ഓസ്‌ട്രേലിയയിലെ ആദ്യ ജനതയായി അംഗീകരിച്ച്, അവര്‍ക്കായി പാര്‍ലമെന്റില്‍ ഒരു വോയിസ് സമിതി രൂപീകരിക്കുന്നതിനാകും ഭരണഘടനാ ഭേദഗതി.
YES വോട്ട് വിജയിക്കുകയാണെങ്കില്‍, ഓസ്‌ട്രേലിയന്‍ ഭരണഘടനയുടെ ഭാഗമായി തന്നെ പാര്‍ലമെന്റില്‍ ഒരു ആദിമവര്‍ഗ്ഗ വോയിസ് സമിതി രൂപീകരിക്കും.
ഇത് ഓസ്‌ട്രേലിയന്‍ ജനാധിപത്യ സംവിധാനത്തിലെ ഒരു സ്ഥിരം ഘടകമായി മാറും.
മറ്റൊരു റഫറണ്ടവും ഭരണഘടനാ ഭേദഗതിയും നടത്തി മാത്രമേ ഈ വോയിസ് സമിതി ഇല്ലാതാക്കാന്‍ കഴിയൂ.
ആദിമവര്‍ഗ്ഗ വിഭാഗങ്ങളും, സര്‍ക്കാരുകളും ദീര്‍ഘകാലമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പുറത്തിറക്കിയ വുളുരു സ്റ്റേറ്റ്‌മെന്റ് ഫ്രം ദ ഹാര്‍ട്ടിലെ ശുപാര്‍ശകളില്‍ ഒന്നായിരുന്നു ഇത്തരമൊരു വോയിസ് സമിതി.
ഒരു തെരഞ്ഞെുപ്പില്‍ വിജയിക്കുന്നതിനെയോ, പ്ലെബിസൈറ്റ് വിജയിക്കുന്നതിനെയോ അപേക്ഷിച്ച് കൂടുതല്‍ പ്രയാസമാണ് ജനഹിത പരിശോധനയില്‍ വിജയിക്കുന്നത്.

Australia's referendum history. Source: SBS
എന്നാല്‍ റഫറണ്ടം വിജയിക്കാന്‍ ഇരട്ട ഭൂരിപക്ഷം വേണം. ദേശീയതലത്തില്‍ 50 ശതമാനത്തിലേറെ വോട്ട് കിട്ടുന്നതിനൊപ്പം, പകുതിയിലേറെ സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ഉറപ്പാക്കണം.
പകുതിയിലേറെ സംസ്ഥാനങ്ങള്‍ എന്നതില്‍ ടെറിട്ടറികളെ കണക്കാക്കില്ല. അതായത്, ACTയിലും NTയിലും ഭൂരിപക്ഷമുണ്ടോ എന്നത് കണക്കിലെടുക്കില്ല.
മറ്റ് തെരഞ്ഞെടുപ്പുകളെപ്പോലെ, 18 വയസിന് മേല്‍ പ്രായമുള്ള എല്ലാ ഓസ്‌ട്രേലിയക്കാരും റഫറണ്ടത്തിലും നിര്‍ബന്ധമായും വോട്ട് ചെയ്യണം. മതിയായ കാരണമില്ലാതെ വോട്ടു ചെയ്യാതിരുന്നാല്‍ പിഴ ലഭിക്കാം.
ഓസ്‌ട്രേലിയയില്‍ ഇതുവരെ 44 ജനഹിത പരിശോധനകള്‍ നടത്തിയിട്ടുണ്ടെങ്കിലും, അതില്‍ എട്ടെണ്ണം മാത്രമേ വിജയിച്ചിട്ടുള്ളൂ.
1999ലാണ് ഇതിന് മുമ്പ് റഫറണ്ടം നടന്നത്. അന്ന് അത് പരാജയപ്പെട്ടിരുന്നു.
ഇതിന് മുമ്പ് ഒരു റഫറണ്ടം വിജയിച്ചത് 1977ലാണ്.
