ഓസ്‌ട്രേലിയ ദിനത്തിന് പിന്നിലെ വിവാദങ്ങൾ

ജനുവരി 26 ഓസ്ട്രേലിയ ദിനമാണ്. ഓസ്‌ട്രേലിയയിലുള്ളവർ ആഘോഷത്തോടെ കൊണ്ടാടുന്ന ദിവസം. എന്നാൽ എന്താണ് ഓസ്ട്രേലിയ ദിനമെന്നും എന്തുകൊണ്ടാണ് ഈ ദിവസം മാറ്റണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത് എന്നതിനെക്കുറിച്ചും അറിയാം.

Australia day

An Invasion Day march in Brisbane. Source: AAP

ഓസ്‌ട്രേലിയയിലെങ്ങും ആഘോഷത്തിന്റെ ദിവസമാണ് ജനുവരി 26. ഓസ്‌ട്രേലിയയുടെ ദേശീയ ദിനം. അന്നേ ദിവസം പൊതു അവധിയായതുകൊണ്ട് തന്നെ ഉത്സവപ്രതീതിയോടെയാണ് ഇവിടെയുള്ളവർ ഓസ്ട്രേലിയ ദിനം ആചരിക്കുന്നത്.

എന്നാൽ ഒരു വിഭാഗം ഓസ്‌ട്രേലിയക്കാർക്ക് ഇത് ദുഃഖം നിറഞ്ഞ ദിവസമാണ്. ഓസ്‌ട്രേലിയയുടെ ആദിമവർഗ്ഗ സമൂഹത്തിനാണ് ഓസ്ട്രേലിയ ദിനം വേദന നിറഞ്ഞ ദിവസമാകുന്നത്.

അതുകൊണ്ടുതന്നെ ജനുവരി 26 ഓസ്ട്രേലിയ ദിനമായി ആചരിക്കുന്നതിനെ എതിർക്കുകയാണ് ഇവർ. ഇതിന്റെ ഭാഗമായി പ്രതിഷേധങ്ങളും നടക്കാറുണ്ട്.

വിവാദങ്ങളിൽ നിറഞ് ജനുവരി 26

ഓസ്‌ട്രേലിയയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് തുടക്കം കുറിച്ച ദിവസമാണ് ജനുവരി 26. 1788ൽ 1350 പേരുമായി ബ്രിട്ടീഷ് സർക്കാർ അയച്ച 11 കപ്പലുകൾ ഓസ്‌ട്രേലിയയിലെ സിഡ്നി കോവിൽ എത്തുകയും ഗവർണർ പോർട്ട് ആർതർ ഫിലിപ് ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയ പതാകയായ യൂണിയൻ ജാക് ഇവിടെ ഉയർത്തുകയും ചെയ്തു.

അതായത് ബ്രിട്ടീഷിന്റെ കോളനിവല്‍ക്കരണം തുടങ്ങിയ ദിവസം. ഇവിടേക്കെത്തിയ ബ്രിട്ടീഷുകാർ നൂറുകണക്കിന് ആദിമവർഗ്ഗക്കാരെ കൊന്നൊടുക്കിയതായാണ് ചരിത്രം പറയുന്നത്.
8a71fadf-e853-4253-ad98-46772e67be47
ഈ ദിവസം ദുഃഖത്തോടെയാണ് ഇവർ ആചരിക്കുന്നത്. അതുകൊണ്ടുതന്നെ ജനുവരി 26 ഓസ്ട്രേലിയ ദിനമായി ആചരിക്കുന്നത് തങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പ്രതിഷേധം.

അന്നേ ദിവസം ഇവർ ഇൻവേഷൻ ദിനമായി ആചരിക്കുകയും രാജ്യത്തുടനീളം റാലികളും മറ്റും സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.

ഓസ്‌ട്രേലിയ ദിനം മറ്റൊരു ദിവസത്തേക്ക് മാറ്റാൻ പ്രചാരണം

ഓസ്‌ട്രേലിയ എന്ന സുന്ദരമായ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നവരാണ് ആദിമവർഗക്കാർ. അതുകൊണ്ടുതന്നെ ഓസ്ട്രേലിയ ദിനം ആചരിക്കുന്നതിനോടല്ല തങ്ങളുടെ എതിർപ്പെന്ന് ടാസ്മേനിയൻ അബോറിജിനൽ സെന്ററിലെ കമ്മ്യൂണിറ്റി എഡ്യൂക്കേഷൻ വർക്കറും ഡെവോൺപോര്ട്ടിലെ ഇൻവേഷൻ ദിന റാലിയുടെ സംഘാടകനുമായ ആദം തോംപ്സൺ പറയുന്നു.
dda7849c-ab7b-4af7-be0a-2b770c13646a
ജനുവരി 26 ന് ആചരിക്കുന്ന ഓസ്‌ട്രേലിയ ദിനം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന ആവശ്യമാണ് ഇവർ മുൻപോട്ട് വയ്ക്കുന്നത്.

