കേരള ചെമ്മീൻ കറി ഒരുക്കി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; ദീപാവലി വിരുന്നിൽ ഇന്ത്യൻ രുചിക്കൂട്ടുമായി സ്‌കോട്ട് മോറിസൺ

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന് ദീപാവലി ആശംസകൾ നേർന്ന പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, കേരള ചെമ്മീൻ കറി സ്വയം പാചകം ചെയ്ത് ദീപാവലി ആഘോഷിച്ചു.

Kerala cooking by PM

Source: Facebook/Scott Morrison

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന് വീഡിയോ സന്ദേശത്തിലൂടെയും, പ്രസ്താവനയിലൂടെയും പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ദീപാവലി ആശംസകൾ നേർന്നിരുന്നു.

ഇരുട്ടിന് മേൽ വെളിച്ചം വിജയം കൈവരിക്കുന്നതിന്റെ ആഘോഷമായ ദീപാവലി, ഇരുൾ നിറഞ്ഞ ജീവിതങ്ങളിൽ വെളിച്ചം പകരട്ടെ എന്നാശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ദീപാവലി സന്ദേശം നൽകിയത്. ഹിന്ദിയിലാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. 

ഇതിന് പിന്നാലെയാണ് വാരാന്ത്യത്തിൽ വീട്ടിലെത്തിയ അതിഥികൾക്ക് കേരളീയ രീതിയിൽ ചെമ്മീൻ കറി പാചകം ചെയ്തത്.
കേരള ചെമ്മീൻ കറിയും, കോക്കനട്ട് ചിക്കൻ കറിയും, പൊട്ടറ്റോ സാഗുമാണ് തന്റെ വീട്ടിൽ വിരുന്നു വന്ന സുഹൃത്തുക്കൾക്കായി പ്രധാനമന്ത്രി തീൻ മേശയിൽ വിളമ്പിയത്.

'ഒരു സ്പെഷ്യൽ ഡിന്നർ നൈറ്റ്' ആണിതെന്ന് കുറിച്ചുകൊണ്ടാണ് മോറിസൺ തന്റെ പാചകത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഒപ്പം, എല്ലവർക്കും അദ്ദേഹം ദീപാവലി ആശംസകളും നേർന്നു.

കേരള വിഭവം സ്വയം പാചകം ചെയ്തതിന്റെ ചിത്രം മോറിസൺ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തതോടെ നിരവധി മലയാളികളാണ് പ്രധാനമന്ത്രിക്ക് കമന്റിലൂടെ നന്ദി അറിയിച്ചത്.

അടുത്ത ഇന്ത്യാ സന്ദർശനത്തിൽ കേരളം സന്ദർശിക്കണമെന്നും, കേരളത്തിന്റെ മറ്റ് വിഭവങ്ങളും പരീക്ഷിക്കണമെന്നുമൊക്കെയാണ് മലയാളികൾ പ്രതികരിച്ചത്.

പാചകത്തോട് താത്പര്യം പുലർത്തുന്ന മോറിസൺ, വിവിധ ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിഭവങ്ങൾ സ്വയം പാചകം ചെയ്ത്, കുടുംബത്തിന് വിളമ്പുന്നതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ സ്ഥിരം പോസ്റ്റ് ചെയ്യാറുണ്ട്.

എന്നാൽ, ഇതാദ്യമായാണ് ഒരു കേരളീയ വിഭവം സ്വയം പാചകം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുന്നത്.

Share
Published 7 November 2021 9:41am
Updated 21 September 2022 2:37pm
By Salvi Manish

Share this with family and friends