വോയിസ് ടു പാര്‍ലമെന്റ് റഫറണ്ടത്തിലെ ചോദ്യം എന്താണ്?
റഫറണ്ടത്തിലെ ചോദ്യത്തിന് YES എന്നോ NO എന്നോ ഉത്തരം നല്‍കാനാണ് ആവശ്യപ്പെടുന്നത്. ചോദ്യം ഇതാണ്:
ഒരു ആദിമവര്‍ഗ്ഗ-ടോറസ് സ്‌ട്രൈറ്റ് ഐലന്റര്‍ വോയിസ് സമിതി രൂപീകരിച്ച്, ഓസ്‌ട്രേലിയയിലെ ആദ്യ ജനതയെ അംഗീകരിക്കുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിന് നിയമനിര്‍മ്മാണം പരിഗണിക്കുന്നു.
ഈ ഭേദഗതിയെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?
(A Proposed Law: to alter the Constitution to recognise the First Peoples of Australia by establishing an Aboriginal and Torres Strait Islander Voice. Do you approve this proposed alteration?)
എപ്പോഴാണ് റഫറണ്ടം നടക്കുന്നത്?
2023 ഒക്ടോബര്‍ 14 ശനിയാഴ്ചയാണ് റഫറണ്ടം വോട്ടെടുപ്പ്.

Prime Minister Anthony Albanese announced the date of the referendum on 30 August 2023 in Western Australia. Source: AAP
എന്താണ് വുളുരു സ്റ്റേറ്റ്‌മെന്റ് ഫ്രം ദ ഹാര്‍ട്ട്?
കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഓസ്‌ട്രേലിയയില്‍ പതിവായി കേട്ട വാക്കുകളാണ് ഇവ.
ഓസ്‌ട്രേലിയയിലെ ആദിമജനങ്ങളുടെ പ്രതിനിധികളുമായി ഏറെക്കാലം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പുറത്തിറക്കിയ സമഗ്രരേഖയാണ് ഇത്.

Source: Facebook / The Uluru Statement from the Heart
അതേക്കുറിച്ച് വിശദമായി ഇവിടെയറിയാം:
വോയിസ് റഫറണ്ടത്തിലെ YES വാദങ്ങളും NO വാദങ്ങളും എന്തൊക്കെ?
ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വോയിസ് റഫറണ്ടത്തിലെ YES ഭാഗത്തിന്റെയും NO ഭാഗത്തിന്റെയും വാദങ്ങള്‍ വിശദമാക്കുന്ന ലഘുലേഖ പുറത്തിറക്കിയിട്ടുണ്ട്.
YES ക്യാംപയിന്റെ ഭാഗത്തു നിന്ന് രണ്ടു തലങ്ങളിലുള്ള വാദങ്ങളാണ് ഉള്ളത്.
ഒന്ന്, ധാര്‍മ്മികമായ വാദമാണ്: ആദിമവര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ അവരുടെ ഭാഗം കൂടി കേള്‍ക്കുന്നതിന് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്.
രണ്ടാമത്തേത്, വോയിസ് സമിതി നയരൂപീകരണത്തെ എങ്ങനെ സഹായിക്കും എന്നതാണ്.
ആദിമവര്‍ഗ്ഗ സമൂഹത്തില്‍ നിന്ന് തന്നെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍, അവരുടെ ആരോഗ്യവും, വിദ്യാഭ്യാസവും, തൊഴിലും എല്ലാം സംബന്ധിച്ച് കൂടുതല്‍ ഫലപ്രദമായ നിയമങ്ങള്‍ രൂപീകരിക്കാന്‍ കഴിയും.
ഭരണഘടനാ ഭേദഗതിയിലൂടെ വോയിസ് രൂപീകരിച്ചാല്‍, ഭാവിയില്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഏകപക്ഷീയമായി അത് നിര്‍ത്തലാക്കുന്നത് ഒഴിവാക്കാം.
