വിസ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി മലയാളി ഷെഫിന്റെ ശമ്പളം തിരിച്ചുപിടിച്ചു: മലയാളിയുടെ റെസ്‌റ്റോറന്റിന്‌ പിഴ ശിക്ഷ

Ninumol Abraham says she's relieved her case has finally been resolved.

Ninumol Abraham says she's relieved her case has finally been resolved. Source: SBS News

താല്‍ക്കാലിക വിസയിലുണ്ടായിരുന്ന ഷെഫിനെ ചൂഷണം ചെയ്തു എന്ന ആരോപണത്തില്‍ കാന്‍ബറയിലെ മലയാളി റെസ്റ്റോറന്റ് ഉടമകള്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. മലയാളിയായ നിനുമോള്‍ എബ്രഹാമിന് 18,000 ഡോളറോളം നഷ്ടപരിഹാരം നല്‍കാനാണ് സിവില്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ചൂഷണത്തിന് ഇരയായ നിനുമോള്‍ തന്നെ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് മുകളിലെ പ്ലേയറില്‍ കേള്‍ക്കാം.


കാന്‍ബറയിലെ ബിന്നീസ് കാത്തീറ്റോ എന്ന മലയാളി റെസ്‌റ്റോറന്റിലാണ് നിനുമോള്‍ എബ്രഹാം 2018 മേയ് മുതല്‍ ഷെഫായി ജോലി ചെയ്തിരുന്നത്.

രണ്ടു മക്കളുടെ അമ്മയായ നിനുമോള്‍ ന്യൂസിലന്റില്‍ നിന്നാണ് കാന്‍ബറയിലേക്ക് 457 വിസയിലെത്തിയത്. റെസ്‌റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്തായിരുന്നു നിനുമോള്‍ക്ക് വിസ ലഭിച്ചത്.

എന്നാല്‍, റെസ്റ്റോറന്റുടമകള്‍ നിനുമോള്‍ക്ക് നല്‍കിയിരുന്ന ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം തിരിച്ചുപിടിക്കുകയും, അധിക സമയം ജോലിയെടുപ്പിക്കുകയും ചെയ്തു എന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ റെസ്റ്റോറന്റ് ഉടമ റോസ് തോമസിനോടും, ഭര്‍ത്താവ് ബിന്നി ബാബുവിനോടും ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.

വര്‍ഷം 55,000 ഡോളര്‍ ശമ്പളം നല്‍കും എന്ന കരാറിലാണ് താന്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് നിനുമോള്‍ ട്രൈബ്യൂണലിനെ അറിയിച്ചു. എന്നാല്‍, ഓരോ രണ്ടാഴ്ച കൂടുമ്പോഴും 511.40 ഡോളര്‍ വീതം പണമായി റെസ്റ്റോറന്റ് ഉടമകള്‍ തിരികെ വാങ്ങിയെന്ന് നിനുമോള്‍ ആരോപിച്ചു.

നികുതി അടയ്ക്കുന്നതിനു വേണ്ടിയാണ് ഈ പണം എന്ന പേരിലാണ് തിരികെ വാങ്ങിയതെന്ന് നിനുമോള്‍ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
Ninumol has encouraged other temporary visa holders to speak out if they face work place challenges.
Ninumol has encouraged other temporary visa holders to speak out if they face work place challenges. Source: SBS News
കരാറില്‍ 38 മണിക്കൂറാണെങ്കിലും, ആഴ്ചയില്‍ 70 മണിക്കൂറോളം ജോലി ചെയ്യേണ്ടി വരുമായിരുന്നു. അതിന് അധികം ശമ്പളം കിട്ടാറില്ലായിരുന്നുവെന്നും നിനുമോള്‍ ചൂണ്ടിക്കാട്ടി.

ലീവെടുക്കാനും അനുവാദം നല്‍കിയിരുന്നില്ലെന്നും, ഒരു ദിവസം ലീവെടുത്താല്‍ 100 ഡോളര്‍ തിരികെ നല്‍കണമായിരുന്നുവെന്നും നിനുമോള്‍ ആരോപിച്ചു.

