മെൽബൺ സാം വധക്കേസ്: കൊല നടത്തിയത് രണ്ടാമത്തെ ശ്രമത്തിലെന്ന് പൊലീസ്; കേസിൽ പ്രാരംഭവാദം തുടങ്ങി

മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും സുഹൃത്തും ചേർന്ന് സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയെന്ന കേസിൽ, പ്രതികൾ വിജയിച്ചത് രണ്ടാമത്തെ കൊലപാതകശ്രമത്തിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സാമിൻറെ ഭാര്യ സോഫിയക്കും സുഹൃത്ത് അരുൺ കമലാസനനും മേൽ കുറ്റം ചുമത്തുന്നതിനായി കോടതിയിൽ പ്രാരംഭ വാദം തുടങ്ങി.

Cyanide murder case

Source: Facebook

കേസിൽ പ്രതികൾക്കെതിരെ എന്തൊക്കെ കുറ്റം ചുമത്തി വിചാരണ ചെയ്യണം എന്നു തീരുമാനിക്കുന്നതിനുള്ള കമ്മിറ്റൽ ഹിയറിംഗാണ് മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് തുടങ്ങിയത്. സോഫിയയും അരുണും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കേസിലെ നിരവധി സാക്ഷികളും പ്രാരംഭ ക്രോസ് വിസ്താരത്തിനായി ഇന്ന് ഹാജരായി. 

2015 ഒക്ടോബറിലാണ് മെൽബണിലെ എപ്പിംഗിലുള്ള വസതിയിൽ വച്ച് സാം കൊല്ലപ്പെട്ടത്. അതിനു മുന്പ്, 2015  ജൂലൈ 30 ന് രാവിലെ ലേലോർ ട്രെയിൻ സ്റ്റേഷനിലെ കാർ പാർക്കിൽ വച്ച് സാമിന് നേരെ നടന്ന ആക്രമണവും അരുൺ കമലാസനൻ തന്നെ നടത്തിയ വധശ്രമമായിരുന്നു എന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രത്തിൻറെ പകർപ്പ് എസ് ബി എസ് മലയാളത്തിന് ലഭിച്ചു. 

മുഖംമൂടി അഥവാ ബാലക്ലാവ ധരിച്ച ഒരാളായിരുന്നു സാമിനു നേരേ ആക്രമണം നടത്തിയത്. മുഖംമൂടി വലിച്ചൂരിയെങ്കിലും അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന് പൊലീസിൽ പരാതിപ്പെട്ട സാം, വലിച്ചൂരിയ മുഖംമൂടി പൊലീസിന് കൈമാറിയിരുന്നു. 

അരുൺ കമലാസനനായിരുന്നു ഈ ആക്രമണം നടത്തിയതെന്നാണ് പൊലീസിൻറെ ആരോപണം. അരുണിൻറെ കൈവശം ഇത്തരം മുഖംമൂടി കണ്ടതായി അരുണിനൊപ്പം താമസിച്ചിരുന്ന മറ്റൊരു മലയാളിയും കോടതിയിൽ പ്രോസിക്യൂഷൻറെ ചോദ്യത്തിന് മറുപടി നൽകി. അരുൺ ഓസ്ട്രേലിയയിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ സോഫിയയെയും അരുണിനെയും വീട്ടിൽ ഒരുമിച്ച് കണ്ടതായും ഇയാൾ കോടതിയെ അറിയിച്ചു.
കൊലപാതകം നടന്നശേഷം അതിൻറെ അന്വേഷണത്തിൻറെ ഭാഗമായി പൊലീസുദ്യോഗസ്ഥർ വ്യാജ പേരുകളിൽ അരുണുമായി അടുത്തിടപഴകിയതിൻറെയും, മറ്റു കുറ്റകൃത്യങ്ങളിൽ പങ്കാളിയായതിൻറെയും വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിച്ചു. എന്നാൽ ഇതിൻറെ വിശദാംശങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. 

സാം മരണമടഞ്ഞ ദിവസം വീട്ടിൽ എത്തി തെളിവെടുപ്പ് നടത്തിയ രണ്ടു പൊലീസുകാരെയും അരുണിൻറെ അഭിഭാഷകർ ക്രോസ് വിസ്താരം നടത്തി. പോലീസ് എത്തുമ്പോൾ കിടപ്പുമുറിയിൽ തറയിൽ കിടക്കുകയായിരുന്നു മൃതദേഹം എന്നാണു പ്രോസിക്യൂഷൻ അറിയിച്ചത്. സാമിന്റെ ചുണ്ടുകൾ ചുവന്നു തടിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്തു നിന്നും ഓറഞ്ച് ജ്യൂസ് ഒഴിച്ചിരുന്ന ഒരു ഗ്ലാസും പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ചിത്രവും പോലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്.

ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി അരുണും സോഫിയയും ചേർന്ന് സാമിനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്. 

വാദം കേൾക്കാനായി അരുണിന്റെ ഭാര്യയും കോടതിയിൽ ഹാജരായിരുന്നു. കേസിനായി ഇന്ത്യയിൽ നിന്നെത്തിയതായിരുന്നു ഇവർ.  വാദം ചൊവ്വാഴ്ചയും തുടരും. 

(SBS Malayalam from Melbourne Magistrate Court)

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് ലൈക് ചെയ്യുക

 


Share

Published

Updated

By Salvi Manish


Share this with family and friends