ഓസ്ട്രേലിയയിലെ ജൈവ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി ഭക്ഷണസാധനങ്ങളും, ചെടികളുടെയും മരങ്ങളുടെയോ ഭാഗങ്ങളും, മത്സ്യ-മാംസാദികളുമൊക്കെ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. ഈ നിയമം ലംഘിച്ചാൽ ഉടൻ തന്നെ വിസ റദ്ദാക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഭേദഗതി.
വിവിധ സന്ദർശക വിസകളിലുള്ളവർക്കാണ് ഈ നിയമം ബാധകം. ഇതോടൊപ്പം, ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിട്ടുള്ള വസ്തുക്കൾ (objectionable goods) കൊണ്ടുവരുന്ന ഏതു താൽക്കാലിക വിസയിലുള്ളവർക്കും പുതിയ ഭേദഗതി ബാധകമാകും.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ, മയക്കുമരുന്ന്, അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വസ്തുക്കൾ, ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന വസ്തുക്കൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഗണത്തിൽ വരും.
മാത്രമല്ല വിസ റദ്ദാക്കപ്പെട്ടവർക്ക് അടുത്ത മൂന്ന് വർഷത്തേക്ക് രാജ്യം സന്ദർശിക്കുന്നതിൽ
വിലക്കേർപ്പെടുത്താനും അധികൃതർക്ക് ഈ നിയമം അനുവാദം നൽകുന്നുണ്ട്.
1994 ലെ മൈഗ്രെഷൻ റെഗുലേഷൻസ് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.
നിയമത്തിലെ മാറ്റങ്ങൾ
ഇതുവരെയുള്ള നിയമപ്രകാരം, കൊണ്ടുവരുന്ന വസ്തുക്കളെക്കുറിച്ച് ഇൻകമിംഗ് പാസഞ്ചർ കാർഡിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ മാത്രമേ വിസ റദ്ദാക്കാൻ കഴിയുമായിരുന്നുള്ളൂ. അല്ലെങ്കിൽ കൊണ്ടുവരുന്ന വസ്തുക്കൾ ഓസ്ട്രേലിയയിലുള്ളവരുടെ സുരക്ഷയെയോ, ആരോഗ്യത്തെയോ ഒക്കെ ബാധിക്കുന്ന തരത്തിലുള്ളതാണെങ്കിലും വിസ റദ്ദാക്കാൻ കഴിയുമായിരുന്നു.
മറിച്ച്, കൊണ്ടുവരാൻ അനുവദനീയമല്ലാത്ത സാധനങ്ങൾ കൊണ്ടുവന്നു എന്ന പേരിൽ മാത്രം ഒരാളുടെ വിസ റദ്ദാക്കാൻ ഇപ്പോൾ നിയമമില്ല. പാസഞ്ചർ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യത്തെക്കുറിച്ച് വിമാനത്താവളത്തിലെ ബയോസെക്യൂരിറ്റി ഉദ്യോഗസ്ഥനോട് കള്ളം പറഞ്ഞാലും വിസ റദ്ദാക്കാൻ കഴിയില്ല. ദുരുപയോഗം ചെയ്യാൻ കഴിയുന്ന ഒരു വ്യവസ്ഥയായിരുന്നു ഇത്.
ഉദാഹരണത്തിന്, പാസഞ്ചർ കാർഡിലെ “meat, poultry, fish, seafood, eggs, dairy, fruit and vegetables” എന്ന കോളത്തിൽ ടിക്ക് ചെയ്യുന്ന ഒരാളോട്, വിമാനത്താവളത്തിലെ ബയോ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ അതേക്കുറിച്ച് ചോദിക്കുമ്പോൾ പഴവും പച്ചക്കറികളും മാത്രമാണ് ബാഗിലുള്ളതെന്ന് പറയാം.
പക്ഷേ, പരിശോധനയിൽ അയാളുടെ ബാഗിൽ നിന്ന് ഇറച്ചിയോ മീനോ കണ്ടെത്തിയാൽ പോലും അത് വിസ റദ്ദാക്കാനുള്ള കാരണമാകില്ല.
മറിച്ച് ഇയാളിൽ നിന്ന് പിഴയീടാക്കാൻ മാത്രമേ വ്യവസ്ഥയുള്ളൂ. ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിപ്പോകും മുമ്പ് ഈ പിഴ അടച്ചില്ലെങ്കിൽ പോലും പിന്നീട് വിസ കിട്ടുന്നതിന് തടസ്സവുമില്ല. നിയമത്തിലെ ഈ പാളിച്ച ഒഴിവാക്കുന്നതിനാണ് പുതിയ ഭേദഗതി.
അനുവദനീയമല്ലാത്ത വസ്തുക്കൾ കൊണ്ടുവരുന്ന ഏതു സാഹചര്യത്തിലും ഒരാളുടെ വിസ റദ്ദാക്കാൻ വിമാനത്താവള ഉദ്യോഗസ്ഥന് ഇനി അധികാരമുണ്ടാകം.

