ഇന്നൂ രാവിലെയാണ് വിക്ടോറിയ സുപ്രീം കോടതി സോഫിയ എബ്രഹാമിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.
കേസിലെ കുറ്റപത്രത്തിലെ വിശദാംശങ്ങല്‍ പൊലീസ് കോടതിയില്‍ വായിച്ച് കേള്‍പ്പിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കോടതിയില്‍ ഹാജരായിരുന്ന സോഫിയ അതു കേട്ടത്.
സോഫിയയും, സുഹൃത്തായ 'എ കെ'യും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞ പൊലീസ്, കൊലപാതകത്തിന്റെ മറ്റു വിശദാംശങ്ങളും വ്യക്തമാക്കി.
അരുണ്‍ കമലാസനന്‍ എന്ന സോഫിയയുടെ സുഹൃത്തിനെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണ് എ കെ എന്ന് പൊലീസ് ഇന്ന് കോടതിയില്‍ പരാമര്‍ശിച്ച കൂട്ടു പ്രതി.
സംഭവത്തെക്കുറിച്ച് പൊലീസ് കോടതിയില്‍ പറഞ്ഞത് ഇങ്ങനെ:
എ കെയുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയതില്‍ നിന്നാണ് പൊലീസിന് പ്രധാന വിവരം ലഭിച്ചത്. സംഭവദിവസം രാത്രിയോടെ സാമിന്റെയും സോഫിയയുടെയും വീട്ടിലേക്ക് ഒളിച്ചു പ്രവേശിച്ച എ കെ, അവര്‍ കുടിക്കുന്ന ജ്യൂസില്‍ ഉറക്കമരുന്ന് കലര്‍ത്തി.
തുടര്‍ന്ന് എല്ലാവരും ഉറക്കമാകുന്നതു വരെ എ കെ കാത്തിരുന്നു. ഉറക്കം തുടങ്ങിയപ്പോള്‍ സാമിന്റെ തല ബലമായി പിടിച്ച് സയനൈഡ് കലര്‍ത്തിയ ഓറഞ്ച് ജ്യൂസ് വായിലേക്ക് ഒഴിച്ചുകൊടുത്തു എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ നിന്ന് പൊലിസ് മനസിാക്കിയത്.
ഭര്‍ത്താവിനെ കൊല്ലണമന്ന് സോഫിയ ആവശ്യപ്പെട്ടിരുന്നില്ല എന്നും എ കെ പറഞ്ഞിട്ടുണ്ട്.
സാമിന്റെയും സോഫിയയുടെയും മകന്റെ മൊഴിയും പൊലീസ് കോടതിയില്‍ അറിയിച്ചു. സംഭവം നടന്ന ദിവസം, 'എ കെ' വീട്ടില്‍ വന്നിരുന്നതായും, ചോക്കളേറ്റുകള്‍ നല്‍കിയതായും സോഫി പറഞ്ഞുവെന്ന് മകന്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, രാത്രി താന്‍ ഉറക്കമായിരുന്നുവെന്നും, രാവിലെ ഉണര്‍ന്നു വിളിച്ചപ്പോള്‍ സാമിന് അനക്കമില്ലായിരുന്നു എന്നുമാണ് സോഫിയ നല്‍കിയിരിക്കുന്ന മൊഴി.
ഇന്ത്യയില്‍ വച്ചു തന്നെ സോഫിയയ്ക്കും അരുണിനും പരസ്പരം അറിയാമായിരുന്നു എന്നും, സംഭവത്തിനു മുമ്പ് ഇരുവരും ഇന്ത്യയില്‍ സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ഈ കേസിലെ വിചാരണ വളരെയധികം നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് സോഫിയയുടെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. ദുര്‍ബലമായ കേസാണിതെന്നും അവര്‍ വാദിച്ചു.
എന്നാല്‍ കേസും തെളിവുകളും അത്ര ദുര്‍ബലമല്ല എന്ന് നിരീക്ഷിച്ച കോടതി, ജാമ്യം നിഷേധിക്കുകയായിരുന്നുവെന്ന് കോടതിയിലുണ്ടായിരുന്ന ദ ഏജ് ദിനപ്ത്രം റിപ്പോര്‍ട്ടര്‍ ജെയ്ന്‍ ലീ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
കടപ്പാട്: ജെയ്ൻ ലീ, ദ ഏജ്