വന്ദേഭാരത് മിഷൻ: എയർ ഇന്ത്യ വിമാനങ്ങളിൽ ഓസ്ട്രേലിയയിലേക്കും യാത്രക്കാരെ കൊണ്ടുവരും

വന്ദേഭാരത് മിഷന്റെ ഭാഗമായി ഓസ്ട്രേലിയയിലേക്കെത്തുന്ന എയർ ഇന്ത്യാ വിമാനങ്ങളിൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇങ്ങോട്ടേക്കും കൊണ്ടുവരും. ഒരാൾക്ക് 2000 ഡോളറിനു മുകളിലാണ് നിരക്കെങ്കിലും ഒരു മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ വിറ്റു തീർന്നു.

Representational image of Air India

Source: Air India

വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനാണ് ഇന്ത്യൻ സർക്കാർ വന്ദേ ഭാരത് മിഷൻ പ്രഖ്യാപിച്ചത്.

ഓസ്ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെ കൊണ്ടുപോകാനായി ഏഴ് എയർ ഇന്ത്യ സർവീസുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

മെൽബൺ സിഡ്നി നഗരങ്ങളിൽ നിന്നാണ് ഇവ.

മെൽബണിൽ നിന്ന് കൊച്ചിയിലേക്കും ഒരു സർവീസുണ്ട്. 1770 ഡോളർ മുതലാണ് ഈ വിമാനസർവീസിന്റെ നിരക്ക്.


അതേസമയം, വന്ദേഭാരത് മിഷന്റെ ഭാഗമായി ഓസ്ട്രേലിയയിലേക്ക് വിമാനങ്ങൾ എത്തുമ്പോൾ, ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന ഓസ്ട്രേലിയക്കാരെ ഇങ്ങോട്ടേക്കും കൊണ്ടുവരും എന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയത്.

ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷൻ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.
ഓസ്ട്രേലിയയിലേക്ക് വരുന്ന ഏഴ് എയർ ഇന്ത്യ വിമാനങ്ങളിലും യാത്രക്കാരെ എത്തിക്കും. ഡൽഹിയിൽ നിന്നാണ് എല്ലാ സർവീസുകളും. സിഡനിയിലേക്കും മെൽബണിലേക്കുമാണ് ഇവ എത്തുന്നത്. 

വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 6.30നാണ് എയർ ഇന്ത്യ ഇതിന്റെ ടിക്കറ്റ് വിൽപ്പന തുടങ്ങിയത്. എന്നാൽ ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്നെ ടിക്കറ്റുകൾ വിറ്റു തീർന്നതായി ഹൈക്കമ്മീഷൻ അറിയിച്ചു.

വ്യത്യസ്തമായ ടിക്കറ്റ് നിരക്കുകളായിരുന്നു ഈ വിമാനങ്ങൾക്ക്. ആദ്യ ഘട്ടത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഒരു ലക്ഷം രൂപ വരെയാണ് ഒരു ടിക്കറ്റിന് ആയത്. ഏകദേശം 2,000 ഓസ്ട്രേലിയൻ ഡോളർ.

എന്നാൽ, പിന്നീട് ബുക്ക് ചെയ്തവർക്ക് 2,400 ഡോളർ വരെ നൽകേണ്ടി വന്നുവെന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച ചില മലയാളികൾ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

എയർ ഇന്ത്യ വെബ്സൈറ്റിൽ എസ് ബി എസ് മലയാളം പരിശോധിച്ചപ്പോഴും ആകെ ഒരു ടിക്കറ്റ് മാത്രമാണ് ഈ ഏഴു സർവീസുകളിലുമായി ബാക്കിയുള്ളതായി കണ്ടത്.

ഡൽഹി-സിഡ്നി വിമാനത്തിലെ ഈ ടിക്കറ്റിന് 1,18,000 രൂപയാണ് നിരക്ക്. ഏകദേശം 2,400 ഡോളർ.
Vande Bharat
Source: Air India website

നിരക്ക് കൂടുതലെന്ന് പരാതി

ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസിന്റെ നിരക്ക് കൂടുതലാണെന്ന് നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്.

ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള എസ് ബി എസ് മലയാളം റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ടും നിരവധി പേർ ഈ അഭിപ്രായം പങ്കുവച്ചിരുന്നു.
Vande Bharat
Source: SBS Malayalam
അവസരം മുതലെടുത്ത് എയർ ഇന്ത്യ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

 


Share

Published

Updated

By Deeju Sivadas

Share this with family and friends