ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ വെള്ളയാഴ്ച പ്രാർത്ഥനക്കായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് അക്രമി വെടിയുതിർത്തത്.
കഴിഞ്ഞ മാർച്ചിൽ നടന്ന സംഭവത്തിൽ ഒരു മലയാളി ഉൾപ്പെടെ 51 പേർ കൊല്ലപ്പെട്ടിരുന്നു.
കൊടുങ്ങല്ലൂർ സ്വദേശി അൻസി അലിബാവയാണ് അക്രമത്തിൽ കൊല്ലപ്പെട്ട മലയാളി.
ഓസ്‌ട്രേലിയക്കാരനായ അക്രമി ബ്രെണ്ടൻ ടറന്റിന് പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു.
ഇതാദ്യമായാണ് ന്യൂസിലാന്റിൽ ഇത്തരത്തിലൊരു വിധി.
സംഭവത്തിൽ ഓസ്‌ട്രേലിയക്കാരനായ അക്രമി കുറ്റം സമ്മതിച്ചിരുന്നു. ഇതേതുടർന്ന് തിങ്കളാഴ്ച മുതൽ ശിക്ഷാവിധിയെക്കുറിച്ചുള്ള വാദം കേൾക്കൽ നടന്നിരുന്നു.
കുറ്റത്തിന്റെ കാഠിന്യം കണക്കിലെടുത്താൽ ഒരു നിശ്ചിത കാലയളവിലേക്ക് നൽകുന്ന ശിക്ഷ മതിയാവില്ലെന്നും, നിങ്ങൾ ഒരു കൊലപാതകി മാത്രമല്ല ഒരു ഭീകരവാദികൂടിയാണെന്നും പരാമർശിച്ചുകൊണ്ടാണ് ജഡ്ജി ശിക്ഷ വിധിച്ചത്.
തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങൾക്കും അക്രമി ആദ്യം കുറ്റം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. 51 പേരെ കൊന്നു, 40 പേരെ കൊല്ലാൻ ശ്രമിച്ചു, ഭീകര പ്രവർത്തനം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾ സമ്മതിച്ചത്.
ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്തുകൊണ്ടാണ് അക്രമി വെടിവയ്പ്പ് നടത്തിയത്.