എന്നാല്‍, ഇത്തരത്തില്‍ ഭരണഘടനാ ഭേദഗതിയിലൂടെ സ്ഥിരം സമിതിയുണ്ടാകുന്നത് ദോഷകരമാകും എന്നാണ് 'NO' ലഘുലേഖയിലെ വാദം.
സാമ്പത്തികരംഗം, രാജ്യസുരക്ഷ, അടിസ്ഥാനസൗകര്യമേഖല, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സര്‍വ മേഖലകളിലും വോയിസ് സമിതിക്ക് ഇടപെടാന്‍ കഴിയുമെന്നും, ഇതെല്ലാം സ്ഥിരമായി നിലനില്‍ക്കുമെന്നും NO ക്യാംപ് വാദിക്കുന്നു.
ഓസ്‌ട്രേലയയില്‍ ഒരു വിഭാഗത്തിനു മാത്രമായി ഭരണഘടനാപരമായ സമിതി വരുന്നത്, രാജ്യത്തെ ജനങ്ങളെ എന്നെന്നേക്കുമായി വിഭജിക്കുന്ന നടപടിയാണെന്നും അവര്‍ വാദിക്കുന്നു.
'എല്ലാ ഓസ്‌ട്രേലിയക്കാരും നിയമത്തിന് മുന്നില്‍ തുല്യരാണ് എന്ന ജനാധിപത്യ മൂല്യത്തിന് വിരുദ്ധമാണ് ഇത്' എന്നും NO ലഘുലേഖ ചൂണ്ടിക്കാട്ടുന്നു.
ഒരു ബ്ലാങ്ക് ചെക്ക് ഒപ്പിടാനാണ് ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് എന്നതാണ് മറ്റൊരു വാദം. റഫറണ്ടം വിജയിച്ച ശേഷം വോയിസ് സമിതിയുടെ ഘടന തീരുമാനിക്കാമെന്ന സര്‍ക്കാര്‍ നിലപാടിനെ പരാമര്‍ശിച്ചാണ് ഇത്.
പ്രതിപക്ഷത്തെ നല്ലൊരു ഭാഗം പേരും ഈ നിലപാട് സ്വീകരിക്കുന്നവരാണ്.
'NO' പ്രചാരണവുമായി മറ്റൊരു വിഭാഗവുമുണ്ട്. പ്രോഗ്രസീവ് നോ ക്യാംപ്, അഥവാ പുരോഗമന നോ വിഭാഗം എന്നാണ് ഇത് അറിയപ്പെടുന്നത്.
വോയിസ് സമിതിക്ക് അനിയന്ത്രിതമായ അധികാരം ലഭിക്കും എന്ന് യാഥാസ്ഥിതിക NO ക്യാംപ് വാദിക്കുമ്പോള്‍, നിലവിലെ രൂപത്തില്‍ സമിതിക്ക് മതിയായ അധികാരം ഉണ്ടാകില്ല എന്നതാണ് പുരോഗമന NO ക്യാംപിന്റെ നിലപാട്.
വോയിസ് സമിതിക്ക് ഉപദേശക സ്വഭാവം മാത്രമാണ് ഉള്ളത് എന്നതിനാല്‍ ആദിമവര്‍ഗ്ഗ താല്‍പര്യം സംരക്ഷിക്കാന്‍ കഴിയില്ല എന്ന് അവര്‍ പറയുന്നു.

Independent Senator Lidia Thorpe and Warlpiri elder Ned Hargraves speak during a press conference at Parliament House. Source: AAP / Lukas Coch
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഭൂസമരമായ അബോറിജിനല്‍ ടെന്റ് എംബസിയും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്.
1972 മുതല്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന് സമീപത്ത് തുടരുന്ന പ്രതിഷേധമാണ് ഇത്.
വോയിസ് റഫറണ്ടം പരാജയപ്പെട്ടാല്‍ എന്തു സംഭവിക്കും?
NO വോട്ടാണ് റഫറണ്ടത്തില്‍ ഭൂരിപക്ഷം നേടുന്നതെങ്കില്‍ ആദിമവര്‍ഗ്ഗ വോയിസ് സമിതി രൂപീകരിക്കില്ല. ഭരണഘടന ഭേദഗതിയില്ലാതെ തുടരും.
