2015 ഒക്ടോബർ 14 നു രാവിലെയായിരുന്നു പുനലൂർ സ്വദേശിയും യു എ ഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാമിനെ (33) മെൽബണിലെ എപ്പിങ്ങിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമുള്ള മരണം എന്നാണ് എല്ലാവരും കരുതിയത്.
മെൽബണിലെ നിയമപരമായ നടപടിക്രമങ്ങൾക്കു ശേഷം സാമിന്റെ മൃതദേഹം സ്വദേശമായ കൊല്ലം പുനലൂരിൽ കൊണ്ടുപോയി അന്ത്യകർമ്മങ്ങൾ നടത്തുകയും ചെയ്തു.
എന്നാൽ സാമിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് ഇതൊരു കൊലപാതകമാണെന്ന് സ ംശയം തോന്നിയ വിക്ടോറിയ പൊലീസ് രഹസ്യമായി അന്വേഷണം നടത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്. അതിന്റെ നാൾവഴികൾ ഇങ്ങനെയാണ്.
കേസിന്റെ നാൾവഴികൾ ഇങ്ങനെ:
2016 ഓഗസ്റ്റ് 18: മരണം നടന്ന് പത്തു മാസത്തിനു ശേഷം സാമിന്റെ ഭാര്യ സോഫിയ സാമിനെയും സുഹൃത്ത് അരുൺ കമലാസനനെയും പോലീസ് അറസ്റ്റ് ചെയ്തു.
സാമിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തതോടെ മരണകാരണം സയനൈഡ് ആണെന്ന് വ്യക്തമായിരുന്നു. ഇതേതുടർന്ന് നവംബർ 25 മുതൽ പോലീസ് രഹസ്യമായി അന്വേഷണം നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2016 ഓഗസ്റ്റ് 19: സാം എബ്രഹാം വധക്കേസ് ആദ്യമായി കോടതി പരിഗണിച്ചു. മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ആണ് കേസ് പരിഗണിച്ചത്. കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവരുന്നത് ഇപ്പോഴാണ്. തെളിവുകൾ ഹാജരാക്കാൻ കോടതി ആറ് മാസം സമയം കൊടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
2017 ഫെബ്രുവരി 13: മെൽബൺ കൗണ്ടി കോടതിയിൽ കേസ് വീണ്ടും പരിഗണിച്ചു. ഭാര്യയും കാമുകനും ചേർന്ന് സാമിനെ ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ തമ്മിലുള്ള 6000 ത്തോളം ടെലിഫോൺ സംഭാഷണങ്ങൾ ലഭിച്ചതായും പോലീസ് അറിയിച്ചു. കേസ് പ്രാരംഭ വാദത്തിനായി മാറ്റി വച്ചു.
2017 മാർച്ച് 8: സോഫിയ സാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വിക്ടോറിയൻ സുപ്രീം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഉറക്കത്തിനിടെ സയനൈഡ് കലര്‍ത്തിയ ഓറഞ്ച് ജ്യൂസ് വായിലേക്ക് ഒഴിച്ച് കൊടുത്ത് സോഫിയയുടെ സുഹൃത്ത് 'AK' കൊലപാതകം നടത്തിയെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
2017 ജൂൺ 26: കേസിൽ പ്രതികൾക്കെതിരെ എന്തൊക്കെ കുറ്റം ചുമത്തി വിചാരണ ചെയ്യണം എന്നു തീരുമാനിക്കുന്നതിനുള്ള കമ്മിറ്റൽ ഹിയറിങ് അഥവാ പ്രാരംഭ വാദം മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ തുടങ്ങി. കേസിലെ നിരവധി സാക്ഷികൾ പ്രാരംഭ ക്രോസ്സ് വിസ്താരത്തിനായി ഹാജരായി.
2017 ജൂൺ 27 : സാമിന്റെ ഭാര്യ സോഫിയയും സുഹൃത്ത് അരുൺ കമലാസനനും കോടതിയിൽ കുറ്റം നിഷേധിച്ചു. കൂടുതൽ സാക്ഷികളെ ക്രോസ്സ് വിസ്താരം നടത്തി. വിചാരണനടപടികൾക്കായി കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി.
2017 ജൂൺ 28 : വിചാരണയ്ക്കുള്ള തീയതി സുപ്രീം കോടതി തീരുമാനിച്ചു.
2018 ജനുവരി 29 : പതിനാലംഗ ജൂറിക്ക് മുന്നിൽ കേസിന്റെ അന്തിമ വിചാരണ വിക്ടോറിയൻ സുപ്രീം കോടതിയിൽ ആരംഭിച്ചു. സോഫിയയും അരുണും തമ്മിലുള്ള ബന്ധത്തിന് തെളിവായി ഇരുവരുടെയും ഡയറിക്കുറിപ്പുകൾ പ്രോസിക്യൂഷൻ ജൂറിക്കു മുന്നിൽ ഹാജരാക്കി.
2018 ജനുവരി 30 : പ്രതികളായ സാമിന്റെ ഭാര്യ സോഫിയയും സുഹൃത്ത് അരുണും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് കൂടുതൽ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇരുവരും സംയുക്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയതും, മരണ ശേഷം സാമിന്റെ പേരിലുള്ള കാർ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും ജൂറി പരിശോധിച്ചു.
2018 ഫെബ്രുവരി 1 : സോഫിയയുടെ സഹോദരിയുടെയും ബന്ധുവിന്റെയും മൊഴികൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിചാരണ ഫെബ്രുവരി 15 വരെ നീണ്ടു.
2018 ഫെബ്രുവരി 15: ജൂറി വിധി പറയാൻ പിരിഞ്ഞു
2018 ഫെബ്രുവരി 21: പ്രതികളായ സോഫിയ സാമും അരുൺ കമലാസനനും കുറ്റക്കാരാണെന്ന് ജൂറി വിധിച്ചു.
2018 മാർച്ച് 21: സോഫിയയുടെ ശിക്ഷ തീരുമാനിക്കുന്നതിനുള്ള വാദം. കുട്ടിയുടെ ഭാവി കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് നൽകണമെന്ന് സോഫിയ.
2018 മെയ് 11: അരുൺ കമലാസനന്റെ ശിക്ഷയിൻമേലുള്ള വാദം. മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ഇത് കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് നൽകണമെന്ന് അരുൺ അഭ്യർത്ഥിച്ചു. രണ്ടു പ്രതികളുടെയും ശിക്ഷ ജൂൺ 21 നു വിധിക്കുമെന്ന് കോടതി അറിയിച്ചു .
2018 ജൂൺ 21: വിക്ടോറിയൻ സുപ്രീം കോടതി സോഫിയ സാമിനും അരുൺ കമലാസനനും ജയിൽ ശിക്ഷ വിധിച്ചു.