ഈ വ്യാഴാഴ്ച മുതല്‍ SBS മലയാളം പ്രക്ഷേപണത്തിന്റെ സമയം മാറുന്നു: എങ്ങനെ കേള്‍ക്കാം എന്നറിയാം...

SBS Audio in Studio

Credit: SBS

എസ് ബി എസ് റേഡിയോ പരിപാടികളുടെ സമയക്രമത്തില്‍ ഒക്ടോബര്‍ 5 വ്യാഴാഴ്ച മുതല്‍ മാറ്റം വരുന്നു. മലയാളം റേഡിയോ പ്രക്ഷേപണം ഇനി മുതല്‍ SBS2 നൊപ്പം, SBS PopDesi ചാനലിലും ലഭിക്കും.


ഓസ്‌ട്രേലിയന്‍ ദേശീയ പൊതുമേഖലാ മാധ്യമമായ എസ് ബി എസില്‍ 68 ഭാഷകളിലാണ് റേഡിയോ/ഓഡിയോ പരിപാടികളുള്ളത്.

ഒക്ടോബര്‍ 5 വ്യാഴാഴ്ച മുതല്‍ ഈ പരിപാടികളുടെ സമയക്രമത്തില്‍ മാറ്റം വരികയാണ്.

SBS Radio 1, SBS Radio 2, SBS Radio 3, SBS PopDesi എന്നീ ചാനലുകളിലെ പരിപാടികളില്‍ സമയക്രമം മാറുന്നുണ്ട്.
നിലവില്‍ SBS Radio 2ല്‍ പ്രക്ഷേപണം ചെയ്യുന്ന മലയാളം പരിപാടികളുടെ സമയവും മാറും.
2013ല്‍ എസ് ബി എസില്‍ മലയാളം പരിപാടികള്‍ തുടങ്ങിയ ശേഷം ഇതാദ്യമായാണ് സമയക്രമത്തില്‍ മാറ്റം വരുന്നത്.

SBS മലയാളം - പുതിയ സമയം ഇങ്ങനെ

കഴിഞ്ഞ 10 വര്‍ഷമായി വ്യാഴാഴ്ചകളില്‍ രാത്രി എട്ടു മണിക്കും, ഞായറാഴ്ചകളില്‍ രാത്രി ഒമ്പതു മണിക്കും SBS Radio 2 ചാനലിലാണ് മലയാളം പരിപാടികളുടെ തത്സമയ പ്രക്ഷേപണമുള്ളത്.

എന്നാല്‍, ഒക്ടോബര്‍ അഞ്ചു മുതല്‍ തത്സമയ പരിപാടി വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെയായിരിക്കും.

ചാനലിലാകും ഈ തത്സമയ പരിപാടി കേള്‍ക്കാവുന്നത്.

അതായത്, പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചഭക്ഷണ ഇടവേളയില്‍ ഇനി മുതല്‍ എസ് ബി എസ് മലയാളം പരിപാടികള്‍ തത്സമയം ആസ്വദിക്കാന്‍ കഴിയും.
നിലവിലെ സമയത്ത് തന്നെ പരിപാടികള്‍ കേള്‍ക്കുന്നതാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍, അത് തുടര്‍ന്നു കേള്‍ക്കാം.
വ്യാഴാഴ്ചകളില്‍ രാത്രി എട്ടു മണിക്കും, ഞായറാഴ്ചകളില്‍ രാത്രി ഒമ്പതു മണിക്കും SBS Radio 2 ചാനലില്‍ മലയാളം പരിപാടികളുടെ പുനര്‍പ്രക്ഷേപണമുണ്ടാകും - നിങ്ങള്‍ ഇപ്പോള്‍ പരിപാടി കേള്‍ക്കുന്ന അതേ സമയത്ത്, അതേ ചാനലില്‍.