ഇതേ വിഷയത്തില്‍ ഉടന്‍ തന്നെ വീണ്ടുമൊരു റഫറണ്ടം നടത്താനുള്ള സാധ്യത വളരെ കുറവാണ്.
ആദിമവര്‍ഗ്ഗ അംഗീകാരത്തിനായി മറ്റൊരു മാര്‍ഗ്ഗം ഉടന്‍ നടപ്പാക്കാനും ആലോചിക്കില്ലെന്ന് ഓഗസ്റ്റില്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വുളുരു സ്റ്റേറ്റ്‌മെന്റിലെ മറ്റ് രണ്ട് നടപടികള്‍ - ട്രൂത്ത് ടെല്ലിംഗും ട്രീറ്റിയും - നടപ്പാക്കുന്നതിനെ ഈ റഫറണ്ടത്തിന്റെ ഫലം ബാധിക്കില്ല.
റഫറണ്ടത്തില്‍ എങ്ങനെയാണ് വോട്ടു ചെയ്യുന്നത്?
തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് റഫറണ്ടത്തിലെ വോട്ടിംഗ്. തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ നമ്പര്‍ നല്‍കിയാണ് വോട്ട് ചെയ്യുന്നത്.
എന്നാല്‍ റഫറണ്ടത്തില്‍ Yes എന്നോ No എന്നോ ഒറ്റ വാക്ക് എഴുതിയാല്‍ മതി.
എന്നാല്‍ മറ്റ് തെരഞ്ഞെടുപ്പുകളെ പോലെ വോട്ട് ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്.

The Voice referendum ballot will come with clear instructions to write "Yes" or "No".
നേരിട്ടെത്തിയുള്ള വോട്ട്
വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് ഒക്ടോബര്‍ 14ന് പോളിംഗ്
സ്‌റ്റേഷനില്‍ നേരിട്ടെത്തി വോട്ട് ചെയ്യാം.
തെരഞ്ഞെടുപ്പുകള്‍ പോലെ, രാജ്യത്തിന്റെ എല്ലാ ഭാഗത്തും സ്‌കൂളുകളിലും, കമ്മ്യൂണിറ്റി കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലുമെല്ലാം പോളിംഗ് സ്‌റ്റേഷനുണ്ടാകും.
നിങ്ങളുടെ സംസ്ഥാനത്തെയോ ടെറിട്ടറിയിലെയോ ഏത് പോളിംഗ് സ്‌റ്റേഷനിലും വോട്ട് രേഖപ്പെടുത്താന്‍ കഴിയും.
രാവിലെ 8 മുതല്‍ വൈകിട്ട് ആറു വരെയാകും വോട്ടിംഗ്.
പോസ്റ്റല്‍ വോട്ടിംഗ്
റഫറണ്ടം ദിവസം പോളിംഗ് സ്‌റ്റേഷനിലെത്താന്‍ കഴിയില്ലെങ്കില്‍ പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യമുണ്ടാകാം.
അര്‍ഹതയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ പോസ്റ്റല്‍ വോട്ടിനായി അപേക്ഷിക്കാം. ഒക്ടോബര്‍ 11 വൈകിട്ട് ആറു മണി വരെ അപേക്ഷിക്കാവുന്നതാണ്.
ടെലിഫോണ്‍ വോട്ടിംഗ്
കാഴ്ചശക്തിയില്ലാത്തവര്‍ക്കും, അന്റാര്‍ട്ടിക്കയില്‍ ജോലി ചെയ്യുന്നവര്‍ക്കും ടെലിഫോണ്‍ വോട്ടിംഗിനുള്ള സൗകര്യമുണ്ടാകും.
തെരഞ്ഞെടുപ്പ് കമ്മീഷനെ ബന്ധപ്പെട്ട് ഇതിനുള്ള അര്‍ഹത ഉറപ്പു വരുത്തേണ്ടതാണ്. അര്‍ഹതയുള്ളവര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേക ഫോണ്‍ നമ്പര്‍ ലഭിക്കും.
