2008 മുതൽ കാനഡയിൽ രജിസ്ട്രേഡ് പ്രാക്ടിക്കൽ നഴ്സായി ജോലി ചെയ്തിരുന്ന മലയാളി യുവതിയുടെ അപേക്ഷയാണ് ഓസ്ട്രേലിയൻ നഴ്സിംഗ് ആന്റ് മിഡ്വൈഫറി ബോർഡ് തള്ളിയത്.
ബോർഡിന്റെ തീരുമാനം വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ശരിവച്ചു.
ഇന്ത്യയിൽ നിന്ന് നേടിയ നഴ്സിംഗ് ആന്റ് മിഡ്വൈഫറി ഡിപ്ലോമ ഓസ്ട്രേലിയയിൽ എൻറോൾഡ് നഴ്സായി രജിസ്ട്രേഷൻ ലഭിക്കാൻ മതിയായ യോഗ്യതയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്.
ഇംഗ്ലീഷ് പ്രാവീണ്യം
ബംഗളുരുവിലെ ഓക്സ്ഫോർഡ് സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്ന് ഡിപ്ലോമ ഇൻ നഴ്സിംഗ് ആന്റ് മിഡ്വൈഫറി യോഗ്യത നേടിയ മലയാളി യുവതിയാണ് ഓസ്ട്രേലിയയിൽ എൻറോൾഡ് നഴ്സിംഗ് രജിസ്ട്രേഷനായി അപേക്ഷ നൽകിയിരുന്നത്.
പഠനത്തിനു ശേഷം കർണാടക നഴ്സിംഗ് കൗൺസിലിൽ രജിസ്ട്രേഡ് നഴ്സായി രജിസ്റ്റർ ചെയ്ത യുവതി, തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ രജിസ്ട്രേഡ് നഴ്സായി ജോലി ചെയ്തിരുന്നു.

Nurses in hospital Source: GettyImages/Jetta Productions Inc.
2008ൽ കാനഡയിൽ രജിസട്രേഷൻ പരീക്ഷ പാസായ ഈ യുവതി, അതു മുതൽ രജിസ്ട്രേഡ് പ്രാക്ടിക്കൽ നഴ്സായി പ്രവർത്തിക്കുകയാണ്.
2019ലാണ് ഇവർ ഓസ്ട്രേലിയയിൽ എൻറോൾഡ് നഴ്സാകാൻ അപേക്ഷ നൽകിയത്.
രജിസ്ട്രേഷൻ ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതകളിലൊന്ന് IELTS പരീക്ഷയിൽ എല്ലാ ഘടകങ്ങളിലും 7.0 സ്കോർ വേണമെന്നായിരുന്നു.
7.5 ഓവറോൾ സ്കോർ ലഭിച്ചെങ്കിലും, ഒരു ഘടകത്തിന് മാത്രം ഇവരുടെ സ്കോർ 6.0 ആയിരുന്നു
വീണ്ടും IELTS എഴുതിയെങ്കിലും സ്കോർ മെച്ചപ്പെടുത്താനായില്ല.
തുടർന്നാണ്, കാനഡയിലെ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ ഇളവു നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടത്.
കാനഡയിൽ പത്തു വർഷം നഴ്സായി ജോലി ചെയ്തത് ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ തെളിവാണെന്നും, ഓസ്ട്രേലിയൻ കുടിയേറ്റത്തിന് അപേക്ഷിക്കുന്ന കാനഡക്കാർക്ക് ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കേണ്ട ആവശ്യമില്ലെന്നും ഇവർ വാദിച്ചു.
എന്നാൽ, “അംഗീകൃത രാജ്യത്തിൽ” കുറഞ്ഞത് അഞ്ചു വർഷമെങ്കിലും ഇംഗ്ലീഷ് പ്രാഥമിക ഭാഷയായി പഠിച്ചവർക്കു മാത്രമേ ഇത്തരത്തിൽ ഇളവു നൽകാൻ കഴിയൂ എന്ന് നഴ്സിംഗ് ആന്റ് മിഡ്വൈഫറി ബോർഡ് വ്യക്തമാക്കി.
ഇന്ത്യ ഇത്തരത്തിലുള്ള അംഗീകൃത രാജ്യമല്ല.
ഈ സാഹചര്യത്തിൽ, ഇന്ത്യയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അപേക്ഷകയ്ക്ക് IELTSൽ എല്ലാ ഘടകങ്ങളിലും 7.0 സ്കോർ ഉണ്ടെങ്കിൽ മാത്രമേ നഴ്സിംഗ് രജിസ്ട്രേഷനുള്ള ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാൻ കഴിയൂ എന്നും ബോർഡ് ചൂണ്ടിക്കാട്ടി.
നഴ്സിംഗ് ആന്റ് മിഡ്വൈഫറി ബോർഡിന്റെ ഈ കണ്ടെത്തൽ ശരിവയ്ക്കുകയാണ് ട്രൈബ്യൂണലും ചെയ്തത്.
ഇന്ത്യൻ ഡിപ്ലോമ
ബംഗളുരുവിലെ സ്ഥാപനത്തിൽ നിന്ന് അപേക്ഷക നേടിയ നഴ്സിംഗ് ഡിപ്ലോമ, ഓസ്ട്രേലിയയിൽ എൻറോൾഡ് നഴ്സായി രജിസ്റ്റർ ചെയ്യാൻ വേണ്ട യോഗ്യത നൽകുന്നില്ലെന്നും ബോർഡ് മറുപടി നൽകി.
ഓസ്ട്രേലിയയിൽ എൻറോൾഡ് നഴ്സും രജിസ്ട്രേഡ് നഴ്സും തമ്മിൽ വ്യത്യാസമുണ്ടെന്നും, രണ്ടിനും ആവശ്യമായ പ്രാവീണ്യവും യോഗ്യതകളും വ്യത്യസ്തമാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
എൻറോൾഡ് നഴ്സിന് തത്തുല്യമായ ജോലി ഇന്ത്യയിലില്ല.
അതിനാൽ, ഇന്ത്യയിൽ രജിസ്ട്രേഡ് നഴ്സാകാൻ നേടുന്ന യോഗ്യത ഓസ്ട്രേലിയയിൽ എൻറോൾഡ് നഴ്സാകാൻ പര്യാപ്തമാണെന്ന് കണക്കാക്കാൻ കഴിയില്ലെന്നും ബോർഡ് വ്യക്തമാക്കി.
അപേക്ഷക പഠനം പൂർത്തിയാക്കിയ സമയത്ത് ആ കോഴ്സിന് നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) അംഗീകാരം ഇല്ലായിരുന്നു എന്നതും കൂടി കണക്കിലെടുത്താണ്, എൻറോൾഡ് നഴ്സാകാനുള്ള യുവതിയുടെ അപേക്ഷ തള്ളിയത്.