ഇതിന്റെ പ്രചാരണം കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിഞ്ഞെങ്കിലും ആദിമവർഗ്ഗസമൂഹത്തിൽപ്പെട്ടവരാല്ലാത്തവരും കൂടി ഇതിൽ പങ്കു ചേർന്നാൽ മാത്രമേ പ്രചാരണത്തിൽ വിജയിക്കാൻ കഴിയൂ എന്നും തോംപ്സൺ പറഞ്ഞു.

ഇത് സംബന്ധിച്ച് 2018ൽ ഓസ്ട്രേലിയ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പോളിന്റെ ഫലം പുറത്തുവന്നപ്പോൾ 49 ശതമാനം പേരാണ് ജനുവരി 26ന് പൊതു അവധി നൽകുന്നതിനെ എതിർത്തത്.

ആഘോഷത്തിൽ നിന്ന് പിന്മാറി കൗൺസിലുകൾ

1994ലാണ് ജനുവരി 26 ഓസ്ട്രേലിയ ദിനമായി ആചരിച്ചു തുടങ്ങിയത്. അന്ന് മുതൽ ഈ ദിവസം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധി ആഘോഷങ്ങളാണ് നടക്കുന്നത്.

ഈ ദിവസം വിവിധ മേഖലകളിലുള്ള മികച്ച സേവനങ്ങളിലൂടെ രാജ്യത്തിന് സംഭാവനകൾ നൽകിയവരെ ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരം നൽകി ആചരിക്കാറുണ്ട്. കൂടാതെ, ലക്ഷക്കണക്കിന് പേരാണ് ജനുവരി 26ന് ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കുന്നത്.
da23539b-c562-46e0-8df6-1a082d2ab852
ജനുവരി 26 ഓസ്ട്രേലിയ ദിനമായി ആചരിക്കുന്നതിനെ എതിർത്തുകൊണ്ട് രാജ്യത്ത് പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. എന്നാൽ ഓസ്ട്രേലിയ ദിനത്തിന്റെ തീയതി മാറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ.

അതേസമയം, ഈ ദിവസം ഓസ്ട്രേലിയ ദിനമായി ആചരിക്കുന്നതിൽ നിന്നും പിന്മാറിയിരിക്കുകയാണ് ചില പ്രാദേശിക കൗൺസിലുകൾ.

മെൽബണിലെ യാരാ സിറ്റി കൗൺസിലാണ് ഇത് സംബന്ധിച്ച തീരുമാനം ആദ്യം അറിയിച്ചത്. വർഷങ്ങളായി നടത്തിവന്ന പ്രചാരണങ്ങൾക്ക് ശേഷവും ഏകകണ്‌ഠമായി എടുത്ത തീരുമാനം 2017ലാണ് യാരാ കൗൺസിൽ നടപ്പാക്കിയത്.

ആഘോഷങ്ങൾ നടത്തുന്നില്ലെന്ന് മാത്രമല്ല ഈ ദിവസത്തെ പൗരത്വദാന ചടങ്ങുകളും കൗൺസിൽ നിർത്തലാക്കി.

തുടർന്ന് 2019ൽ സിഡ്‌നിയുടെ ഇന്നർ വെസ്റ്റ് കൗൺസിലും ഓസ്ട്രേലിയ ദിന ആഘോഷങ്ങളിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. മാരിക്ക് വിൽ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ, കരിമരുന്ന് പ്രയോഗങ്ങൾ, പൗരത്വദാന ചടങ്ങുകൾ എന്നിവയെല്ലാം ഈ ദിവസം നടത്തുന്നത് കൗൺസിൽ മാറ്റിവച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രദേശത്തു നടക്കുന്ന അബൊറിജിനൽ യാബുൻ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ജനങ്ങൾക്ക് കൗൺസിൽ പ്രോത്സാഹനം നൽകുകയും ചെയ്യുന്നുണ്ട്.

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഫ്രീമാന്റിൽ കൗൺസിൽ, ടാസ്മേനിയയിലെ ലൻസെസ്റ്റൻ സിറ്റി കൗൺസിൽ, ന്യൂ സൗത്ത് വെയിൽസിലെ ബൈറൺ ഷയർ കൗൺസിൽ തുടങ്ങിയ കൗൺസിലുകളുംഓസ്ട്രേലിയ ദിനം ആഘോഷിക്കുന്നതിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

Share

Published

By SBS Malayalam
Source: SBS


Share this with family and friends