ഏര്‍ലി വോട്ടിംഗ് എപ്പോള്‍ മുതല്‍?
- നോര്‍തേണ്‍ ടെറിട്ടറി, ടാസ്‌മേനിയ, വിക്ടോറിയ, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ മുന്‍കൂര്‍ വോട്ടിംഗ് ഉണ്ടാകും.
- NSW, സൗത്ത് ഓസ്‌ട്രേലിയ, ACT, ക്വീന്‍സ്ലാന്റ് എന്നിവിടങ്ങളില്‍ ഒക്ടോബര് 3 മുതലാണ് ഏര്‍ലി വോട്ടിംഗ്.
മുൻക്കൂറായി വോട്ട് ചെയ്യുന്നതിനുള്ള പോളിംഗ് സ്റ്റേഷൻ ഓസ്‌ട്രേലിയൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
റഫറണ്ടത്തില്‍ വോട്ട് ചെയ്യുന്നത് നിര്‍ബന്ധമാണോ?
ഉത്തരം 'അതേ' എന്നാണ്.
18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ഓസ്‌ട്രേലിയന്‍ പൗരന്‍മാരും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുകയും വോട്ട് രേഖപ്പെടുത്തുകയുംവേണം.
വിദേശത്താണെങ്കില്‍ എങ്ങനെ വോട്ട് ചെയ്യാം?
വോട്ടിംഗ് ദിവസം വിദേശത്താണെങ്കില്‍ റഫറണ്ടത്തില്‍ വോട്ട് ചെയ്യണം എന്നത് നിര്‍ബന്ധമല്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കമ്മീഷനെ നിങ്ങള്‍ അക്കാര്യം അറിയിക്കണം.
വിദേശത്തുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് ചെയ്യാനും, എംബസികളിലും ഹൈക്കമ്മീഷനുകളിലുമുള്ള വോട്ടിംഗ് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടാകും.
പോസ്റ്റല്‍ വോട്ട് ചെയ്യുകയാണെങ്കില്‍, റഫറണ്ടം തീയതി കഴിഞ്ഞ് 13 ദിവസത്തിനകം ബാലറ്റ് പേപ്പര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കണം.
ഫലം എപ്പോള്‍ അറിയാം?
ഫെഡറല്‍ പാര്‍ലമെന്റിലെ വോട്ടെണ്ണുന്നതിനുള്ള അതേ രീതി തന്നെയാകും റഫറണ്ടം വോട്ടെണ്ണാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍പിന്തുടരുക.
എന്നാല്‍ പാര്‍ലമെന്റില്‍ പ്രിഫറന്‍സ് വോട്ടുകളുള്ളപ്പോള്‍ ഇവിടെ യെസ് അല്ലെങ്കില്‍ നോ വോട്ട് മാത്രമാണ് ഉള്ളത്. അതുകൊണ്ടു തന്നെ കൂടുതല്‍ വേഗത്തില്‍ ഫലം ലഭിക്കും.
എന്നാല്‍, ഇരു ഭാഗവും തമ്മിലുള്ള വ്യത്യാസം നേര്‍ത്തത് മാത്രമാണെങ്കില്‍ അന്തിമഫലം വൈകും. ഇത്തരമൊരു സാഹചര്യത്തില്‍ 13 ദിവസം വരെ ഫലം വരാന്‍ എടുക്കാം എന്നാണ് കമ്മീഷന്‍ പറയുന്നത്.
പോസ്റ്റല്‍ വോട്ടുകള്‍ കൂടി എണ്ണുന്നതിനു വേണ്ടിയാണ് ഇത്.
വോട്ടെണ്ണുമ്പോള്‍ തന്നെ അതിന്റെ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റലിലുള്ള വെര്‍ച്വല്‍ ടാലി റൂമില്‍ അപ്ലോഡ് ചെയ്യും