Source: ABF
എന്തൊക്കെ കൊണ്ടുവരാം :
ഭക്ഷണപദാർത്ഥങ്ങൾ
ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുന്ന എല്ലാ ഭക്ഷണ സാധനങ്ങളും ഡിക്ലയർ ചെയ്യേണ്ടതാണ്. കാപ്പിപൊടി, ബിസ്കറ്റ്, റൊട്ടി, കേക്ക്, ചോക്ലേറ്റ്, മേപ്പിൾ സിറപ്, എണ്ണ എന്നിവ കൊണ്ടുവരുന്നതിൽ തടസ്സമില്ല. എന്നാൽ ചായപ്പൊടി, സുഗന്ധവ്യഞ്ജനങ്ങൾ, അച്ചാറുകൾ, അരി, കപ്പലണ്ടി, പാലുല്പന്നങ്ങൾ തുടങ്ങിയവ കൈവശമുണ്ടെങ്കിൽ ഡിക്ലയർ ചെയ്യണമെന്നത് നിർബന്ധമാണ്.
അതേസമയം വിമാനത്തിൽനിന്ന് ലഭിക്കുന്ന ഭക്ഷണസാധങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവാദമില്ല.
മരുന്നുകൾ
സ്വന്തം ആവശ്യങ്ങൾക്കുള്ള മരുന്നുകൾ കൊണ്ടുവരുന്നതിൽ നിയന്ത്രങ്ങളില്ല. എന്നാൽ ഇവ ചികിത്സയുടെ ഭാഗമായിട്ടാണെന്ന് കാണിക്കുന്ന ഡോക്ടറുടെ കുറിപ്പ് ആവശ്യമാണ്. ഇവയും ഡിക്ലയർ ചെയ്യേണ്ടതാണ്. എന്നാൽ സ്റ്റീറോയ്ഡ് മരുന്നുകൾ കൊണ്ടുവരാൻ അനുവാദമില്ല.

ചെടികളും വിത്തുകളും
കാർഷിക വകുപ്പിന്റെ പ്രത്യേക അനുമതിയോടെയല്ലാതെ ചെടികളും പൂക്കളും രാജ്യത്തേക്ക് കൊണ്ടുവരാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ വിത്തുകൾ കൊണ്ടുവരുന്നവർ അത് ഡിക്ലയർ ചെയ്യേണ്ടതാണ്.
ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങൾ
ഡ്യൂട്ടി ഫ്രീ ഉല്പന്നങ്ങളായ മദ്യവും, സിഗരറ്റും മറ്റും ഇവിടേക്ക് കൊണ്ടുവരുന്നവർ അവ ഡിക്ലയർ ചെയ്യേണ്ടതാണ്
വിലക്കപ്പെട്ട വസ്തുക്കൾ
കൂടാതെ ജീവനുള്ള മൃഗങ്ങൾ, ആയുധങ്ങൾ, കരിമരുന്നുകൾ, വ്യാജ DVD കൾ തുടങ്ങി നിരവധി സാധനങ്ങൾക്ക് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പഴവർഗ്ഗങ്ങൾ, പൂക്കൾ, ഉണങ്ങിയ പഴവർഗ്ഗങ്ങൾ, കപ്പലണ്ടി, ഇന്ത്യൻ മധുര പലഹാരങ്ങളായ ബർഫി, രസ മലായ്, രസഗുള, പേട എന്നിവ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലതെന്ന് ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് നിർദ്ദേശിക്കുന്നു.

ഡിക്ലയര്‍ ചെയ്യുക
വിമാനത്തിൽ വച്ച് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ബാഗിലുള്ള എന്തെങ്കിലും വസ്തുക്കള്‍ പ്രശ്‌നമുണ്ടാക്കുമോ എന്ന് നേരിയ സംശയമുണ്ടെങ്കില്‍ പോലും അക്കാര്യം ഡിക്ലയര്‍ ചെയ്യുക.
ഡിക്ലയർ ചെയ്യാത്ത വസ്തുക്കൾ വീണ്ടും സ്‌കാനിങ് നടത്തുകയോ നായ്ക്കളെക്കൊണ്ട് മണപ്പിക്കുകയോ ചെയ്യും.
തെറ്റായ വിവരമാണ് ഡിക്ലറേഷൻ ഫോമിൽ നല്കിയിരിക്കുന്നതെങ്കിൽ വിമാനത്താവളത്തിൽ വച്ച് തന്നെ നിങ്ങളുടെ വിസ റദ്ദാക്കുകയോ കാലാവധി വെട്ടിക്കുറയ്ക്കുകയോ ചെയ്തേക്കാം.
മാത്രമല്ല, കടുത്ത ശിക്ഷ ലഭിക്കാനും ഇത് കാരണമായേക്കും. ഇത്തരം വസ്തുക്കള്‍ കൊണ്ടുവരുന്നതിന് 420 ഡോളര്‍ മുതൽ ലക്ഷക്കണക്കിന് ഡോളര്‍ വരെ പിഴ ലഭിക്കാം.
ഇതിന് പുറമെ, പത്തു വര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാവുന്ന കുറ്റവുമാണിത്.
അതിനാൽ ഓസ്‌ട്രേലിയയിലേക്ക് പോകാൻ ബാഗ് പാക്ക് ചെയ്യുമ്പോൾ തന്നെ പരിശോധിക്കാവുന്നതാണ്.