പെർത്തിൽ സന്ദർശക വിസയിലെത്തിയ പോളച്ചൻ വറീത്, ഷാജു കുഞ്ഞുവറീത്, ഷിബു മുണ്ടൻമാണി എന്നവരെയാണ് കുടിയേറ്റ കാര്യ വകുപ്പ് ഡിറ്റൻഷൻ കേന്ദ്രത്തിലാക്കിയത്.
സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച വൈകിട്ടായിരുന്നു ഇവർ പെർത്തിലെത്തിയത്.
വിസ റദ്ദാക്കിയ ശേഷം അഞ്ചു ദിവസത്തോളം ഇവരെ ഡിറ്റൻഷൻ കേന്ദ്രത്തിൽ പാർപ്പിച്ചു.
ഭാര്യയ്ക്കൊപ്പമാണ് യാത്ര എന്ന് വിസ അപേക്ഷയിൽ രേഖപ്പെടുത്തിയ ശേഷം, ഭാര്യയെ കൂട്ടാതെ ഓസ്ട്രേലിയയിലേക്കെത്തി എന്ന പേരിലായിരുന്നു നടപടി.
വിസ അപേക്ഷയിൽ കള്ളം പറഞ്ഞതായി തെളിഞ്ഞെന്ന് വിസ റദ്ദാക്കിയ നടപടിയിൽ കുടിയേറ്റകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.
ഭാര്യയ്ക്കൊപ്പം യാത്ര ചെയ്യുമെന്ന് വിസ അപേക്ഷയിൽ നിങ്ങൾ പറഞ്ഞു. എന്നാൽ യാത്രയിൽ ഭാര്യ ഒപ്പമില്ല. വിസ അപേക്ഷയിൽ നിങ്ങൾ കള്ളം പറഞ്ഞു എന്നതിന് തെളിവാണ് ഇത്കുടിയേറ്റകാര്യവകുപ്പ് നൽകിയ വിസ റദ്ദാക്കൽ നോട്ടീസ്
രണ്ടു ദിവസത്തിനുള്ളിൽ ഇവരെ നാടുകടത്തുമെന്നും കുടിയേറ്റകാര്യ വകുപ്പും, ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സും അറിയിച്ചു.
ഏറെ മണിക്കൂറോളം ക്രിമിനലുകളെ പോലെ ചോദ്യം ചെയ്ത ശേഷമാണ് തങ്ങളെ ഡിറ്റൻഷൻ കേന്ദരത്തിലാക്കിയതെന്ന് പോളച്ചൻ വറീതും, ഷിബു മുണ്ടൻമാണിയും എസ് ബിഎസ് മലയാളത്തോട് പറഞ്ഞു.
പെർത്ത് മലയാളിയായ ബിജു പല്ലനെ സന്ദർശിക്കാനെത്തിയതായിരുന്നു മൂന്നു പേരും.
"We were excited about visiting Australia before touching down in Perth" Credit: Supplied: Biju Pallan
ബിജുവിന്റെ മകളുടെ ആദ്യകുർബാനയ്ക്കു ശേഷമുള്ള ആഘോഷത്തിൽ പങ്കെടുക്കാനായി എത്തിയ ഇവർക്ക്, മൂന്നു വർഷത്തെ സന്ദർശക വിസ കുടിയേറ്റ കാര്യ വകുപ്പ് അനുവദിച്ചിരുന്നു.
എന്നാൽ കുടുംബത്തിലെ മറ്റൊരു അംഗത്തിന് വിസ ലഭിക്കാത്തതിനാലാണ് തന്റെയും ഭാര്യയുടെയും സഹോദരിമാർ യാത്ര ചെയ്യാതെ അവരുടെ ഭർത്താക്കൻമാർ മാത്രം യാത്ര ചെയ്തത് എന്ന് ബിജു പല്ലൻ പറഞ്ഞു.
കുടിയേറ്റകാര്യവകുപ്പിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാൻ ബിജുവും, സന്ദർശകരും തീരുമാനിക്കുകയായിരുന്നു.