രണ്ടു കൊച്ചു കുട്ടികളെ നോക്കാന്‍ പോലും തനിക്ക് സമയം ലഭിക്കുന്നില്ലായിരുന്നു. 

ഈ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും, 457 വിസ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇതൊക്കെ ചെയ്യിച്ചതെന്നും നിനുമോള്‍ ട്രൈബ്യൂണലില്‍ വാദിച്ചു.

സുഖമില്ലാതെ മെഡിക്കല്‍ ലീവ് എടുത്ത ദിവസം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു എന്നാണ് നിനുമോള്‍ ചൂണ്ടിക്കാട്ടിയത്. 2019 ജനുവരി 14നായിരുന്നു ഇത്.

ഇതേക്കുറിച്ച് നിനുമോളുടെ വാക്കുകള്‍ കേള്‍ക്കാം.
LISTEN TO
This Malayalee chef feared losing her Australian visa if she didn't pay her boss every fortnight image

This Malayalee chef feared losing her Australian visa if she didn't pay her boss every fortnight

SBS Malayalam

16:19
എന്നാല്‍, മോശം ഷെഫായിരുന്നു നിനുമോളെന്നും, ജോലിക്ക് ചേരുമ്പോള്‍ അവകാശപ്പെട്ട രീതിയില്‍ ഭക്ഷണം പാചകം ചെയ്യാന്‍  അറിയില്ലായിരുന്നുവെന്നും റെസ്‌റ്റോറന്റ് ഉമടകളായ ബിന്നി ബാബുവും റോസ് തോമസും വാദിച്ചു. 

ദോശയുണ്ടാക്കാന്‍ പോലും അറിയില്ലായിരുന്നു എന്നാണ് അവര്‍ വാദിച്ചത്.

വിസ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി ജോലി ചെയ്യിച്ചു എന്ന ആരോപണം ഇരുവരും നിഷേധിച്ചു. 

എന്നാല്‍, വിസ സാഹചര്യം മുതലെടുത്ത് ചൂഷണം ചെയ്തു എന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് ട്രൈബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ശമ്പള കുടിശ്ശികയും, മാനനഷ്ടത്തിനുള്ള പരിഹാരവുമായി 13,320 ഡോളറും, നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടതിന്റെ കുടിശ്ശികയായി 4,620 ഡോളറുമാണ് നല്‍കേണ്ടത്. ആകെ 17,940 ഡോളര്‍ നിനുമോള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നാണ് ഉത്തരവ്.
Former employees Shojin Thomas (centre) and Ninumol Abraham are seen near the Indian Restaurant Binny's Kathitto in Canberra.
Former employees Shojin Thomas (centre) and Ninumol Abraham are seen near the Indian Restaurant Binny's Kathitto in Canberra. Source: AAP
ഇത്തരത്തില്‍ ചൂഷണം നേരിടുന്ന മറ്റുള്ളവര്‍ക്കും മുന്നോട്ടുവരാന്‍ പ്രചോദനമാകും ഈ ഉത്തരവെന്ന് നിനുമോള്‍ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

നിരവധി റെസ്റ്റോറന്റുകളില്‍ ഇത്തരം ചൂഷണം നടക്കുന്നുണ്ടെന്നും, ഈ ഉത്തരവ് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്നും നിനുമോള്‍ക്ക് വേണ്ടി ട്രൈബ്യൂണലില്‍ ഹാജരായ യുണൈറ്റഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിനിധി എറിന്‍ ക്രസ്ഹള്‍ പറഞ്ഞു.

കേസില്‍ ഉള്‍പ്പെട്ട ബിന്നിസ് കത്തിറ്റോ എന്ന റെസ്‌റ്റോറന്റ് പിന്നീട് പൂട്ടിയിരുന്നു. ഇതിന്റെ ഉടമ ബിന്നി ബാബുവുമായി ഫേസ്ബുക്ക് വഴി ബന്ധപ്പെടാന്‍ എസ് ബി എസ് മലയാളം ശ്രമിച്ചെങ്കിലും, ഇതുവരെയും പ്രതികരണം ലഭ്യമായിട്ടില്ല.


Share