'കര്‍ക്കശക്കാരനായിരുന്നു അച്ഛന്‍. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബോയ് ഫ്രണ്ട്‌സും, പാര്‍ട്ടികളും ഒന്നും അച്ഛന് ഇഷ്ടമല്ലായിരുന്നു.' ഈ വര്ഷത്തെ മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ മരിയ തട്ടില്‍ പറയുന്നു.
പക്ഷേ ഇപ്പോള്‍ മരിയ തട്ടിലിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ടോണി തട്ടില്‍ എന്ന മുന്‍ വൈദികന്‍. ഫാഷന്‍-മോഡലിംഗ് രംഗത്ത് മരിയ തട്ടിലിന്റെ ഓരോ ചുവടുകള്‍ക്കു പിന്നിലെയും ശക്തി.
'മരിയയുടെ ഓരോ ചുവടുവയ്പ്പിലും കൂടെ നില്‍ക്കുകയും പ്രോത്സാഹിപ്പിക്കുകയും, തെറ്റുണ്ടെങ്കില്‍ തിരുത്തുകയുമാണ് ഞാന്‍ ചെയ്യുന്നത്.' ടോണി തട്ടില്‍ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
'മരിയയുടെ ആത്മവിശ്വാസം എനിക്കറിയാം. ലോകത്തെങ്ങുമുള്ള നിരവധി ചെറുപ്പക്കാരെ സ്വാധീനിക്കാന്‍ മരിയയ്ക്കു കഴിഞ്ഞിട്ടുണ്ട്. അതില്‍ അഭിമാനമാണ് എനിക്കുള്ളത്.'

Maria Thattil with family Source: Supplied: Maria Thattil
തൃശൂരില്‍ നിന്ന് മെല്‍ബണിലേക്ക്
തൃശൂര്‍ ജില്ലയിലെ ഒല്ലൂരില് ജനിച്ചുവളര്‍ന്നയാളാണ് ടോണി തട്ടില്‍.
കൊല്‍ക്കത്തയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം കത്തോലിക്കാ സഭാ വൈദികനായി ഇന്ത്യയുടെ പല ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. അതിനു ശേഷമാണ് വൈദികവൃത്തി ഉപേക്ഷിച്ച് വിവാഹം കഴിച്ചതും, മെല്‍ബണിലേക്ക് കുടിയേറിയതും.
'സൗന്ദര്യം എന്നത് അതിമനോഹരമായ ഒരു കാര്യമാണ്. അതിനെ ആഘോഷിക്കുന്നതില്‍ മോശമായൊന്നും തോന്നേണ്ടതില്ല. എന്റെ മകള്‍ക്കൊപ്പം അതുകൊണ്ടാണ് ഞാന്‍ എപ്പോഴും കൂടെയുള്ളത്.' ടോണി തട്ടില്‍ പറയുന്നു.
തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോകളില്‍ ഇപ്പോള്‍ പതിവു സാന്നിദ്ധ്യമായ അച്ഛന്‍, അങ്കിള്‍ ടോണി എന്ന പേരില്‍ ഫോളോവേഴ്‌സിനിടയില്‍ പ്രശസ്തനാണെന്ന് മരിയ തട്ടില്‍ പറഞ്ഞു.

Maria Thattil and Tony Thattil Source: Supplied: Maria Thattil
ആറു മാസം പ്രായമുള്ളപ്പോള്‍ തന്നെ മോസ്റ്റ് ബ്യൂട്ടിഫുള്‍ ബേബി മത്സരത്തില്‍ ഒന്നാം സമ്മാനം സ്വന്തമാക്കിയതാണ് മരിയ തട്ടില്‍.
ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ലോകമെങ്ങും ഫോളോവര്‍മാരുള്ള മരിയ, മേക്ക് അപിനെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചുമെല്ലാം നിരവധി വീഡിയോകള്‍ ചെയ്യറാുമുണ്ട്.

Source: Supplied: Maria Thattil
അടുത്ത വര്‍ഷം നടക്കുന്ന വിശ്വ സൗന്ദര്യമത്സരത്തിലും കിരീടം ചൂടാന്‍ മരിയയ്ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസമാണ് ഇവര്‍ക്കുള്ളത്.
ഫാഷന്‍-മോഡലിംഗ് രംഗത്തേക്ക് എത്താന്‍ ആഗ്രഹിക്കുന്നവര്‍ ഇത്തരം ഉയരങ്ങള്‍ സ്വന്തമാക്കാന്‍ എന്താണ് ചെയ്യേണ്ടത്?
ഇതേക്കുറിച്ച് മരിയ തട്ടിലും, പള്ളീലച്ചനില്‍ നിന്ന് സൗന്ദര്യറാണിയുടെ അച്ഛനായുള്ള യാത്രയെക്കുറിച്ച് ടോണി തട്ടിലും സംസാരിക്കുന്നത് ഇവിടെ കേള്‍ക്കാം...
LISTEN TO

അച്ചന്‍പട്ടം ഉപേക്ഷിച്ച അച്ഛന്‍; സൗന്ദര്യറാണിയായി മകള്‍: മലയാളി യുവതി മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ ആയ കഥ...
SBS Malayalam
24:44