വ്യാഴാഴ്ച രാവിലെയുണ്ടായ കാറപകടത്തിലാണ് ലോട്സി ജോസും (35) ആറു വയസുള്ള മകൾ കേറ്റ്ലിൻ ഔസേപ്പ് ബിപിനും മരിച്ചത്.
NSWലെ ഓറഞ്ചിൽ നിന്ന് ബ്രിസ്ബൈനിലേക്കുള്ള യാത്രയ്ക്കിടെ, അവർ സഞ്ചരിച്ചിരുന്ന ടൊയോട്ട SUV ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റ രണ്ടു ആൺകുട്ടികളെയും ഭർത്താവ് ബിപിനെയും ബ്രിസ്ബൈനിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ട് കുട്ടികളുടെയും നിലയിൽ നേരിയ പുരോഗതി ഉണ്ടായി എന്ന് ക്വീൻസ്ലാന്റ് ചിൽഡ്രൻസ് ആശുപത്രി അധികൃതർ എസ് ബി എസ് മലയാളത്തെ അറിയിച്ചു.
എട്ടു വയസുള്ള മൂത്ത കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിലാണെങ്കിലും “സ്റ്റേബിൾ” ആണെന്ന് ആശുപത്രി വ്യക്തമാക്കി. മൂന്നു വയസുള്ള ആൺകുട്ടിയും സ്റ്റേബിൾ അവസ്ഥയിൽ തുടരുകയാണ്.
കൈത്താങ്ങായി മലയാളി സമൂഹം
ബിപിന്റെയും ലോട്സിയുടെയും ബന്ധുവായ മാർട്ടിൻ മാത്യുവാണ് ഗോ ഫണ്ട് മീ പേജ് വഴി കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം തുടങ്ങിയത്.
“ഒന്നിലേറെ സുഹൃത്തുക്കൾ കുടുംബത്തെ സഹായിക്കാനായി പണം സ്വരൂപിക്കുന്ന കാര്യം പറഞ്ഞിരുന്നു. അതിനാലാണ് എല്ലാവരും ചേർന്ന് ഒറ്റ ഓൺലൈൻ ഫണ്ട് റൈസിംഗ് ആക്കാമെന്ന് തീരുമാനിച്ചത്,” മാർട്ടിൻ മാത്യു പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ ധനസമാഹരണം രണ്ടു മണിക്കൂർ കൊണ്ട് ഒരു ലക്ഷം ഡോളർ സ്വരൂപിച്ചു.
ശനിയാഴ്ച പുലർച്ചെ വരെയുള്ള 12 മണിക്കൂർ കൊണ്ട് മൂന്നേകാൽ ലക്ഷം ഡോളറാണ് കുടുംബത്തിനായി സ്വരൂപിക്കാൻ കഴിഞ്ഞത്.
3,500ഓളം പേരാണ് 12 മണിക്കൂറിനുള്ളിൽ തന്നെ ഇതിലേക്ക് സഹായമായി നൽകിയത്. ആയിരം ഡോളറിനു മുകളിൽ നൽകിയ നിരവധി പേരുണ്ട്.
ഇപ്പോഴും ഒട്ടേറെ പേരാണ് ഫണ്ട് നൽകാനായി മുന്നോട്ടുവരുന്നത്.മൂന്നു ലക്ഷം ഡോളറാണ് ധനസമാഹരണത്തിന്റെ പരിധിയായി നിശ്ചയിച്ചിരുന്നതെന്ന് മാർട്ടിൻ മാത്യു പറഞ്ഞു.
Source: Screenshot/gofundme
ലോട്സിയുടെയും മകളുടെയും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനും, മറ്റു കുടുംബാംഗങ്ങളുടെ ഭാവി ജീവിതത്തിനും സഹായകരമാകുന്നതിനു വേണ്ടിയാണ് ഈ പണം ഉപയോഗിക്കുക എന്നും അദ്ദേഹം അറിയിച്ചു.
“ലോട്സിക്ക് മാത്രമാണ് ജോലിയുണ്ടായിരുന്നത്. ബിപിൻ ജോലി തേടിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. ഇനി മുന്നോട്ടുപോകണമെങ്കിൽ ബിപിനും മക്കൾക്കും ഒരുപാട് സഹായം വേണ്ടിവരും”- മാർട്ടിൻ മാത്യു പറഞ്ഞു.
അടുത്ത രണ്ടു വർഷത്തേക്കെങ്കിലും കുടുംബത്തെ സഹായിക്കാൻ ഈ ഫണ്ട് പ്രയോജനപ്പെടും എന്ന പ്രതീക്ഷയിലാണ് മാർട്ടിൻ.
അമ്മ ജോലി ചെയ്യേണ്ട വാർഡ്; ജീവനായി പോരാടി മകൻ
ക്വീൻസ്ലാന്റ് ചിൽഡ്രൻസ് ആശുപത്രിയിലെ പീഡിയാട്രിക് ICUവിൽ ലോട്സിക്ക് നഴ്സായി ജോലി ഓഫർ കിട്ടിയിരുന്നു.
ബ്രിസ്ബൈനിൽ എത്തിയ ശേഷം ഒരു സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പ്രവേശിക്കാൻ തീരുമാനിച്ചിരുന്ന ലോട്സി, അടുത്ത മാസം അവസാനം ക്വീൻസ്ലാന്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറാനായിരുന്നു തീരുമാനം. ലോട്സി ജോലിക്ക് പ്രവേശിക്കാൻ തീരുമാനിച്ചിരുന്ന അതേ വാർഡിലാണ് മൂത്ത മകൻ ഇപ്പോഴുള്ളതെന്ന് മാർട്ടിൻ മാത്യു ചൂണ്ടിക്കാട്ടി.
നാലു മാസം മുമ്പ് മാത്രമാണ് ബിപിനും മക്കളും ഓസ്ട്രേലിയയിലേക്ക് എത്തിയത്.
യാത്രക്കായി പ്രത്യേക ഇളവും, നിർബന്ധിത ഹോട്ടൽ ക്വാറന്റൈനും എല്ലാം കഴിഞ്ഞാണ് കുടുംബം ഒരുമിച്ച് ചേർന്നത്.
അതിനായി കടുത്ത സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ഇതെല്ലാം വീട്ടാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു ലോട്സിക്ക് പുതിയ ജോലി ലഭിച്ചപ്പോൾ.
പക്ഷേ ഈ സ്വപ്നങ്ങളെല്ലാം തകർത്തുകൊണ്ടായിരുന്നു ഗോർ ഹൈവേയിലെ അപകടം.