ഇവരുടെ നാടുകടത്തൽ താൽക്കാലികമായി തടഞ്ഞ കോടതി, കേസിൽ വിശദമായി വാദം കേൾക്കാൻ തീരുമാനിച്ചു.
എന്നാൽ, തങ്ങൾക്ക് തെറ്റുപറ്റിയതാണ് എന്ന് തുറന്നു സമ്മതിച്ച കുടിയേറ്റകാര്യ വകുപ്പ്, ഉദ്യോഗസ്ഥർക്ക് പറ്റിയ ജൂറിസ്ഡിക്ഷണൽ എറർ, അഥവാ അധികാരപ്രയോഗത്തിലെ വീഴ്ചയാണ് ഇത് എന്ന് കോടതിയെ അറിയിച്ചു.
സന്ദർശകർ അപേക്ഷയിൽ കള്ളം പറഞ്ഞു എന്നതിന് ഒരു തെളിവുമില്ലഫെഡറൽ സർക്യൂട്ട് കോടതി
ഇത് കണക്കിലെടുത്ത കോടതി, വിസ റദ്ദാക്കാനുള്ള തീരുമാനം അസാധുവാക്കി.
തുടർന്ന് മൂന്നു പേരേയും ഡിറ്റൻഷൻ കേന്ദ്രത്തിൽ നിന്ന് മോചിപ്പിച്ചു. ഇവർക്ക് കേസിനുണ്ടായ ചെലവ് പൂർണമായും സർക്കാർ തിരിച്ചു നൽകണമന്നും കോടതി ഉത്തരവിട്ടു.
Credit: supplied: Biju Pallan
എന്നാൽ, നഷ്ടപരിഹാരം കൂടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബിജു പല്ലൻ വ്യക്തമാക്കി.
ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സിന്റെ അധികാര ദുർവിനിയോഗമാണ് ഇതിൽ കണ്ടതെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ എത്ത്നിക് കമ്മ്യൂണിറ്റീസ് കൗൺസിൽ പ്രസിഡന്റ് സുരേഷ് രാജൻ ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ശ്രമിക്കുന്ന സമയത്താണ് ഇത്തരമൊരു സംഭവം എന്നത് കൂടുതൽ ദൗർഭാഗ്യകരമാണ്സുരേഷ് രാജൻ, എത്ത്നിക് കമ്മ്യൂണിറ്റീസ് കൗൺസിൽ പ്രസിഡന്റ്
ഇതേക്കുറിച്ച് ബോർഡർ ഫോഴ്സിന്റെ പ്രതികരണം എസ് ബിഎസ് മലയാളം ആരാഞ്ഞെങ്കിലും, സ്വകാര്യത കണക്കിലെടുത്ത് പ്രതികരിക്കാൻ കഴിയില്ല എന്നായിരുന്നു ബോർഡർ ഫോഴ്സ് വക്താവ് അറിയിയിച്ചത്.
ഈ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ എസ് ബി എസ് മലയാളം ഉടൻ പുറത്തുവിടുന്നുണ്ട്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ എങ്ങനെയായിരുന്നുവെന്നും, എത്രത്തോളം കഠിനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്നും പോളച്ചൻ വറീതും, ഷിബു മുണ്ടൻമാണിയും, ബിജു പല്ലനും വിശദമായി സംസാരിക്കുന്നു.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റായി അത് അൽപസമയത്തിനകം പ്രസിദ്ധീകരിക്കും.
എസ് ബി എസ് റേഡിയോ ആപ്പിലും, സ്പോട്ടിഫൈ, ആപ്പിൾ പോഡ്കാസ്റ്റ്, ഗൂഗിൾ പോഡ്കാസ്റ്റ് തുടങ്ങിയ പോഡ്കാസ്റ്റിംഗ് പ്ലാറ്റ്ഫോമുകളിലും എസ് ബിഎസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാം