ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കോട്ട് മോറിസന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന നികുതി ഇളവുകളുടെ മൂന്നാം ഘട്ടമാണ് 2024 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
നിരവധി ഭേദഗതികളോടെയാണ് നിലവിലെ ആന്തണി അല്‍ബനീസി സര്‍ക്കാര്‍ നികുതി ഇളവ് നടപ്പാക്കുന്നത്.
ഉയര്‍ന്ന വരുമാനക്കാര്‍ക്ക് മോറിസന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന നികുതി ഇളവ് വെട്ടിക്കുറയ്ക്കുകയും, കുറഞ്ഞ വരുമാനവും ഇടത്തരം വരുമാനവും ലഭിക്കുന്നവര്‍ക്ക് ഇളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
90,000 ഡോളര്‍ വാര്‍ഷിക വരുമാനം നേടുന്ന ഒരാള്‍ക്ക് വര്‍ഷം 1,929 ഡോളര്‍ നികുതി ഇളവ് ലഭിക്കും.
മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന നികുതി ഇളവുകളെപ്പോലെ ഒറ്റത്തവണയായല്ല ഇത് നല്‍കുന്നത്.
പകരം, ഓരോ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന നികുതി കുറയ്ക്കുകയാണ്. അതായത് കൈവശം ലഭിക്കുന്ന ശമ്പളത്തുകയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാകും.
ഫലത്തില്‍, 90,000 ഡോളര്‍ വാര്‍ഷിക ശമ്പളമുള്ള ഒരാള്‍ക്ക് ഒരാഴ്ചയില്‍ കൈവശം ലഭിക്കുന്ന ശമ്പളത്തില്‍ ഏകദേശം 37 ഡോളറിന്റെ വര്‍ദ്ധനവ് ഉണ്ടാകും.
60,000 ഡോളര്‍ വാര്‍ഷിക ശമ്പളമുള്ള ഒരാള്‍ക്ക് ആഴ്ചയില്‍ 23 ഡോളറാകും വര്‍ദ്ധനവ്.
1,20,000 ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ഒരാള്‍ക്ക് ആഴ്ചയില്‍ 52 ഡോളര്‍ കൂടും.
നിങ്ങള്‍ക്ക് എത്ര ഡോളറാകും നികുതിയിളവ് ലഭിക്കുകയെന്നും, ഓരോ ശമ്പളത്തിലും എത്ര വര്‍ദ്ധനവ് ഉണ്ടാകുമെന്നും ഈ ഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററില്‍ പരിശോധിക്കാം.
ഈ മൂന്നാം ഘട്ട നികുതി ഇളവുകളുടെ വിശദാംശങ്ങള്‍ മെല്‍ബണില്‍ ടാക്‌സ് ഏജന്റായ ബൈജു മത്തായി മുമ്പ് എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചിരുന്നു. അത് ഇവിടെ കേള്‍ക്കാം:
LISTEN TO

ഫെഡറൽ ബജറ്റ്: മൂന്നാം ഘട്ട നികുതി ഇളവുകൾ നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാം
SBS Malayalam
07:49
വൈദ്യുതി ബില്ലിലും കുറവ്
നികുതി ഇളവിനൊപ്പം എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും വൈദ്യുതി ബില്ലിലും ഫെഡറല്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജീവിതച്ചെലവ് കുറയ്ക്കാനായുള്ള പദ്ധതികളുടെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചത്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ 300 ഡോളറിന്റെ ഇളവാണ് എല്ലാ ഓസ്‌ട്രേലിയന്‍ കുടുംബങ്ങള്‍ക്കും ലഭിക്കുന്നത്.
ചെറുകിട ബിസിനസുകള്‍ക്ക് 325 ഡോളറും ഇളവ് ലഭിക്കും.
ഇത് ലഭിക്കാനായി ജനങ്ങള്‍ പ്രത്യേകിച്ച് നടപടികളൊന്നും എടുക്കേണ്ടതില്ല. മൂന്നു മാസത്തില്‍ ഒരിക്കല്‍ 75 ഡോളര്‍ വീതമുള്ള ക്രെഡിറ്റായി വൈദ്യുതി ബില്ലിലേക്ക് ഇത് ഉള്‍പ്പെടുത്തും.
നേരിയ തോതിലെങ്കിലും എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും സാമ്പത്തികമായി ഇത് സഹായകരമാകും എന്നാണ് സര്‍ക്കാര്‍ പറയുന്നത്.