പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും നാളുകളാണ് ക്രിസ്ത്മസ്-പുതുവത്സര കാലം.
അല്ലെങ്കില്‍ അങ്ങനെയാണ് നമ്മള്‍ പൊതുവില്‍ കരുതുന്നത്.
പക്ഷേ ഇത്തവണ ഓസ്‌ട്രേലിയയ്ക്കിത് ആശങ്കകളുടെയും നിരാശകളുടേതുമായിരുന്നു.
ഒന്നര വര്‍ഷമായി തുടരുന്ന വരള്‍ച്ചയും, ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയുമെല്ലാം പിടിച്ചുലച്ചപ്പോള്‍, അത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഉള്‍നാടന്‍ ഓസ്‌ട്രേലിയയിലെ കര്‍ഷകരെയാണ്.
ഇത്തരം കര്‍ഷക കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കാനായി ഈ ക്രിസ്ത്മസ് കാലം മാറ്റിവയ്ക്കുകയായിരുന്നു ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ബോയിലുള്ള മലയാളി കുട്ടികള്‍.
ക്രിസ്ത്മസ് കേക്കുണ്ടാക്കി വിറ്റ്, അതില്‍ നിന്ന് സമാഹരിക്കുന്ന പണം കര്‍ഷകരെ സഹായിക്കാന്‍ വേണ്ടി നല്‍കുകയാണ് ഈ കുട്ടികള്‍ ചെയ്തത്.
ഒറാന മേഖലയിലെ മലയാളി കൂട്ടായ്മയായ ഒരുമയുടെ നേതൃത്വത്തിലായിരുന്നു ഇത്.

Source: Supplied
ഡിസംബര്‍ ഒന്നു മുതലുള്ള 21 ദിവസങ്ങളിലാണ് കുട്ടികള്‍ ഇത്തരത്തില്‍ കേക്കുണ്ടാക്കിയതെന്ന് ഒരുമ സെക്രട്ടറി ജെറോസ് ജോസഫ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
മൂന്നു വയസു മുതല്‍ 16 വയസു വരെയുള്ള കുട്ടികളാണ് ഇതില്‍ പങ്കെടുത്തത്.
ഡബ്ബോ മേഖലയിലെ മലയാളി കുടുംബങ്ങള്‍ തന്നെയാണ് ഈ കേക്ക് വാങ്ങിയതും. കേക്കിന് വില നിശ്ചയിക്കാതെ, 20 ഡോളറിനു മുകളിലുള്ള ഏതു തുകയും ധനശേഖരണപ്പെട്ടിയില്‍ ഇടുക എന്ന രീതിയിലായിരുന്നു വില്‍പ്പന.
22 കേക്കുകള്‍ വിറ്റതിലൂടെ 902 ഡോളറും, ക്രിസ്ത്മസ് കരോളിലൂടെ ലഭിച്ച തുകയും ചേര്‍ത്ത് 1460 ഡോളറാണ് ഒരുമ സമാഹരിച്ചത്. ഓസീ ഹെല്‍പ്പേഴ്‌സ് എന്ന സന്നദ്ധ സംഘടന വഴിയാണ് ഇത് കര്‍ഷകര്‍ക്ക് കൈമാറിയതെന്നും ജെറോസ് ജോസഫ് പറഞ്ഞു.
വെറുതെ കേക്കുണ്ടാക്കുന്നതിന്റെ ആവേശം മാത്രമായിരുന്നില്ല കുട്ടികള്‍ക്കും.

Source: Supplied

Source: Supplied

Source: Supplied
ഓസ്‌ട്രേലിയയിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ മനസിലാക്കാന്‍ കഴിഞ്ഞതും, അവരെ സഹായിക്കാന്‍ കഴിഞ്ഞതും വലിയൊരു കാര്യമായി തോന്നുന്നുവെന്ന് കേക്കുണ്ടാക്കി നല്‍കിയ മിഷേല്‍ ഫേബര്‍ എന്ന 13വയസുകാരി പറഞ്ഞു.
കുഞ്ഞനുജത്തി റോഷെല്ലുമായി ചേര്‍ന്നാണ് മിഷേല്‍ കേക്കുണ്ടാക്കിയത്.

Source: Supplied
ഈ പദ്ധതി നടപ്പാക്കിയത് എങ്ങെയെന്ന് ജെറോസ് ജോസഫും, കേക്കുണ്ടാക്കിയതിന്റെ ആവേശത്തെക്കുറിച്ച് മിഷേല്‍ ഫേബറും സംസാരിക്കുന്നത് ഇവിടെ കേള്‍ക്കാം.
LISTEN TO

ഓസ്‌ട്രേലിയന്‍ കര്‍ഷകരെ സഹായിക്കാന്‍ ക്രിസ്ത്മസ് കേക്കുണ്ടാക്കി പണം സമാഹരിച്ച് മലയാളി കുട്ടികള്‍
SBS Malayalam
12:05
അച്ഛനമ്മമാരുടെ സഹായത്തോടെയാണ് മിക്ക കുട്ടികളും കേക്കുണ്ടാക്കിയത്. കേക്കുണ്ടാക്കുമ്പോള്‍ തന്നെ എന്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന കാര്യം അച്ഛനമ്മമാര്‍ കുട്ടികളോട് സംസാരിക്കുക എന്നതായിരുന്നൂ ഈ പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്ന് എന്ന് ഒരുമ ഭാരവാഹികള്‍ പറഞ്ഞു.
ഒരു ക്രിസ്ത്മസ് കാലത്ത് കേക്കുണ്ടാക്കി നല്‍കിയതില്‍ മാത്രം ഇത് അവസാനിപ്പിക്കില്ല എന്നാണ് മിഷേല്‍ ഫേബറും പറഞ്ഞത്. ഭൂമിയെ സംരക്ഷിക്കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇനിയും ചെയ്യണം എന്ന ആവേശത്തിലാണ് മിഷേല്‍.

Source: Supplied

Source: Supplied