സയനൈഡ് കൊലക്കേസ്: സാം എബ്രഹാം ആത്മഹത്യ ചെയ്തതെന്ന് പ്രതി അരുൺ കമലാസനൻ

മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സോഫിയ സാമിന്റെയും, കാമുകൻ അരുൺ കമലാസനന്റെയും അപ്പീലുകൾ സുപ്രീം കോടതി വിധി പറയാൻ മാറ്റി. സാം എബ്രഹാം ആത്മഹത്യ ചെയ്തതാണ് എന്നാണ് അരുൺ കമലാസനൻ വാദിച്ചത്.

cyanide murder case

Sam Abraham (left) with Sofia Sam and Arun Kamalasanan (right) Source: Supplied

മെൽബൺ സാം എബ്രഹാം വധക്കേസിൽ  അരുൺ കമലാസനനെ 27 വർഷത്തേക്കും, സാമിന്റെ ഭാര്യ സോഫിയ സാമിനെ 22 വർഷത്തേക്കുമാണ് . അരുണിന് 23 വർഷവും സോഫിയയ്ക്ക് 18 വർഷവും കഴിഞ്ഞു മാത്രമേ പരോളിന് അർഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു. 

കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടപടിക്കെതിരെയും ശിക്ഷാ വിധിക്കെതിരെയും അരുൺ കമലാസനൻ അപ്പീൽ നൽകിയിരുന്നു. കുറ്റക്കാരിയെന്ന് കണ്ടെത്തിയ നടപടിയെ ചോദ്യം ചെയ്താണ് സോഫിയ അപ്പീൽ നൽകിയത്. 

സുപ്രീം കോടതി മൂന്നംഗ ബഞ്ച് അപ്പീൽ പരിഗണിച്ചപ്പോൾ ആദ്യം നേരിട്ട് ഹാജരായാണ് അരുൺ കമലാസനൻ വാദിച്ചത്. കേസിന്റെ വിചാരണഘട്ടത്തിലെ വാദത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ വാദങ്ങളാണ് അരുൺ ഇത്തവണ മുന്നോട്ടുവച്ചത്.
Sofia Sam (left) Arun Kamalasanan (right)
Sofia Sam (left) Arun Kamalasanan (right) entering a prison transfer van after appearing in the Court of Appeal in Melbourne on Thursday, June 21, 2018. Source: AAP
താൻ സാം എബ്രഹാമിനെ കൊന്നിട്ടില്ല എന്നും, സാം ആത്മഹത്യ ചെയ്തതാണ് എന്നുമായിരുന്നു അരുൺ കമലാസനന്റെ പ്രധാന വാദം. 

രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുൺ കമലാസനൻ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങൾ നേരത്തേ വിചാരണസമയത്ത് ജൂറി പരിശോധിച്ചിരുന്നു. സയനൈഡ് കൊടുത്താണ് സാമിനെ കൊലപ്പെടുത്തിയതെന്ന് അരുൺ പറയുന്ന ഈ ദൃശ്യങ്ങളായിരുന്നു കേസിലെ പ്രധാന തെളിവും.
ഇക്കാര്യം അപ്പീൽ കേട്ട ബഞ്ച് ചൂണ്ടിക്കാട്ടിയപ്പോൾ, സാമ്പത്തിക ലാഭത്തിനു വേണ്ടി നടത്തിയ വ്യാജ കുറ്റസമ്മതം മാത്രമായിരുന്നു അതെന്നാണ് അരുൺ കമലാസനൻ മറുപടി നൽകിയത്. 

സാം എബ്രഹാം തന്നെയാണ് ഇന്ത്യയിൽ നിന്ന് സയനൈഡ് വാങ്ങിക്കൊണ്ടുവന്നതെന്നും, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന കാര്യം സാ തന്നോട് പറഞ്ഞിരുന്നുവെന്നും അരുൺ കമലാസനൻ വാദിച്ചു. 

കേസിലെ പ്രധാന സാക്ഷികളിലൊന്നായ ടോക്സിക്കോളജി വിദഗ്ധൻ പ്രൊഫസർ ഗുഞ്ചയുടെ മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്നും, താൻ കൊല നടത്തി എന്ന് തെളിയിക്കുന്നതിനുള്ള വിരലടയാളമോ മറ്റു തെളിവുകളോ ഇല്ല എന്നുമായിരുന്നു അരുണിന്റെ മറ്റു വാദങ്ങൾ. 

എന്നാൽ ഇതെല്ലാം വിചാരണ സമയത്ത് പരിഗണിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 



 

അരുൺ ജയിലിലും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെന്നും, അരുണിനെ ആശ്രയിച്ചുകഴിയുന്ന അച്ഛനമ്മമാരും ഭാര്യയും കുട്ടിയും ഇന്ത്യയിലുണ്ടെന്നും അഭിഭാഷകയും വാദിച്ചു. സോഫിയ സാമിന് അഞ്ചു വർഷം കുറഞ്ഞ ശിക്ഷയാണ് ലഭിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.

സംയുക്ത വിചാരണ തെറ്റെന്ന് സോഫിയ

ജയിൽശിക്ഷയെ  ചോദ്യം ചെയ്യാതെ, കുറ്റക്കാരി എന്നു കണ്ടെത്തിയ ജൂറി നടപടിയെ മാത്രം ചോദ്യം ചെയ്താണ് സോഫിയ സാം അപ്പീൽ നൽകിയത്. 

ഇരു പ്രതികളുടെയും വിചാരണ ഒരുമിച്ച് നടത്തിയതാണ് സോഫിയയെയും ജൂറി കുറ്റക്കാരിയായി വിധിക്കാൻ കാരണമായതെന്ന് സോഫിയയുടെ അഭിഭാഷകൻ വാദിച്ചു. 

അരുണിന്റെ മോഴികൾ സോഫിയയ്ക്കെതിരെയുള്ള തെളിവാകരുത് എന്ന് വിചാരണക്കോടതിയിലെ ജഡ്ജി വ്യക്തമായി നിർദ്ദേശിച്ചിരുന്നെങ്കിലും, അത് പ്രാവർത്തികമായില്ല. അരുണിനെ മാറ്റി നിർത്തി സോഫിയയെക്കുറിച്ച് മാത്രം പരിശോധിച്ചാൽ തെളിവുകൾ ഒന്നും ഇല്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 

സാഹചര്യത്തെളിവുകൾ മാത്രമാണ് സോഫിയയ്ക്കെതിരെയുള്ളതെന്നും അദ്ദേഹം വാദിച്ചു. 

എന്നാൽ ഈ വാദങ്ങളെയെല്ലാം എതിർക്കുകയാണ് പ്രോസിക്യൂഷൻ ചെയ്തത്. 

വാദം പൂർത്തിയാക്കിയ കോടതി, തീരുമാനമെടുക്കാനായി കേസ് മാറ്റിവച്ചു. എപ്പോഴാണ് വിധി വരുക എന്ന കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല. 


ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകളും വിശേഷങ്ങളുമറിയാൻ ലൈക്ക് ചെയ്യുക


 


Share

Published

Updated

By Salvi Manish


Share this with family and friends