വിദേശത്തു കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള വന്ദേഭാരത് മിഷന്റെ ഭാഗമായി ഏഴു വിമാനങ്ങളാണ് ഓസ്‌ട്രേലിയയില്‍ നിന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതില്‍ കേരളത്തിലേക്ക് ഒരു വിമാനമാണ് ഉള്ളത്.
മേയ് 25ന് മെല്‍ബണില്‍ നിന്ന് കൊച്ചിയിലേക്കാണ് ഈ സര്‍വീസ്.
എക്കണോമി ക്ലാസില്‍ 1,770 ഡോളറായിരിക്കും ഈ വിമാനത്തിന്റെ ടിക്കറ്റ് നിരക്ക്.
അതായത്, ഏകദേശം 86,000 ഇന്ത്യന്‍ രൂപ.
ബിസിനസ് ക്ലാസില്‍ 4,310 ഡോളറായിരിക്കും നിരക്കെന്നും (Rs. 2,10,000) ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ നിലവില്‍ തിരികെ പോകാനായി എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ എടുത്തിട്ടുള്ളവരാണെങ്കില്‍ 885 ഡോളര്‍ നല്‍കിയാല്‍ മതി.
സിഡ്‌നിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള വിമാനത്തിന് എക്കണോമി ക്ലാസില്‍ 1670 ഡോളറും ബിസിനസ് ക്ലാസില്‍ 4110 ഡോളറുമാണ് നിരക്ക്. മറ്റെല്ലാ സര്‍വീസുകള്‍ക്കും 1770, 4310 എന്നീ നിരക്കുകളാണ്.

Source: IHC Canberra
കൊച്ചി വിമാനം ഡല്‍ഹി വഴി
കൊച്ചിയിലേക്കുള്ള വിമാനം മേയ് 25ന് രാവിലെ 8.45 ന് പുറപ്പെടും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ എപ്പോള്‍ ഇത് കൊച്ചിയിലെത്തും എന്ന് അറിയിച്ചിട്ടില്ല.
അതേസമയം, ഡല്‍ഹി വഴിയാണ് ഈ സര്‍വീസ് എന്ന് അറിയിപ്പു കിട്ടിയതായി യാത്രക്കാര്‍ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
മെല്‍ബണില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിമാനം മൂന്നു മണിക്കൂറോളം കഴിഞ്ഞു മാത്രമാണ് കൊച്ചിയിലേക്ക് പുറപ്പെടുക എന്നാണ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
എയര്‍ ഇന്ത്യ നേരിട്ട് യാത്രക്കാരെ ബന്ധപ്പെടുമെന്നും, അപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നുമാണ് അറിയിച്ചിരിക്കുന്നത്.