എസ് ബി എസ് മലയാളത്തിന്റെ ഒരു മണിക്കൂര്‍ പരിപാടികള്‍ കൂടുതല്‍ പേര്‍ക്ക്, സൗകര്യപ്രദമായ സമയത്ത് കേള്‍ക്കാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഒരു മണിക്കൂര്‍ പരിപാടികളില്‍ കൂടുതല്‍ പാട്ടുകളും, കവിതകളും, സിനിമാ വിശേഷങ്ങളും, തത്സമയ അഭിമുഖങ്ങളും എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ, കൂടുതല്‍ ആസ്വാദ്യകരമായ രീതിയില്‍ ഒരു മണിക്കൂര്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തോടൊപ്പം ചെലവഴിക്കാം.

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വാര്‍ത്തകളും, സമകാലിക സംഭവങ്ങളും, അഭിമുഖങ്ങളുമെല്ലാം ഈ ഒരു മണിക്കൂര്‍ പരിപാടിയില്‍ മാത്രമല്ല ഉള്‍പ്പെടുത്തുന്നത്. എല്ലാ ദിവസവും എസ് ബി എസ് മലയാളം വെബ്‌സൈറ്റ്, ഫേസ്ബുക്ക് പേജ്, പോഡ്കാസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ ഇത്തരം പരിപാടികള്‍ ലഭിക്കും.
മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, പഞ്ചാബി തുടങ്ങി മറ്റ് ഇന്ത്യന്‍ ഭാഷാ പരിപാടികളും SBS PopDesiയില്‍ ലഭിക്കും.
എല്ലാ എസ് ബി എസ് പരിപാടികളുടെയും പുതിയ അറിയാന്‍ സന്ദര്‍ശിക്കുക.

എങ്ങനെയൊക്കെ കേള്‍ക്കാം?

എസ് ബി എസ് മലയാളം പരിപാടിയും മറ്റ് എസ് ബി എസ് ഭാഷാ പരിപാടികളും നിരവധി മാര്‍ഗ്ഗങ്ങളിലൂടെ കേള്‍ക്കാവുന്നതാണ്.

ഡിജിറ്റല്‍ റേഡിയോ, FM റേഡിയോ, ഡിജിറ്റല്‍ ടി വി, എസ് ബി എസ് മലയാളം വെബ്‌സൈറ്റിലെ സ്ട്രീമിംഗ്, എസ് ബി എസ് ഓഡിയോ ആപ്പ് എന്നിവയിലൂടെ ഒരു മണിക്കൂര്‍ പരിപാടി കേള്‍ക്കാന്‍ കഴിയും.
SBS PopDesi destination V2.png
എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ ഞങ്ങളുടെ വെബ്സൈറ്റിനും ആപ്പിനും പുറമേ, ആപ്പിള്‍ പോഡ്കാസ്റ്റ്, ഗൂഗിള്‍ പോഡ്കാസ്റ്റ്, സ്‌പോട്ടിഫൈ, TuneIn, LiSTNR തുടങ്ങിയവയിലൂടെയും കേള്‍ക്കാം.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് SBS PopDesiയില്‍ തത്സമയം പരിപാടി കേള്‍ക്കണമെങ്കില്‍, നിങ്ങളുടെ ടെലിവിഷന്‍ ചാനലില്‍ ചാനല്‍ 305ലേക്ക് പോകാം. അല്ലെങ്കില്‍ ഡിജിറ്റല്‍ റേഡിയോയില്‍ പോപ് ദേശി സെര്‍ച്ച് ചെയ്താല്‍ മതി.

സ്മാര്‍ട്ട് സ്പീക്കറുകളിലും എസ് ബി എസ് പോപ് ദേശി ലഭിക്കും. അല്ലെങ്കില്‍ എസ് ബി എസ് ഓഡിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

വ്യാഴാഴ്ചകളില്‍ രാത്രി എട്ടു മണിക്കും ഞായറാഴ്ചകളില്‍ രാത്രി ഒമ്പതു മണിക്കും പുനര്‍പ്രക്ഷേപണം കേള്‍ക്കാന്‍ എസ് ബി എസ് റേഡിയോ ടു ചാനലും ഇതേ മാര്ഗ്ഗങ്ങളിലെല്ലാം ലഭിക്കും. ടെലിവിഷനില്‍ ചാനല്‍ 38ലും, 302ലുമാണ് എസ് ബി എസ് റേഡിയോ 2 ലഭിക്കുന്നത്.

Share