കൂടുതൽ പേർക്ക് ഓസ്ട്രേലിയൻ PR: ഓസ്ട്രേലിയയിലെ കുടിയേറ്റ വിസകളുടെ എണ്ണം ഉയർത്തി

Prime Minister Anthony Albanese.jpg

Prime Minister Anthony Albanese at the Jobs and Skills Summit at Parliament House in Canberra, where the focus on its final day will be migration, and tackling labour shortages.

കൂടുതൽ നഴ്സുമാർക്കും എഞ്ചിനീയർമാർക്കും ഈ വർഷം ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ കഴിയുമെന്ന് ആഭ്യന്തരമന്ത്രി ക്ലെയർ ഒ നെയിൽ പറഞ്ഞു.


ഓസ്ട്രേലിയയിലെ രൂക്ഷമായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി കുടിയേറ്റ വിസകളുടെ പരിധി ഉയർത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു.

വർഷം 1,95,000 പേർക്ക് പെർമനന്റ് റെസിഡൻസി വിസ നൽകാനാണ് തീരുമാനം.

നിലവിൽ 1,60,000 ആണ് കുടിയേറ്റ പരിധി. ഈ സാമ്പത്തി വർഷം മുതൽ 35,000 പേർക്ക് കൂടി അധികമായി വിസ അനുവദിക്കും.

കാൻബറയിൽ നടക്കുന്ന തൊഴിൽ ഉച്ചകോടിയിൽ ആഭ്യന്തരമന്ത്രി ക്ലെയർ ഒ നെയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ലേബർ പാർട്ടിയുടെ ഏറ്റവും പ്രധാന നയപരിപാടികളിലൊന്ന് താൽക്കാലിക കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുകയും, സ്ഥിരം കുടിയേറ്റം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് ക്ലെയർ ഒ നെയിൽ ഉച്ചകോടിയിൽ പറഞ്ഞു.
ആയിരക്കണക്കിന് അധികം നഴ്സുമാർക്കും എഞ്ചിനീയർമാർക്കും ഈ വർഷം ഓസ്ട്രേിലയക്കാരാകാൻ ഇതിലൂടെ കഴിയും
ക്ലെയർ ഒ നെയിൽ, ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രി
തൊഴിലാളിക്ഷാമം പരിഹരിക്കാൻ കുടിയേറ്റം കൂട്ടുക മാത്രമാണ് പോംവഴിയെന്ന കാര്യത്തിൽ അഭിപ്രായസമന്വയമുണ്ടെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസിയും രാവിലെ സൂചിപ്പിച്ചിരുന്നു.

വിസകളുടെ കാലതാമസം കുറയ്ക്കാൻ നടപടി

ഓസ്ട്രേലിയൻ വിസകൾക്കായുള്ള അപേക്ഷകൾ അനന്തമായി നീണ്ടുപോകുന്നത് തടയാൻ നടപടിയെടുക്കുമെന്ന് കുടിയേറ്റകാര്യമന്ത്രി ആൻഡ്ര്യൂ ജൈൽസും പ്രഖ്യാപിച്ചു.

വിസ പ്രോസസിംഗ് ഊർജ്ജിതപ്പെടുത്തുന്നതിന് 36.1 മില്യൺ ഡോളറാണ് പ്രഖ്യാപിച്ചത്.

അടുത്ത ഒമ്പതു മാസം കൊണ്ട് വിസ പ്രോസസിംഗിനായി 500 അധിക ജീവനക്കാരെ നിയമിക്കും.

നിലവിൽ ഓസ്ട്രേലിയൻ PR വിസയ്ക്കുള്ള അപേക്ഷകൾ രണ്ടു വർഷത്തിലേറെ വൈകുന്നുണ്ട്.

കെട്ടിക്കിടക്കുന്ന ഈ വിസ അപേക്ഷകൾ തീർപ്പാക്കുന്നതിനൊപ്പം, പുതിയ അപേക്ഷകളിലെ തീരുമാനം വേഗത്തിലാക്കാനും നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

താൽക്കാലിക വിസകളിലുള്ളവരെ അമിതമായി ആശ്രയിക്കുന്നത് ഓസ്ട്രേിലയൻ തൊഴിൽ രക്ഷത്തെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസി സൂചിപ്പിച്ചിരുന്നു.

തൊഴിൽ പരിശീലന സ്ഥാപനമായ TAFE ൽ 1,80,000 പേർക്ക് കൂടി സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും തൊഴിൽ ഉച്ചകോടിയിൽ സർക്കാർ പ്രഖ്യാപിച്ചു.

തൊഴിൽ രംഗം മെച്ചപ്പെടുത്താൻ ഇനിയും പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സർക്കാർ നൽകുന്ന സൂചന.

LISTEN TO
Australian visa changes from July 1 image

വിസ ഫീസ് ഉയരും; PRന് പുതിയ പാത്ത് വേ: ജൂലൈ ഒന്ന് മുതലുള്ള വിസ മാറ്റങ്ങൾ അറിയാം...

SBS Malayalam

13:15

Share